ADVERTISEMENT

മനുഷ്യർ ഭൂമിയിൽ സൃഷ്ടിക്കുന്ന മാലിന്യ ദുരന്തം ലോകത്തിന്റെ നെറുകയിൽ വരെ എത്തിനിൽക്കുന്നു. മൗണ്ട് എവറസ്റ്റിൽ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങളാണ് സ്ഥിതിഗതികൾ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നത്. സാഹസികതയും പർവതാരോഹണവും ഇഷ്ടപ്പെട്ട്  എവറസ്റ്റ് കീഴടക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് എവറസ്റ്റിൽ മാലിന്യത്തിന്റെ അളവും വർധിച്ചു വരികയാണ്. പതിറ്റാണ്ടുകളായി ഇത്തരത്തിൽ ഇവിടെയെത്തുന്നവർ ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ എവറസ്റ്റിന് തീരാപ്രശ്നമായി കഴിഞ്ഞു.

 

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് മാലിന്യ പ്രശ്നത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നത്. പർവതത്തിലെ ഒരു ക്യാമ്പിൽ ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട ടെന്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്. സമുദ്രനിരപ്പിൽ നിന്നും നിന്നും 8848.86 ഉയരത്തിലുള്ള ക്യാമ്പ് നാലിൽ നിന്നും പകർത്തിയിരിക്കുന്ന ദൃശ്യമാണിത്. ഇത്രയധികം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് ഹൃദയം തകർക്കുന്ന കാഴ്ചയാണെന്നും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ദൃശ്യത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. 

 

എവറസ്റ്റ് ടുഡേ എന്ന പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശക്തമായ നിയന്ത്രണങ്ങൾ നിലവിൽ വരുത്താനും പരിസ്ഥിതി സൗഹൃദപരമായി പർവതാരോഹണം നടത്തുന്നതിനെക്കുറിച്ച് അവബോധം നൽകാനും കൃത്യമായി മാലിന്യ സംസ്കരണം നടത്താനുള്ള സംവിധാനങ്ങൾ കൊണ്ടുവരാനും ആവശ്യപ്പെടണമെന്നും കുറിപ്പിലുണ്ട്. നാഷണൽ ജോഗ്രഫിക്കിന്റെ കണക്കുകൾ പ്രകാരം പർവതാരോഹണത്തിന് എത്തുന്ന ഓരോ വ്യക്തികളും ഭക്ഷണ മാലിന്യങ്ങൾ, ടെന്റുകൾ, ഒഴിഞ്ഞ ഓക്സിജൻ ടാങ്കുകൾ തുടങ്ങി വിസർജ്യങ്ങളടക്കം ശരാശരി എട്ടു കിലോഗ്രാമിനടുത്ത് മാലിന്യം എവറസ്റ്റിൽ ഉപേക്ഷിക്കുന്നുണ്ട്.

 

കൊടുമുടി കയറുന്നതിന്റെ ക്ഷീണവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം മൂലമാണ് പലരും ഭാരമേറിയ ടെന്റുകളും മറ്റും താഴ്‌വാരത്തേക്ക് ചുമക്കാൻ കൂട്ടാക്കാത്തത്. എന്തായാലും ചിത്രങ്ങൾ പുറത്തുവന്നതോടെ അത് ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പർവതാരോഹകരും ഭരണകൂടങ്ങളും പ്രവർത്തിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്. ഇത് സാഹസികതയായി കാണാനാവില്ലെന്നും മാനസിക സന്തോഷത്തിന്റെ പേരിൽ മനുഷ്യർ തോന്നുന്നതുപോലെ പ്രവർത്തിക്കുന്ന പ്രവണത ശരിയല്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

 

ഭൂമിയുടെ മനോഹാരിതയും ശുദ്ധ വായുവും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ അത് ലഭ്യമാകുന്ന ഇടങ്ങൾ തന്നെ ഇത്തരത്തിൽ മലിനമാക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇതിൽപരം ആപത്ത് ഭൂമിക്ക് വരുത്തിവയ്ക്കാനില്ലെന്നും അഭിപ്രായങ്ങളുണ്ട്. സമുദ്രമാകെ മാലിന്യംകൊണ്ട് നിറച്ച മനുഷ്യർ കൊടുമുടികളെ പോലും വെറുതെ വിടുന്നില്ലെന്നത് ഞെട്ടലോടെയാണ് മറ്റു ചിലർ നോക്കിക്കാണുന്നത്.

 

English Summary: Video Shows Shocking Amount Of Garbage Piling Up At Mount Everest Campsite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com