ADVERTISEMENT

വേലിയിറക്കത്തിൽ ഇപ്പോൾ നെട്ടൂർ കായൽ കണ്ടാൽ കരയേത്, കായലേത് എന്നു സംശയമാകും. 'റാംസർ സൈറ്റാ'യി പ്രഖ്യാപിക്കപ്പെട്ട കായലിന്റെ സ്ഥിതി കണ്ടാൽ ഉള്ളു പിടയും. എക്കൽ അടിഞ്ഞു കായൽ നികന്നുകൊണ്ടിരിക്കുന്നു. പത്തു വർഷമായി തുടർന്നു വരുന്ന പ്രതിഭാസം രൂക്ഷമായ സ്ഥിതിയാണിപ്പോൾ. ഏറെ നാളുകളായി കായലിൽ മത്സ്യ ലഭ്യത വളരെ കുറവായതിന്റെ പ്രധാന കാരണം ഇതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

വഞ്ചികൾ ഇറക്കാനും കരയിലേക്ക് കയറ്റാനും കഴിയാത്ത അവസ്ഥയാണ്. വള്ളം അടുപ്പിക്കാൻ കഴിയുന്നില്ല. നെട്ടൂർ അമ്പലക്കടവ് ജെട്ടി മുതൽ വടക്കോട്ട് കിലോ മീറ്ററുകളോളമാണ് എക്കലും ചെളിയും അടിഞ്ഞത്. എക്കൽ കാരണം കായലിലൂടെ ഏറെ ദൂരം സഞ്ചരിച്ചാണ് തേവര ഫെറി ബോട്ട് സർവീസ് നടത്തുന്നത്. പ്രൊപ്പല്ലർ തകരാറിലായ ബോട്ട് 2 ദിവസമായി അറ്റകുറ്റപ്പണിക്കായി യാഡിൽ കയറ്റിയിരിക്കുകയാണ്.

പ്ലാസ്റ്റിക് കായൽ

സംസ്ഥാനത്ത് ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം ഉള്ളത് വേമ്പനാട്ട് കായലിലാണ്. 'ലിറ്റർ ബേസ്' എന്ന രാജ്യാന്തര ഗവേഷണ സ്ഥാപനം അടുത്തിടെ നടത്തിയ പഠനത്തിലാണിത് വ്യക്തമായത്. ഇവിടെ നിന്നു പിടിക്കുന്ന മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യവും പഠനത്തിൽ കണ്ടെത്തിയിരുന്നു.

കൈവഴികളിലൂടെയും പ്രധാന കായലിലൂടെയും ദിവസം തോറും ടൺ കണക്കിനു പ്ലാസ്റ്റിക്കാണ് കായലിൽ എത്തുന്നത്. എക്കലിൽ ഇവ തടഞ്ഞു നിൽക്കുന്നതു കൊതുകുകൾക്കു മുട്ടയിട്ടു പെരുകാൻ അവസരം ഉണ്ടാക്കുന്നു. കാറ്റ് ഉണ്ടായിട്ടും തീരദേശ മേഖലയിൽ കൊതുകു ശല്യം കൂടാൻ കാരണമിതാണ്. 

റോഡ് നിർമിക്കാം, വളമാക്കാം

ദേശീയ ജലപാത മൂന്നിന്റെ ഭാഗമാണിവിടം. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്നതിനുവേണ്ടി കായൽ ഡ്രജ് ചെയ്ത് ആഴം കൂട്ടാറുണ്ട്. ഇത്തരത്തിൽ ഡ്രജ് ചെയ്യുന്ന എക്കൽ ആഴക്കായലിൽ തട്ടുകയാണു പതിവ്. ഇതു തീരത്ത് ഇട്ടാൽ കാര്യമായ ചെലവില്ലാതെ റോഡാകും. എക്കൽ കോരിയിട്ട് തീരദേശ റോഡ് നിർമിച്ചാൽ പ്രയോജനം ഏറെയാണ്.

കായൽ കയ്യേറ്റങ്ങൾ ഒഴിവാക്കാം എന്നതു പോലെ തന്നെ അവികസിതമായി കിടക്കുന്ന നെട്ടൂർ തീരദേശ മേഖലയ്ക്ക് ഉണർവാകും. അതുമല്ലെങ്കിൽ കോരി നീക്കം ചെയ്യുന്ന ചെളി വളമായും ഉപയോഗിക്കുവാൻ കഴിയും. അധികച്ചെലവില്ലാത്ത ജൈവവളത്തിന് ആവശ്യക്കാർ ഏറെയുണ്ടാകും. ഇതുവഴി കായൽ നികന്നുപോകുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഭീഷണി കണ്ടിട്ടും പഠിക്കുന്നില്ല

മരട്, കുമ്പളം, അരൂർ, കുമ്പളങ്ങി, അരൂക്കുറ്റി തുടങ്ങിയ മേഖലകളിലെ ടൂറിസം വികസനത്തിനുള്ള നിർദിഷ്ട ടൂറിസം പദ്ധതിക്ക് എക്കൽ ഭീഷണിയാണ്. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നിർദിഷ്‌‌‌ട വാട്ടർ മെട്രോയേയും എക്കൽ ബാധിക്കാൻ സാധ്യതയുണ്ട്. കായലിൽ മണൽത്തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. മണൽത്തിട്ടയിൽ കയറി അതിവേഗ ബോട്ട് സർവീസായ വേഗ 2 പ്രാവശ്യം തേവര ഫെറിയിൽ തകരാറായിരുന്നു.

‌എക്കൽ വരും വഴികൾ

വികസനക്കുതിപ്പുമായി എത്തിയ പാലങ്ങൾ കായലിന്റെ നീരൊഴുക്കു കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിച്ചതായി മത്സ്യ ഗവേഷകനും കുഫോസ് പ്രഥമ വൈസ് ചാൻസലറുമായ ഡോ. ബി. മധുസൂദനക്കുറുപ്പ് പറയുന്നു. ഇവയുടെ നിർമാണത്തിനായി തൂണുകൾ സ്‌ഥാപിക്കുന്നതിനായി എടുത്ത മണൽ കരാറുകാർ യഥാസമയം നീക്കം ചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാണ്‌ മണൽ തിട്ടകൾ രൂപപ്പെടുന്നതിന്‌ ഒരു കാരണം. 

തേവര-ചമ്പക്കര കനാൽ ഡ്രജ് ചെയ്യുമ്പോഴുള്ള ചെളിയും കപ്പൽശാല ഭാഗത്തെ ഡ്രജിങ് ചെളിയുമെല്ലാം കായൽ വെള്ളത്തിൽ തന്നെ തള്ളുന്നതും എക്കലടിയുന്നതിനു കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com