ADVERTISEMENT

"ഇടിമുഴക്കത്തിന്‍റെ ശബ്ദത്തോടെ പതിച്ചുകൊണ്ടിരുന്ന വിക്ടോറിയ വെള്ളച്ചാട്ടം ഇന്ന് കണ്ണുനീര്‍ത്തുള്ളിക്ക് സമാനമാണ് " കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ശബ്ദമുയര്‍ത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണിത്. ആഫ്രിക്കയിലെ സാംബിയയില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ സ്ഥിതി ഇതിനോട് ഏറെക്കുറെ സമാനമാണു താനും. സാംബെസി നദിയിലുള്ള ഈ നൂറ് മീറ്റര്‍ ഉയരമുള്ള വെള്ളച്ചാട്ടം ഇന്ന് നൂല് പോലെയാണ് കാണപ്പെടുന്നത്.

എന്താണ് വിക്ടോറിയ വെള്ളച്ചാട്ടവും സാംബെസി നദിയിലെ ജലവും ശോഷിക്കാന്‍ കാരണം? ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇപ്പോൾ ഈ പ്രദേശം നേരിടുന്നത്. സാധാരണ വേനലില്‍ മറ്റേത് വെള്ളച്ചാട്ടത്തെയും പോലെ വിക്ടോറിയ വെള്ളച്ചാട്ടവും ശോഷിക്കാറുണ്ടെങ്കിലും ഇത്ര ദുര്‍ബലമാകുന്നത് ഇത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒരേ സ്വരത്തിൽ പറയുന്നു. 

തെക്കന്‍ ആഫ്രിക്കയിലെ കൊടിയ വരള്‍ച്ച രാജ്യാന്തര തലത്തില്‍ എത്തിക്കാനുള്ള ഒരു ഉപാധിയായാണ് പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിക്ടോറിയ വെള്ളച്ചാട്ടത്തിനുണ്ടായ മാറ്റത്തെ കാണുന്നത്. വിക്ടോറിയ വെള്ളച്ചാട്ടം എന്നത് വലുപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. അത് കൊണ്ട് തന്നെ ഈ വെള്ളച്ചാട്ടത്തിനുണ്ടാകുന്ന ശോഷിച്ച അവസ്ഥ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ എളുപ്പമാണ്.

വിക്ടോറിയ വെള്ളച്ചാട്ടത്തിലെ ജലത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടുന്നതിലൂടെ ആഫ്രിക്കയിലേക്ക്  ലോകശ്രദ്ധയാകർഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ട്. ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണ് തെക്കന്‍ ആഫ്രിക്ക നേരിടുന്നത്. ഭക്ഷ്യവിളനാശവും മറ്റും നിമിത്തം 4.5 കോടി ജനങ്ങളാണ് ഈ മേഖലയില്‍ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് ലോകമെമ്പാടു നിന്നും സഹായമെത്തിക്കാനുള്ള ഉപാധിയായാണ് വിക്ടോറിയ വെള്ളച്ചാട്ടത്തെ ഇപ്പോള്‍ ഉപയോഗിക്കാൻ ശ്രമിക്കുന്നത്.

സാംബെസി നദിയിലെ ജലത്തിലുണ്ടായ കുറവ് സിംബാ‌ബ്‌വേ, സാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായ വൈദ്യുത ക്ഷാമത്തിനും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള ജലത്തിന്‍റെ ശരാശരി അളവിലും ഏറെ താഴെയാണ് ഈ സമയത്തെ സാംബെസിയിലെ വെള്ളത്തിന്‍റെ അളവെന്നു ഗവേഷകര്‍ പറയുന്നു. 

കാരണം കാലാവസ്ഥാ വ്യതിയാനമോ ?

മനുഷ്യര്‍ പരിസ്ഥിതിയോടു ചെയ്ത ക്രൂരതയ്ക്കു പ്രകൃതി നല്‍കുന്ന മറുപടിക്ക് ഉദാഹരണമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ ശോഷണമെന്നാണ് സാംബിയന്‍ പ്രസിഡന്‍റ് എഡ്ഗാര്‍ ലുഗു പ്രതികരിച്ചത്. ആഫ്രിക്കയിലെ വരള്‍ച്ച ഇത്ര രൂക്ഷമാകുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് പറയാന്‍സാധിക്കില്ലെന്നാണ് ഗവേഷകരുടെ നിലപാട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്കു പിന്നിലെന്ന് ഉറപ്പിക്കാമെന്നും ഹൈഡ്രോളജിസ്റ്റായ ഹെറാള്‍ഡ് ക്ലിങ് പറയുന്നു.

അതേസമയം ചില ഗവേഷകരുടെ അഭിപ്രായം മറിച്ചാണ്. കഴിഞ്ഞ 30 വര്‍ഷമായി സാംബെസി നദിയെ നിരീക്ഷിച്ചു വരുന്ന ഇന്‍റര്‍നാഷണല്‍ ക്രെന്‍ ഫൗണ്ടേഷന്‍ തലവനായ റിച്ചാര്‍ഡ് ബെയില്‍ ഫ്യൂസ് പറയുന്നത് ഇത്തവണ തെക്കന്‍ ആഫ്രിക്കയില്‍ മണ്‍സൂണ്‍ വൈകിയതിനും ദുര്‍ബലമായതിനും പിന്നില്‍ കാലാവസ്ഥാ വ്യതിയാനമാണെന്നാണ്. ലഭിച്ച മഴയാകട്ടെ കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ അളവിലായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ ഭൂമിക്കാവശ്യമായ ജലം ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നതും വരള്‍ച്ച രൂക്ഷമകാന്‍ കാരണമായി എന്നതാണ് ബെയില്‍ ഫ്യൂസിന്‍റെ നിരീക്ഷണം. 

English Summary: Victoria Falls shrink to a trickle, feeding climate change fears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com