പുകമഞ്ഞിൽ പിടയുന്ന ന്യൂയോർക്ക്; ഡൽഹിക്കും ഇത് പുതുമയല്ല, എല്ലാ ശൈത്യവും മരണത്തിന്റെ വക്കില്‍
Mail This Article
കാനഡയിലെ പാരിസ്ഥിതിക പ്രതിസന്ധിയാണ് ഇപ്പോൾ ലോകത്തെ പ്രധാനചർച്ചാ വിഷയം. കാനഡയിൽ കത്തിപ്പടരുന്ന കാട്ടുതീ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. ഒന്നല്ല, 150ലധികം പ്രദേശങ്ങളിലായാണ് കാനഡയിൽ കാട്ടുതീ പടരുന്നത്. ഏകദേശം 94 ലക്ഷത്തോളം ഏക്കർ പ്രദേശമാണ് ഇതിനകം തീ വിഴുങ്ങിയത്. ഈ നില തുടർന്നാൽ കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ദുരന്തമായി ഇത് മാറുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ സാധാരണത്തേക്കാൾ പന്ത്രണ്ട് ഇരട്ടി മേഖലയിലാണ് ഈ വർഷം കാട്ടു തീ പടർന്നിരിക്കുന്നത്. കാനഡയിൽ നിന്ന് മാത്രമല്ല അമേരിക്കയിൽ നിന്നും അറുന്നൂറിൽ അധികം അഗ്നിരക്ഷാ സേന തീയണയ്ക്കാൻ എത്തിയിട്ടുണ്ട്.
പുകമഞ്ഞിൽ ശ്വാസംമുട്ടി ന്യൂയോർക്ക്
കാനഡയിലെ കാട്ടുതീയിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവർ ന്യൂയോർക്കിലെ ജനങ്ങളാണ്. ഇവിടത്തെ വായുമലിനീകരണ തോത് അതീവ അപകടകരമായ നിലയിലാണ്. ഒരു ക്യൂബിക് മീറ്ററിന് 500 മൈക്രോഗ്രാമിന് മുകളിൽ എന്ന അളവിലാണ് പുകയുടെ അളവ്. പുകയുടെ കാഠിന്യം മൂലം ഏതാണ്ട് ഇളം ഓറഞ്ച് നിറത്തിലാണ് ന്യൂയോർക്കിലെ ആകാശവും അന്തരീക്ഷവും. മാത്രമല്ല മലിനീകരണം അമേരിക്കയിലെ തന്നെ വിമാനഗതാഗതത്തെയും തകിടം മറിച്ചിട്ടുണ്ട്. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സൗജന്യ മാസ്ക് വിതരണവും തുടങ്ങിയിട്ടുണ്ട്. പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത് താൽക്കാലിക സാഹചര്യമാണെന്നും പുകമഞ്ഞ് പോകുംവരെ എല്ലാവരും മാസ്ക് ധരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭ്യർത്ഥിച്ചു. കാനഡയുടെ അതിർത്തി നഗരം കൂടിയായ ടൊറന്റോയിലും സമാന അവസ്ഥയാണ്.
ശൈത്യകാലത്ത് ന്യൂയോർക്ക് ആകുന്ന ഡൽഹി
പുകമഞ്ഞിൽ എല്ലാ വർഷവും വീർപ്പുമുട്ടുന്ന ഇന്ത്യയിലെ നഗരമാണ് ന്യൂഡൽഹി. ന്യൂയോർക്കിലെ പുകമാലിന്യത്തിന് കാരണം അയൽരാജ്യമായ കാനഡയിൽ ഉണ്ടായ കാട്ടുതീ ആണെങ്കിൽ, ഡൽഹിയിലെ പുകമഞ്ഞിനും തൽഫലമായുണ്ടാകുന്ന പാരിസ്ഥിതിക, ദൈനംദിന, ആരോഗ്യ പ്രതിസന്ധികൾക്ക് കാരണം അയൽസംസ്ഥാനങ്ങളായ ഹരിയാനയും പഞ്ചാബുമാണ്. നവംബർ മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്നതാണ് ഉത്തരേന്ത്യയിലെ ശൈത്യകാലം. ഈ സമയത്ത് വിളവെടുപ്പിന് ശേഷം കർഷകർ കൃഷിയിടത്തിൽ കച്ചികൾക്ക് തീയിടും.
പഞ്ചാബിലെ തീയും ശൈത്യകാലത്തെ കാറ്റും
ഉത്തർപ്രദേശിലും തീയിടൽ ഉണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നില്ല. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരുടെ തീയാണ് ഡൽഹിയിലെ പുകയ്ക്ക് കാരണമാകുന്നത്. നവംബറിന്റെ ആദ്യവാരത്തിൽ തന്നെ പഞ്ചാബിലെ കർഷകർ തീയിട്ട് തുടങ്ങും. അധികം വൈകാതെ തന്നെ ഇതിന്റെ പുക വലിയ തോതിൽ ഡൽഹി നഗരത്തിലേക്ക് എത്തും. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന കാറ്റ് ഹിമാലയത്തിന്റെ തെക്ക് ഭാഗത്തായി വീശാറുണ്ട്. ഈ കാറ്റാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള തീയുടെ പുക ഡൽഹിയിലേക്ക് എത്തിക്കുന്നത്.
വാഹനങ്ങളുടെ എണ്ണത്തിലെ വർധനവും വ്യാപകമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും മൂലം ഡൽഹിയിലെ വായു എല്ലായ്പ്പോഴും മലിനമായ നിലയിലാണ്. ഇതിന് പുറമെയാണ് ശൈത്യകാലത്തെ മഞ്ഞിനൊപ്പമുള്ള പുകയുടെ വരവ്. ശൈത്യകാലത്തിന്റെ ആദ്യ പാദം മുഴുവൻ ഡൽഹിയില്‍ ‘ഡാർക് റെഡ്’ അലർട്ട് ആണ്.
വായുമലിനീകരണ തോത് സൂചിപ്പിക്കാൻ പച്ച മുതൽ, കടും ചുവപ്പ് വരെയുള്ള ആറ് നിറങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ പച്ച ആരോഗ്യകരമായ ശുദ്ധവായുവിനെയും പിങ്ക് നിറം ശരാശരി അളവിൽ മലിനീകരിക്കപ്പെട്ട വായുവിനെയും സൂചിപ്പിക്കുന്നു. മഞ്ഞ നിറം മോശം വായുവിനെയും, ചുവപ്പ് നിറം അപകടകരമായ മലിനീകരണ തോതിനെയും പ്രതിനിധീകരിക്കുന്നു. കടും ചുവപ്പ് നിറമാണ് അതീവ അപകടകരമായ തോതിലുള്ള വായുമലിനീകരണത്തിനുള്ള മുന്നറിയിപ്പിനായി ഉപയോഗിക്കുന്നത്.
സ്മോഗ് എന്ന നിശബ്ദ കൊലയാളി
മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യാസാന്ദ്രതയും കെട്ടിടങ്ങളുടെയും, വാഹനങ്ങളുടെയും എണ്ണവും ഏറ്റവും അധികമുള്ള പ്രദേശമാണ് ഡൽഹി. അതുകൊണ്ട് തന്നെ ഈ മേഖലയിലെ താപനിലയിലും, മർദത്തിലും വ്യത്യാസം വരുന്നുണ്ട്. ഈ വ്യത്യാസം കാറ്റിനെ കൂടുതൽ ആകർഷിക്കുകയും തുടർന്ന് പുക ഈ മേഖലയിലേക്ക് വലിയ തോതിൽ എത്തുകയും ചെയ്യുന്നു. പുകയും, ശൈത്യകാലത്തെ മഞ്ഞും കൂടിയാകുമ്പോൾ സ്മോഗ് എന്ന് വിളിക്കുന്ന അപകടകാരിയായ പുകമഞ്ഞായി മാറുന്നു.
പാരിസ്ഥിതികവും, ആരോഗ്യകരവുമായ ഒട്ടേറെ പ്രശ്നങ്ങൾക്കാണ് സ്മോഗ് കാരണമാകുന്നത്. ശ്വസിക്കുന്നതിനിടയിൽ പുകയോടൊപ്പം എത്തുന്ന ചെറിയ അപകടകരമായ പദാർത്ഥങ്ങൾ രക്തത്തിൽ കലരുന്നു. ഇത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ശ്വാസകോശ, ഹൃദയസംബന്ധമായ രോഗികൾ ഏറ്റവും കൂടുതൽ ഡൽഹിയിലായതിന് കാരണം ഈ മലിനീകരണം തന്നെയാണ്. കുട്ടികളിൽ ഓട്ടിസം, തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളും കൂടുതലാണ്. പുകമഞ്ഞ് സമയത്ത് കണ്ണിനും, തൊലിപ്പുറത്തും അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് ഡൽഹിയിൽ പതിവാണ്.
പ്രതിരോധ നടപടികൾ
കർഷകർക്കിടയിൽ വലിയ രീതിയുള്ള ബോധവത്കരണം ഹരിയാന, പഞ്ചാബ് സർക്കാരുകൾ നടത്തുന്നുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന ശീലമായിതിനാൽ എളുപ്പത്തിൽ കർഷകരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുക എളുപ്പമല്ല. ഇതോടൊപ്പമാണ് ഡൽഹിയിൽ തന്നെ സർക്കാർ നടപ്പിലാക്കിയ വാഹന നിയന്ത്രണ പദ്ധതിയും മറ്റും.
സമീപകാലത്ത് ഏറ്റവുമധികം വായുമലിനീകരണം റിപ്പോർട്ട് ചെയ്തത് 2019 ശൈത്യകാലത്താണ്. അതിനുശേഷം കോവിഡ് കാലത്ത് മലിനീകരണ തോത് കുറഞ്ഞെങ്കിലും പുക മൂലം കടുംചുവപ്പ് നിറത്തിലെ സൂചികയിൽ തന്നെയായിരുന്നു ഡൽഹി. കഴിഞ്ഞ വർഷവും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. എങ്കിലും വരും വർഷങ്ങളിൽ ശാസ്ത്രീയമായ നടപടികളിലൂടെ വിളവെടുപ്പിന് ശേഷം വരുന്ന കച്ചികളും മറ്റും സംസ്കരിച്ച് പുകമാലിന്യം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Canada wildfire smoke, Newyork, Delhi air pollution.