ADVERTISEMENT

അന്തരീക്ഷ മലിനീകരണ തോതിൽ ഡൽഹിയെ പിന്നിലാക്കി ചെന്നൈ. അന്തരീക്ഷവായു നിലവാര സൂചിക (എക്യുഐ) ശരാശരി 264 ആണ് ഇന്നലെ രാവിലെ 9.30ന് നഗരത്തിൽ രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഇത് 254 ആണ്. നഗരത്തിലെ പല മേഖലകളിലും  അന്തരീക്ഷ മലിനീകരണ തോത് 300നും മുകളിൽ എത്തി.  ചെന്നൈയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെടുന്ന പുകമഞ്ഞിനെ  കുറിച്ചു നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ‌

‌നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അനുദിനം വർധിക്കുന്നതായാണു വിലയിരുത്തൽ. വായു നിലവാര സൂചിക 225നും 287നും ഇടയിലാണു കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് ഉയർന്ന അന്തരീക്ഷ മലിനീകരണ തോതാണു സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ‍ഡൽഹിയിലെ പുകമഞ്ഞുമായി ഇതിനു ബന്ധമില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. ‌

‌ഏറെ നേരം പുറത്തു ചെലവഴിക്കുന്നവർ മാസ്ക് ധരിക്കുന്നതാണ് സുരക്ഷിതമെന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ ആശങ്കയ്ക്കു വകയില്ലെന്നും ബുൾബുൾ ചുഴലിക്കാറ്റ്  ബംഗാൾ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ നഗരത്തിലേക്കുള്ള കടൽകാറ്റിന്റെ ഗതി അനുകൂലമാകുകയും പുകമഞ്ഞ് നീങ്ങുകയും ചെയ്യുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.  രണ്ടു ദിവസത്തിനുള്ളിൽ മഴ എത്തുമെന്നതും പുകമഞ്ഞിനെ അകറ്റും. ‌

‌അന്തരീക്ഷ മലിനീകരണ തോത് അളക്കാൻ ചെന്നൈയിൽ കൂടുതൽ സ്ഥിരം കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലിനീകരണ തോത് കൃത്യതയോടെ രേഖപ്പെടുത്താൻ നഗരത്തിൽ 38 അന്തരീക്ഷ വായു നിരീക്ഷണ കേന്ദ്രങ്ങൾ വേണമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. നിലവിൽ 14 നിരീക്ഷണ കേന്ദ്രങ്ങൾ മാത്രമാണു ചെന്നൈയിൽ പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നെണ്ണം മാത്രമാണു സ്ഥിരം  കേന്ദ്രങ്ങൾ ബാക്കിയുള്ളവ താൽക്കാലിക കേന്ദ്രങ്ങളാണ്.‌

മലിനീകരണത്തോത് എയർപോർട്ടിൽ 341

‌∙ വേളാച്ചേരി, രാമപുരം, മണലി, കൊടുങ്ങയൂർ, അണ്ണാ നഗർ, ചെന്നൈ എയർപോർട്ട് : മലിനീകരണത്തോത് 341 രേഖപ്പെടുത്തി.

∙ ഉയർന്ന അന്തരീക്ഷ മലിനീകരണ തോത് നിലനിൽക്കുന്ന സമയത്ത് ഏറെ നേരും പുറത്തെ വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു വഴിതെളിച്ചേക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ശ്വാസകോശ രോഗങ്ങൾ, ഗർഭിണികൾ, ശാരീരിക അസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർ ഈ വായു ഏറെ നേരം ശ്വസിക്കുന്നത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ‌

‌∙ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാങ്കേതികവിദ്യകൾക്കു പരിമിതിയുണ്ട്. മനുഷ്യർ തന്നെ വിചാരിക്കണം. എന്നാൽ അന്തരീക്ഷ മലിനീകരണ തോതിനെക്കുറിച്ചുള്ള സംശയങ്ങൾക്കു മൊബൈലിൽ മറുപടി നൽകാൻ ഒന്നിലേറെ ആപ്ലിക്കേഷനുകൾ നിലവിലുണ്ട്. plume air report, air visual, ai cognizer, aqi india തുടങ്ങിയ ആപ്ലിക്കേഷനുകളിൽ അന്തരീക്ഷ മലിനീകരണ തോത് അറിയാൻ സൗകര്യമുണ്ട്.

English Summary: Smog: Chennai's air quality is getting worse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com