ADVERTISEMENT

പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വീട്ടുപറമ്പുകളിൽ കത്തിക്കുന്നത് മാരകമായ അപകടം വിളിച്ചുവരുത്തുന്ന പ്രവൃത്തിയാണ്. പലതരത്തിൽ അതു മനുഷ്യനെയും പ്രകൃതിയെയും ബാധിക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലുമടക്കം പല മാരക രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. മാലിന്യം കത്തിക്കുന്നതിന്റെ പുക ചുറ്റുപാടുമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വയോധികർക്കും അടക്കം ഏറ്റവും ഹാനികരമാണ്‌. അത്തരം വിഷപ്പുക വീടിനുള്ളിൽ കടന്ന് മുറിക്കുള്ളിൽ നിറഞ്ഞാൽ അവിടെയുള്ള മനുഷ്യർക്ക് അപകടമുണ്ടാകാം. അസ്ഫിക്സിയ എന്ന അവസ്ഥയുണ്ടായി ഹൃദയം നിലച്ചുപോകാൻപോലും ഇടയുണ്ട്. 

 

വീട്ടിലെ മാലിന്യങ്ങൾ അനിയന്ത്രിതമായി കത്തിക്കുമ്പോൾ പുറത്തുവരുന്ന ഡയോക്സിനുകളും മറ്റും വളരെ വിഷലിപ്തമായ ക്ലോറിനേറ്റഡ് ഓർഗാനിക് രാസവസ്തുക്കളുടെ ഒരു കൂട്ടമാണ്. ഈ ഡയോക്സിനുകളിൽ ഭൂരിഭാഗവും ചെടികളിൽ എത്തുന്നു. ഈ സസ്യങ്ങൾ ഭക്ഷിക്കുന്ന മൃഗങ്ങളുടെ കൊഴുപ്പിൽ ഡയോക്സിൻ സംഭരിക്കപ്പെടുന്നു. അത്തരം മൃഗങ്ങളുടെ മാംസവും പാലും പാലുൽപന്നങ്ങളും മറ്റും (പ്രത്യേകിച്ചു കൊഴുപ്പു കൂടുതലുള്ളവ) കഴിക്കുന്ന നമ്മുടെ ശരീരത്തിലും ഡയോക്സിനുകൾ എത്തുന്നു. ജലാശയങ്ങളിൽ കലരുന്ന ഡയോക്സിനുകൾ മൽസ്യങ്ങളിലെത്തുകയും അതുവഴി മനുഷ്യരിലെത്തുകയും ചെയ്യുന്നുണ്ട്. ഈ രാസവസ്തുക്കൾ മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുകയും കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു. 

 

പകൽ കത്തിച്ച മാലിന്യത്തിൽനിന്ന് രാത്രി മുഴുവൻ പുകയുയരുകയും അതു വീടുകളിൽ നിറയുകയും ചെയ്യാറുണ്ട്. അതു പലരും അവ‌ഗണിക്കാറാണു പതിവ്. മാലിന്യപ്പുകയെക്കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിനുകാരണം. വീടിനു മുന്നിലെ റോഡിൽ സ്വന്തം പറമ്പിലെ മാലിന്യം കത്തിക്കുന്നവരുമുണ്ട്. ഒരു മാലിന്യവും കത്തിക്കാൻ പാടില്ല. അത് നിയമം വഴി നിരോധിച്ചിട്ടുള്ളതാണ്‌. ഇൻസിനറേറ്ററുകൾ നിയമാനുസൃതമല്ല. സ്വകാര്യ വ്യക്തികൾക്കും ഫ്ളാറ്റ് സമുച്ചയങ്ങൾക്കും ഇൻസിനറേറ്ററുകൾ ഉപയോഗിക്കാൻ അനുവാദമില്ല.

 

പറമ്പിൽ മാലിന്യം കത്തിക്കുമ്പോൾ ഹാനികരമായ ഡയോക്സിനുകൾ, കാർബൺ മോണോക്സൈഡ്, മെർക്കുറി, കാഡ്മിയം, ലെഡ്, ക്രോമിയം, ആഴ്സെനിക് പർട്ടിക്കുലേറ്റ് മാറ്റർ എന്നീ സൂക്ഷ്മ രാസധൂളീകണങ്ങൾ, പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ബാഷ്പശീലതയുള്ള രാസസംയുക്തങ്ങൾ, ഹെക്സാ ക്ലോറോ ബെൻസീൻ തുടങ്ങിയവ വീടിനുള്ളിലും പരിസരത്തും അയലത്തും പരക്കുന്നു. ഈ രാസകണങ്ങൾ മനുഷ്യരും വളർത്തുമൃഗങ്ങളും ശ്വസിക്കുന്നു. ഇവ മണ്ണിൽ കലർന്ന് കിണറ്റിലും അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ, പശു, ആട്, കോഴി, താറാവ് എന്നിവയിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളിലും എത്തുന്നു. വായു, ആഹാരം, ജലം എന്നിവയിലൂടെ ഇവ തുടർച്ചയായി മനുഷ്യ ശരീരത്തിലെത്തുകയും ചെയ്യുന്നു.

 

ആളുകൾക്ക് ഒരു കാരണവുമില്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാകുന്നതിനു പിന്നിൽ അലക്ഷ്യമായ ഇത്തരം പ്രവൃത്തികളാണ്‌. വളരെ ലാഘവത്തോടെ നമ്മൾ കാണുന്ന ഇക്കാര്യങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വീട്ടുപറമ്പിൽ കത്തിച്ച് അനാരോഗ്യം വിളിച്ചു വരുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ വേണ്ടതുണ്ട്.

 

English Summary: Burning plastic can affect air quality, public health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com