അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന ‘മൈക്രോ പ്ലാസ്റ്റിക്’; കടുക് മണിയോളം വലുപ്പമുള്ള കണികകൾ
Mail This Article
റോഡുകളിൽ തലങ്ങും വിലങ്ങുമായി ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ടയർ നാം ഇടക്കിടെ മാറ്റി ഇടാറുണ്ടല്ലോ? നിരന്തരമായ ഘർഷണം മൂലം അവയ്ക്ക് തേയ്മാനം സംഭവിക്കുന്നത് കാരണമാണ് ഇതു വേണ്ടിവരുന്നത്. ടയറിന്റെ ഉരഞ്ഞു പോയ ഭാഗങ്ങളിൽ ഉണ്ടായിരുന്ന കണികകൾ എവിടെ അപ്രത്യക്ഷമായി എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവ പ്ലാസ്റ്റിക് പൊടിയായി മൈക്രോ പ്ലാസ്റ്റിക് എന്ന രൂപം പ്രാപിച്ച് അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നു.
മനുഷ്യ ശ്വാസകോശ കലകളിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം 1990-കളിൽ ഇതിനകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. കാൻസർ രോഗികളുടെ ശ്വാസകോശ കലകളെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ, പ്ലാസ്റ്റിക് നാരുകൾ ശ്വാസകോശാർബുദത്തിന്റെ അപകടസാധ്യതക്ക് കാരണമാകുമെന്ന ആശങ്ക അന്ന് മുതലേ പ്രകടിപ്പിക്കുന്നുണ്ട്. "മൈക്രോ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് നാരുകളെ കുറിച്ച് പ്രതിപാദിക്കുന്നതിന് മുൻപ് നാം പ്ലാസ്റ്റിക് എന്താണ് എന്നറിയണം. നമ്മുടെ ജീവിതത്തിൽ പ്ലാസ്റ്റിക് കടന്നു വരാത്ത മേഖലകൾ വളരെ പരിമിതമാണ് .
പച്ചക്കറി , പല വ്യഞ്ജനങ്ങൾ ,പാൽ ,പാകം ചെയ്ത ഭക്ഷണം ഇങ്ങനെ എന്തും കൈ മാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ, ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകൾ, പ്ലേറ്റുകൾ എന്ന് വേണ്ട ടൂത്ത് ബ്രഷ്, ബക്കറ്റ്, മൊബൈൽ ഫോൺ, ടി വി , വാഹന ഭാഗങ്ങൾ ,കളിപ്പാട്ടങ്ങൾ, സിന്തറ്റിക് തുണികൾ, വൈദ്യുതി ഉൽപന്നങ്ങൾ ഇങ്ങനെ പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാനാവാത്ത നിലയിലാണ് നാമെല്ലാം.
ഇത്രയധികം രീതിയിൽ ഉപയോഗിക്കാം എന്നതിനാൽ ഇതിന്റെ ദോഷവശങ്ങൾ അവഗണിച്ച് കൊണ്ട് നാം പ്ലാസ്റ്റിക് യഥേഷ്ടം നിർമ്മിക്കാനും ഉപയോഗിക്കാനും തുടങ്ങി.ഇതിന്റെ തുടർച്ചയെന്നോണം ലോകത്തിന്റെ പല ഭാഗത്തും പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഭരണാധികാരികൾക്ക് തല വേദനയായി മാറി കഴിഞ്ഞു.
രസതന്ത്ര പരമായി പ്ലാസ്റ്റിക് ഒരു മനുഷ്യ നിർമിത മിശ്രിതമാണ് എന്ന് പറയാം. ക്രൂഡ് ഓയിൽ സംസ്ലേഷണത്തിന്റെ ഒരു ഉപോൽപന്നമായാണ് പലപ്പോഴും പ്ലാസ്റ്റിക് നിർമിക്കപ്പെടുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ പോലെ ജൈവ മാലിന്യം അല്ലാത്തതിനാൽ അവ ഒരിക്കലും ഭൂമിയിലേക്ക് അലിഞ്ഞു ചേരുകയില്ല.
ഇങ്ങനെ അടിഞ്ഞു കൂടുന്ന ഘര മാലിന്യങ്ങൾ ചെറു പുഴകളുടെയും നദി കളുടെയും ഒക്കെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് മാത്രമല്ല, കാലക്രമേണ സമുദ്രജലത്തെയും മലിനമാക്കും .സൂര്യ താപം , കാറ്റ് , സമുദ്രത്തിലെ ഉഷ്ണ പ്രവാഹങ്ങൾ എന്നിവ കാരണം ഈ മാലിന്യങ്ങൾ ചെറിയ ചെറിയ കണികകൾ അഥവാ മൈക്രോ പ്ലാസ്റ്റിക്കുകൾ ആയിമാറും.
ഒരു കടുക് മണിയോളം വലിപ്പമുള്ള ഈ കുഞ്ഞൻ കണികകൾക്ക് അഞ്ച് മില്ലി മീറ്റർ മുതൽ ഒരു മൈക്രോ മീറ്റർ വരെ വലുപ്പമുണ്ടാകാം . എന്നിരുന്നാലും അവയും പ്ലാസ്റ്റിക് പോലെ തന്നെ ഒരിക്കലും ഭൂമിയിലേക്ക് അലിഞ്ഞു ചേരുകയില്ല. വാഹനങ്ങളിൽ നിന്നും പ്ലാസ്റ്റിക് നിർമാണ കമ്പനികളിൽ നിന്നും പുറത്തേക്ക് എത്തുന്ന ഈ നാരുകൾ അതിവേഗം വെള്ളത്തിൽ കലരും. പ്ലാസ്റ്റിക് ഫാക്ടറി തൊഴിലാളികളുടെ വസ്ത്രത്തിലും ശരീരത്തിലും പറ്റി പിടിച്ച് പുറത്തേക്ക് എത്തുന്ന ഈ കണികകൾ അവർ കുളിക്കുന്നതും വസ്ത്രം കഴുകുന്നതും വഴി വെള്ളത്തിൽ കലർന്നു ഡ്രൈനേജിലൂടെ നദികളിലും കായലുകളും സമുദ്ര ജലത്തിലും എത്തി ചേരുന്നു . ഇങ്ങനെ പല വിധ ജല ജീവികളുടെ ശരീരത്തിലും ഈ ചെറു കണികകളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി കഴിഞ്ഞു.
മത്സ്യം ഭക്ഷിക്കുന്നതു വഴി ഇവ മനുഷ്യന്റെ ശരീരത്തിലും എത്തുന്നു. ഇതൊന്നും കൂടാതെ നമ്മുടെ അടുക്കളയിലേക്ക് പാൽ ,തേൻ , ഉപ്പ് എന്ന് വേണ്ട എല്ലാ ആഹാര വസ്തുക്കളും എത്തുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലാണ്. ഇന്നത്തെ കാലത്ത് പല വർണങ്ങളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. വലിയ തോതില്‍ ബോട്ടില്‍ഡ് വാട്ടര്‍ (കുപ്പികളില്‍ വില്‍പന നടത്തുന്ന വെള്ളം) കുടിക്കുന്നവരില്‍ പ്ലാസ്റ്റിക് കണികകളുടെ അളവും ഉയര്‍ന്ന തലത്തിലായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
മനുഷ്യശരീരത്തിന് ഉള്ളിൽ കടന്നു കൂടുന്ന മൈക്രോ പ്ലാസ്റ്റിക് പതിയെ പതിയെ പല ഭാഗങ്ങളിലായി അടിഞ്ഞു കൂടാൻ തുടങ്ങും. ഇത് കാരണം ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാക്കുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം. മനുഷ്യ ശരീരത്തിൽ അടിഞ്ഞു കൂടുന്ന മൈക്രോ പ്ലാസ്റ്റിക്കുകളെകുറിച്ച് വേണ്ടത്ര പഠനങ്ങൾ ഈയടുത്ത കാലം വരെയും നടന്നിട്ടില്ല എങ്കിലും, കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മൈക്രോ പ്ലാസ്റ്റിക് ആണെന്നു പറയാം. ഒരു ശരാശരി മനുഷ്യന്‍ പ്രതിവര്‍ഷം ഭക്ഷിക്കുന്നത് 50,000 പ്ലാസ്റ്റിക് കണികകളെന്നു പുതിയ പഠനം വിശദമാക്കുന്നു. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന അതേ അളവില്‍ തന്നെ ശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും യുകെയിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.
ലോകത്ത് എല്ലായിടത്തും പ്ലാസ്റ്റിക്കിന്റെ ഒരു പകരക്കാരനെ അന്വേഷിച്ചുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പ്ലാസ്റ്റിക് റീ സൈക്കിൾ ചെയ്യാനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാൻ പല രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നു . ഈ ഗവേഷണങ്ങൾ എത്രയും വേഗം ഫല പ്രാപ്തിയിൽ എത്തട്ടെ എന്ന് നമുക്ക് ആശിക്കാം .
അങ്ങനെ ഒരു സ്ഥിരമായ പ്രശ്ന പരിഹാരം എത്തുന്നത് വരെ നമ്മൾ ഓരോരുത്തർക്കും നമ്മുടെ ചെറിയ പങ്ക് ഇതിലേക്ക് നൽകാൻ സാധിക്കും.
ഒരു സാധാരണക്കാരന് എന്തൊക്കെ ചെയ്യാനാവും? പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്സ് കൊണ്ട് അല്ലെങ്കിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ, ഗ്ലാസ്സുകൾ എന്നിവ മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കാം .അടുക്കളയിലെ പ്ലാസ്റ്റിക് സംഭരണികൾ മുഴുവനായി ഒഴിവാക്കി പഴയ കാലം പോലെ കണ്ണാടി സംഭരണികൾ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബാഗിന് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ തുണി സഞ്ചികൾ ഉപയോഗിക്കാം .
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നത് കഴിയുന്നതും ഉപേക്ഷിക്കാം . അതിനു പകരം ഗ്ലാസ്സ് കൊണ്ടുള്ള കുപ്പി കയ്യിൽ കരുതാം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ അതാത് മാലിന്യ ബിനുകളിൽ നിക്ഷേപിക്കുക വഴി റീ സൈക്കിൾ ചെയ്യാനുള്ള അവസരം ഉണ്ടാക്കാം.
ഇന്ന് നാം സ്വീകരിക്കുന്ന ആരോഗ്യ ശീലങ്ങൾ ആണ് വരും തലമുറയുടെ ആരോഗ്യം നിശ്ചയിക്കുന്നത്. അതിനാൽ നമുക്കേവർക്കും ഒന്നിച്ച് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന മഹാ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ ഉള്ള മാർഗങ്ങൾ തേടാം.