മരത്തിനു കത്തയച്ചാൽ വിവാഹം നടക്കുമെന്ന് ‘മിത്ത്’, മരപ്പൊത്തിൽ കത്തുകളുടെ കൂമ്പാരം, പോസ്റ്റ്മാനെ നിയമിച്ച് അധികൃതർ
Mail This Article
ജർമനിയിലെ യൂട്ടിനിൽ ഒരു മരമുണ്ട്. 500 വർഷത്തിലധികമാണ് ഇതിന്റെ പഴക്കം. ഡി ബ്രാട്ടിഗംഷേ എന്നാണ് ഈ മരത്തിന്റെ പേര്. വരന്റെ മരം എന്നാണ് ഈ പേരിനർഥം. വെറുമൊരു മരമല്ലിത്. നൂറിലേറെ വിവാഹങ്ങൾ ഈ മരം മൂലം നടന്നിട്ടുണ്ട്.
ഒരു കഥ പറയാം. 1890ൽ യൂട്ടിനിലെ ഒരു പെൺകുട്ടിയായ മിന്ന പ്രദേശത്തെ ഒരു ചോക്കലേറ്റ് നിർമാണത്തൊഴിലാളിയായ വിൽഹെമുമായി പ്രണയത്തിലായി. മിന്നയുടെ പിതാവിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. ഈ ബന്ധം തുടരരുതെന്ന് അദ്ദേഹം അവളെ ശക്തമായി താക്കീത് ചെയ്തു.
ഇതോടെ മിന്നയ്ക്കും വിൽഹമിനും തമ്മിൽ കാണാൻ അവസരമില്ലാതായി. അവർ ഈ മരത്തിന്റെ പൊത്തുകളിൽ പ്രണയലേഖനം വച്ച് പരസ്പരം കൈമാറി. കമിതാക്കൾക്കിടയിലെ ഒരു രഹസ്യ പോസ്റ്റ്‌ബോക്‌സ് ആയി ഈ മരം മാറി.
തൊട്ടടുത്ത വർഷം മിന്നയുടെയും വിൽഹമിന്റെയും വിവാഹം മിന്നയുടെ പിതാവ് നടത്തിക്കൊടുത്തു. മരച്ചുവട്ടിൽവച്ചായിരുന്നു ആ വിവാഹം. ഇതോടെ മരത്തിനു നാടെങ്ങും പ്രശസ്തിയായി. മരത്തിനു കത്തയച്ചാൽ വിവാഹം നടക്കുമെന്ന കിംവദന്തി പരന്നുതുടങ്ങി. ആളുകൾ മരത്തിനായി ആയിരക്കണക്കിന് കത്തുകൾ എഴുതി അയച്ചുതുടങ്ങി.
1927ൽ ജർമൻ തപാൽവകുപ്പ് ഈ മരത്തിന്റെ പൊത്ത് പോസ്റ്റ് ബോക്‌സായി പ്രഖ്യാപിച്ചു. ഇങ്ങോട്ടേക്കു മാത്രമായി ഒരു പോസ്റ്റ്മാനെയും നിയമിച്ചു. പൊത്തിനു താഴെ ഒരേണിയും വച്ചു. ഏണിയിലൂടെ മുകളിൽ കയറി പൊത്തിൽ നിന്ന് കത്തുകളെടുത്ത് വായിക്കാം. ഒരു നിബന്ധനയുണ്ട്. ഇഷ്ടപ്പെടാത്ത കത്തുകൾ വലിച്ചുകീറിക്കളയരുത്. അത് പൊത്തിൽ തിരികെ വയ്ക്കണം.
Read Also: സൗദിയിൽ വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; നടപടിയുമായി അധികൃതർ
അന്നത്തെ കാലമൊക്കെ മാറി. ഇന്ന് സമൂഹമാധ്യമങ്ങളുടെയൊക്കെ കാലമാണ്. എന്നാലും ജർമനിയിലെ ഈ മരത്തിന് ഇപ്പോഴും കത്തുകളെത്തുന്നുണ്ട്. ഒരു വർഷം ആയിരക്കണക്കിന് കത്തുകളൊക്കെ വരുമെന്ന് പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള കത്തുകളും മരത്തിനായി വരാറുണ്ട്.
Content Highlights: Love Story | Groom Tree | Germany | Oak Tree |