ADVERTISEMENT

കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയാനകളെ മക്കളായി വളർത്തിയെടുക്കുന്നവരാണ് തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ട ദമ്പതികളായ ബൊമ്മനും ബെല്ലിയും. ഇരുവരുടെയും ജീവിതം തന്നെ ആനകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഓസ്കർ പുരസ്കാരം നേടിയ കാർതികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഇരുവരെയും ലോകം അറിഞ്ഞതാണ്. ഇപ്പോഴിതാ, ബെല്ലിയെ തെപ്പക്കാട് ആനക്യാംപിലെ പാപ്പാനായി ഔദ്യോഗികമായി നിയമിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ ഇവർ തന്നെ.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ആന ക്യാമ്പുകളിൽ ഒന്നാണ് നീലഗിരി ജില്ലയിലെ മുതുമല കടുവാ സങ്കേതം. ഇവിടെയാണ് ബെല്ലിയും ബൊമ്മനും സേവനം അനുഷ്ഠിക്കുന്നത്. ബെല്ലിക്ക് ആനപ്പാപ്പാൻ എന്നതിനെക്കാൾ സന്തോഷമേകുന്ന തൊഴിലില്ല. കാവടി എന്നാണ് വനിതാ പാപ്പാന്മാരെ തമിഴിൽ വിളിക്കുന്നത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചാൽ ആനക്കുട്ടിക്ക് അതിജീവനമില്ലെന്ന പ്രകൃതിനിയമം തിരുത്തിയെഴുതാൻ ഈ ദമ്പതികൾക്ക് കഴിഞ്ഞു. രണ്ടുവർഷം മുൻപ് തെപ്പക്കാട് പരിശീലനകേന്ദ്രത്തിൽ ബൊമ്മി, രഘു എന്നീ ആനക്കുട്ടികളെ പരിചരിച്ചത് ബെല്ലിയും ബൊമ്മനുമായിരുന്നു.

ബെല്ലിക്ക് ആനപ്പാപ്പാനായി നിയമന ഉത്തരവു കൈമാറുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബെല്ലിയുടെ ഭർത്താവ് ബൊമ്മൻ, അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു, വനം മന്ത്രി എം.മതിവേന്തൻ, ചീഫ് സെക്രട്ടറി ശിവ്ദാസ് മീന തുടങ്ങിയവർ.
ബെല്ലിക്ക് ആനപ്പാപ്പാനായി നിയമന ഉത്തരവു കൈമാറുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബെല്ലിയുടെ ഭർത്താവ് ബൊമ്മൻ, അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു, വനം മന്ത്രി എം.മതിവേന്തൻ, ചീഫ് സെക്രട്ടറി ശിവ്ദാസ് മീന തുടങ്ങിയവർ.

ബെല്ലിയുടെയും ബൊമ്മിയുടേയും ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററിക്ക് ഓസ്കർ ലഭിച്ചതോടെ ദമ്പതികളെ കാണാൻ നിരവധിപ്പേർ എത്തിയിരുന്നു. മുതുമല തെപ്പക്കാട് ആനക്യാംപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും ആനകളെയും കണ്ടിരുന്നു. ബന്ദിപ്പൂർ കടുവാ കേന്ദ്രത്തിൽനിന്ന്‌ റോഡ് മാർഗമാണ്‌ മോദി മുതുമല കടുവാ കേന്ദ്രത്തിൽ എത്തിയത്‌. രണ്ടായിരത്തോളം പൊലീസുകാരെയാണ്‌ സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചത്‌.

wayanad-belli

തമിഴ്നാട്ടിലെ പാപ്പാന്മാരുടെയും കാവടികളുടെയും സേവനത്തെ ആദരിക്കുംവിധം എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. മുതുമല കടുവാ സങ്കേതത്തിലെയും ആനമല കടുവാ സങ്കേതത്തിലെയും 91 പേർക്കാണ് സ്നേഹസമ്മാനം ലഭിക്കുക. ഇതുകൂടാതെ കോയമ്പത്തൂരിലെ ബോലംപട്ടി ആർഎഫ്, സാദിവയലിൽ പുതിയ ആന ക്യാംപ് സ്ഥാപിക്കുന്നതിനായി എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല കടുവാ സങ്കേതത്തിലെ കോഴിക്കാമുത്തി ആന ക്യാമ്പ് മെച്ചപ്പെടുത്തുന്നതിനായി 5 കോടി രൂപയും തമിഴ്നാട് സർക്കാർ അനുവദിച്ചു.

belli-with-elephant
ആനയ്ക്കൊപ്പം ബെല്ലി

Content Highlights: Belli| Theppakadu elephant camp | Elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com