വായു നന്നായാൽ ആയുസ്സിൽ കാണാം; വായുമലീനികരണം കവർന്നെടുക്കുന്നത് ഇന്ത്യക്കാരുടെ 8 വർഷം
Mail This Article
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്കർഷിക്കുന്ന വായുനിലവാരം പുലർത്തിയാൽ കേരളത്തിലുള്ളവർക്ക് 2.8 വർഷം കൂടി അധികമായി ജീവിക്കാനായേക്കുമെന്ന് ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (എക്യുഎൽഐ) റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ ക്യുബിക് മീറ്റർ വായുവിലും 10 മൈക്രോഗ്രാം ആണ് ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന മലിനീകരണ കണങ്ങളുടെ പരിധി.
കേരളത്തിലിത് ക്യുബിക് മീറ്ററിൽ 38 മൈക്രോഗ്രാമും രാജ്യത്ത് 70.3 മൈക്രോഗ്രാമുമാണ്. ഇന്ത്യ നിഷ്കർഷിക്കുന്ന പരിധി കടക്കാതിരുന്നാൽ പോലും കേരളീയർക്ക് ശരാശരി ഒരു മാസമെങ്കിലും കൂടുതൽ ജീവിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കമ്യൂണിക്കേഷൻ ഡയറക്ടർ അഷിർബാദ് റാഹ 'മനോരമ'യോടു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വായു മലിനീകരണം കേരളത്തിൽ കുറവാണ്. വായു മലിനീകരണം രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 6.3 വർഷമായി കുറയ്ക്കുവെന്നാണു പഠനം വ്യക്തമാക്കുന്നത്.
വായുമലീനികരണം കവർന്നെടുക്കുന്നത് ഇന്ത്യക്കാരുടെ 8 വർഷം
243 രാജ്യങ്ങളുടെ കണക്കിൽ വായു മലിനീകരണത്തിൽ രണ്ടാമതാണ് ഇന്ത്യ. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ച പരിധിക്കുമപ്പുറത്തുള്ള വായു മലിനീകരണം നേരിടുന്നു. ഡൽഹി പോലെയുള്ള സ്ഥലങ്ങളിലെ ഉയർന്ന മലിനീകരണ തോത് ആയുസ്സ് 13 വർഷം വരെ കുറയ്ക്കും. ഇന്ത്യയുടെ പരിധിക്കു മുകളിലുള്ള മലിനീകരണം നേരിടുന്നവരാണ് 94 ശതമാനവും. രാജ്യത്തിന്റെ ജനസംഖ്യയുടെ നാലിലൊന്ന് മറ്റൊരു രാജ്യത്തുമില്ലാത്തത്ര വായു മലിനീകരണം നേരിടുന്നു.
24.8 കോടി ആളുകളുടെ ശരാശരി ആയുർദൈർഘ്യം 8 വർഷം വരെ കുറയാം. ലക്നൗവിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന മലിനീകരണം. ഇതു ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ച പരിധിയുടെ 13 മടങ്ങാണ്. ഇവിടെയുള്ള ആളുകളുടെ ആയുർദൈർഘ്യത്തിൽ 12.1 വർഷത്തിന്റെ കുറവ് വരാം. ലോകാരോഗ്യസംഘടനയുടെ മാർഗരേഖ പാലിച്ചാൽ ഡൽഹിയിലെ ആളുകൾക്ക് അവരുടെ ആയുസ്സിൽ 13 വർഷം വരെ അധികം ലഭിക്കാം.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം പാലിച്ചാൽ അധികമായി ലഭിക്കുന്ന ആയുസ്സ്
ഡൽഹി 13.2 വർഷം
ഹരിയാന 11.2 വർഷം
ഉത്തർപ്രദേശ് 10.3 വർഷം
ബിഹാർ 8.6 വർഷം
ബംഗാൾ 7.8 വർഷം
പഞ്ചാബ് 7.8 വർഷം
ചണ്ഡിഗഡ് 7.3 വർഷം
ജാർഖണ്ഡ് 6.7 വർഷം
രാജസ്ഥാൻ 5.9 വർഷം
ത്രിപുര 5.7 വർഷം
English Summary: Air pollution can cut 8 yrs off lives of 250 mln north Indians: Report