ADVERTISEMENT

അന്തരീക്ഷത്തിലെ കാര്‍ബണ്‍ വർധനവ് മൂലമുള്ള പ്രത്യാഘാതങ്ങളാണ് ഭൂമി ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആഗോളതാപനവും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനവുമെല്ലാം കാര്‍ബണ്‍ വർധനവ് സൃഷ്ടിയ്ക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ എത്തുന്നു എന്നു പറയുമ്പോഴും കാര്‍ബണിന്‍റെ ആകെയുള്ള അളവ് കേട്ടാല്‍ ആരും ഒന്ന് സംശയിക്കും. ഇത്രമാത്രം തുച്ഛമായ അളവിലുള്ള കാര്‍ബണ്‍ ആണോ ഭൂമിയുടെ കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതെന്ന്.

ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ വെറും 0.04 ശതമാനം മാത്രമാണ് കാര്‍ബണ്‍ ഡയോക്സൈഡുള്ളത്. അതേസമയം ഇതില്‍ 32 ശതമാനമാണ് മനുഷ്യനിർമിതം. ഇതില്‍ നിന്ന് തന്നെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് തീരെ ചെറിയ ശതമാനമാണെങ്കിലും കാര്‍ബണിന്‍റെ ആകെ അളവില്‍ മനുഷ്യരുടെ സംഭാവന എത്ര വലുതാണെന്നു വ്യക്തമാണ്. 

കാര്‍ബണ്‍ ഡയോക്സൈഡും ആഗോളതാപനവും

ഭൂമിയില്‍ നിന്ന് പുറത്തേക്കു വമിക്കുന്ന ചൂടിനെ അന്തരീക്ഷത്തിനു പുറത്തേക്ക് പോകാതെ തടഞ്ഞു നിര്‍ത്തുന്നത് കാര്‍ബണ്‍ ഡയോക്സൈഡാണ്. ഈ കാര്‍ബണിന്‍റെ അളവ് വർധിക്കുന്നതോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കുടുങ്ങിപോകുന്ന ചൂടിന്‍റെ അളവും വർധിക്കും. ഇങ്ങനെയാണ് കാര്‍ബണ്‍ ഡയോക്സൈഡ് ഭൂമിയുടെ താപനില വർധിക്കുന്നതിന് മുഖ്യ കാരണമാകുന്നത്. 

1850 ലാണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ പ്രാധാന്യം ആദ്യമായി ശാസ്ത്രലോകം മനസ്സിലാക്കിയത്. ജോണ്‍ ടിണ്ടല്‍, യൂനിസ് ഫൂട്ട് എന്നിവരാണ് കാര്‍ബണ്‍, മീഥൈന്‍, നീരാവി എന്നിവ എങ്ങനെ അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുന്നു എന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തില്‍ ധാരാളമായി കാണപ്പെടുന്ന മറ്റ് വാതകങ്ങള്‍ക്കില്ലാത്തതാണ് ഈ മൂന്ന് വാതകങ്ങളുടെയും ചൂട് ആഗിരണം ചെയ്യുന്ന സ്വഭാവം.

ഗവേഷകരുടെ കണക്കു കൂട്ടല്‍ പ്രകാരം ഭൂമിയുടെ താപനില ഇപ്പോള്‍ തന്നെ 33 ഡിഗ്രി സെല്‍ഷ്യസിൽ അധികമാണ്. ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് മാത്രം കണക്കിലെടുത്താണ് ഭൂമിയില്‍ യഥാർ‍ഥത്തില്‍ ഉണ്ടായിരിക്കേണ്ട താപനിലയും ഇപ്പോഴത്തെ താപനിലയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയത്. ഈ വ്യത്യാസത്തിലേക്ക് നയിച്ചത് നീരാവിയും, മിഥൈനും പ്രധാനമായും കാര്‍ബണ്‍ ഡയോക്സൈഡും ഉള്‍പ്പെടുന്ന ഹരിത ഗൃഹവാതകങ്ങളും അവയുടെ ചൂട് ആഗിരണം ചെയ്യാനുള്ള കഴിവുമാണ്. അതേസമയം ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ 99 ശതമാനത്തോളം വരുന്ന നൈട്രജനും ഓക്സിജനും ഭൂമിയിലെ ഈ താപനില വർധനവുമായി ഒരു ബന്ധവുമില്ലാത്തതിന് കാരണവും ചൂട് ആഗിരണം ചെയ്യാനുള്ള കഴിവ് ഈ വാതകങ്ങള്‍ക്കില്ലാത്തതിനാലാണ്. 

അന്തരീക്ഷത്തിന് മുകളിലെ പുതപ്പ്

24 മണിക്കൂറും ഭൂമിയിലേക്ക് സൂര്യനില്‍ നിന്ന് താപം എത്തിച്ചേരുന്നുണ്ട്. ഈ സമയമെല്ലാം തന്നെ ഭൂമി ചെറിയൊരു അംശം മാത്രം ആഗിരണം ചെയ്ത് ബാക്കി പ്രതിഫലിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇങ്ങനെ ഭൂമി പ്രതിഫലിപ്പിക്കുന്ന താപത്തിന്‍റെ ഒരു ഭാഗം പുറത്തേക്ക് പോകാതെ അന്തരീക്ഷത്തില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. ഇങ്ങനെ കുടുങ്ങി കിടക്കുന്നതിനുള്ള കാരണം കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ നേതൃത്വത്തിലുള്ള ഹരിത ഗൃഹവാതകങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന പുതപ്പാണ്. 

കത്തിയെരിയുന്ന സൂര്യനില്‍ നിന്നു പുറത്തു വരുന്ന ഊര്‍ജം ഷോര്‍ട്ട് വേവ് റേഡിയേഷനായാണ് ഭൂമിയിലേക്കെത്തുന്നത്. എന്നാല്‍ താരതമ്യേന തണുത്ത ഭൂമിയില്‍ നിന്ന് പ്രതിഫലിക്കുന്ന താപം ലോങ് വേവുകളായാണ് അന്തരീക്ഷത്തിലേക്ക് മടങ്ങുക. കാര്‍ബണ്‍ ഡയോക്സൈഡ് ഉള്‍പ്പടെയുള്ള ഹരിതഗ്രഹ വാതകങ്ങളുടെ ആറ്റങ്ങളിലെ മോളിക്യൂളുകള്‍ക്ക് ഇത്തരം ലോങ് വേവ് ഇന്‍ഫ്രാറെഡ് ഊര്‍ജത്തെ ആഗിരണം ചെയ്യാന്‍ കഴിയും. ഇക്കാരണം കൊണ്ടാണ് സൂര്യനില്‍ നിന്നുള്ള കിരണങ്ങള്‍ ഹരിതവാതകങ്ങള്‍ ആഗിരണം ചെയ്യാത്തതും മറിച്ച് ഭൂമി പ്രതിഫലിപ്പിക്കുന്ന ഊര്‍ജം ഈ വാതകങ്ങള്‍ ആഗിരണം ചെയ്യുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com