ADVERTISEMENT

ഗർഭകാലത്ത് തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്നത് മുൻകൂട്ടി അറിഞ്ഞ് അത് പരസ്യപ്പെടുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല. ഇതിനായി ജെൻഡർ റിവീൽ പാർട്ടികളും ഒരുക്കാറുണ്ട്. സമൂഹമാധ്യമങ്ങൾക്ക്  പ്രാധാന്യമേറിയതോടെ വേറിട്ട രീതികളിൽ ജെൻഡർ റിവീലിങ് നടത്തുന്നത് ഒരു ട്രെൻഡായി കാണുന്നവരുമുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ജെൻഡർ റിവീലിങ് പാർട്ടി നടത്തിയതിനെത്തുടർന്ന സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുകയാണ് ബ്രസീലിലെ ദമ്പതികൾ. പരിസ്ഥിതിക്ക് ദോഷമാകുന്ന തരത്തിൽ ആഘോഷം നടത്തിയതിനാണ്  ഇവർക്കെതിരെ വിമർശനം ഉയരുന്നത്.

ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെങ്കിൽ നീല നിറവും പെൺകുഞ്ഞാണെങ്കിൽ പിങ്ക് നിറവും കാണിച്ചുകൊണ്ടാവും പാർട്ടികൾ നടത്തുന്നത്. ഇതിനായി ബ്രസീലിയൻ ദമ്പതികൾ തിരഞ്ഞെടുത്തതാകട്ടെ ഒരു വെള്ളച്ചാട്ടവും. വെള്ളച്ചാട്ടത്തിൽ നീല നിറം കലർത്തിയാണ് തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ആൺകുട്ടിയാണെന്ന് ഇവർ ലോകത്തെ അറിയിച്ചത്. സ്വാഭാവികമായി ഒഴുകിവരുന്ന വെള്ളച്ചാട്ടം നീല നിറത്തിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. ഇതിനുപുറമേ വെള്ളച്ചാട്ടത്തിന് സമീപത്തായി നീല നിറത്തിലുള്ള പുകയും പടർത്തിയിരുന്നു.

വെള്ളച്ചാട്ടം വന്നു പതിച്ച ശേഷം നദിയിലെ ജലമാകെ നീല നിറത്തിലായി തീരുകയും ചെയ്യുന്നുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മാറ്റോ ഗ്രാസോ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ടാൻഗാര ഡാ സെറാ എന്ന നഗരത്തിലേക്കുള്ള പ്രധാന ജലശ്രോതസ്സായ ഖെയ്മ പെ നദിയിലാണ് ഇവർ നിറം കലക്കിയത്. കുട്ടിയുടെ ലിംഗം ഏതെന്ന് അറിയിക്കാൻ ഏറെ മാർഗങ്ങൾ ഉണ്ടായിട്ടും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള മാർഗം സ്വീകരിച്ചതാണ് പരിസ്ഥിതി സ്നേഹികളെ ചൊടിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകയായ വാനെ കോസ്റ്റ ട്വിറ്ററിൽ പങ്കുവച്ചതോടെ ദൃശ്യങ്ങൾ ഏറെ ജനശ്രദ്ധനേടി.

തികച്ചും തെറ്റായ തീരുമാനം എന്ന തരത്തിലാണ് ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. മൂന്നു ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം ദൃശ്യം കണ്ടുകഴിഞ്ഞു അതേസമയം സംഭവം ബ്രസീലിന്റെ പരിസ്ഥിതി നിയമങ്ങൾക്ക് എതിരായതിനാൽ ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ നിറം കലക്കാൻ ഉപയോഗിച്ച വസ്തു എന്താണെന്നത് കണ്ടെത്താൻ ദമ്പതികളെ ചോദ്യം ചെയ്യുമെന്ന് മാറ്റോ ഗ്രാസോയുടെ പരിസ്ഥിതികാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൂർത്തിയായശേഷം ഇവർക്കുള്ള പിഴ വിധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Brazil couple dyes waterfall blue for gender-reveal in viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com