ADVERTISEMENT

സുനാമി ദുരന്തത്തിൽ സാരമായ കേടുപാടുകളുണ്ടായ ഫുക്കുഷിമ ആണവനിലയത്തിലെ മലിനജലം പസിഫിക് സമുദ്രത്തിലൊഴുക്കാനുള്ള പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമിടാൻ ജപ്പാൻ, 13.4 ലക്ഷം ടൺ വെള്ളമാണ് ഇപ്രകാരം നിലയത്തിലുള്ളത്. 500 നീന്തൽക്കുളങ്ങളിൽ നിറയ്ക്കാനുള്ള അളവുണ്ട് ഇത്. 2011ൽ ഫുക്കുഷിമ ദുരന്തം സംഭവിച്ചതു മുതൽ ശേഖരിക്കപ്പെടുന്ന വെള്ളമാണ് ശുദ്ധീകരണത്തിനും നേർപ്പിക്കലിനും ശേഷം ജപ്പാൻ കടലിലേക്ക് പുറന്തള്ളാൻ ഒരുങ്ങുന്നത്. 30 വർഷമെടുത്താകും വെള്ളം പൂർണമായി ഒഴുക്കുന്നത്.

ടോക്യോയിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും ഡീക്കമ്മിഷൻ ചെയ്യാനും ജലം മുഴുവൻ ഒഴുക്കിക്കളയണമെന്നാണ് ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറയുന്നത്. എന്നാൽ നീക്കത്തിനെതിരെ ജപ്പാനകത്തും പുറത്തും പ്രതിഷേധമുണ്ട്. ചൈന ശക്തമായ വിമർശനവുമായി രംഗത്തുണ്ട്.

ഫുക്കുഷിമ ദുരന്തം

യുക്രൈനിലെ ചേണോബിൽ ആണവ ദുരന്തത്തിനു ശേഷം നടന്ന ഏറ്റവും വലിയ ആണവദുരന്തം, ജപ്പാനെ അടിപതറിച്ചു കളഞ്ഞ ശക്തമായ ഭൂചലനം, തുടർന്ന് മരണത്തിന്റെ ദൂതുമായി അലറിപ്പാഞ്ഞെത്തിയ വമ്പൻ രാക്ഷസത്തിരകൾ. ഇവയെല്ലാം ചേർന്നതായിരുന്നു ഫുക്കുഷിമ ദുരന്തം. പ്രകൃതി ദുരന്തമെന്നോ വ്യാവസായിക ദുരന്തമെന്നോ കണക്കാക്കാൻ കഴിയാത്ത രണ്ടും ചേർന്ന മഹാദുരന്തം.

fukushima-3
മാലിന്യജലം പസിഫിക് സമുദ്രത്തില്‍ ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് ജനം (Photo: Twitter/@NewsBFM)

2011 മാർച്ച്, തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, സെൻഡായി ഇതിന് ഏറ്റവും അടുത്തുള്ള നഗരവും. ജാപ്പനീസ് തലസ്ഥാനമായ ടോക്യോവിൽ നിന്ന് 372 കിലോമീറ്റർ അകലെയായിരുന്നു ഈ സംഭവ വികാസങ്ങൾ. ഇടയ്ക്കിടെ ഭൂചലനങ്ങൾ നടക്കുന്ന രാജ്യമാണ് ജപ്പാൻ. എന്നാൽ ഈ ഭൂചലനം വ്യത്യസ്തമായിരുന്നു. രാജ്യത്തു സംഭവിച്ചതിൽ ഏറ്റവും ശക്തമായ ഭൂചലനം, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനം. റഷ്യയിലും തയ്‌വാനിലും ചൈനയിലെ ബെയ്ജിങ്ങിലുമൊക്കെ ഇതിന്റെ അലകൾ അനുഭവപ്പെട്ടിരുന്നു. എഡി 869ൽ നടന്ന ജോഗൻ ഭൂചലനത്തിനു ശേഷം ഇത്ര കടുത്ത ഒരു ഭൂചലനം മേഖലയിൽ നടന്നിട്ടുണ്ടായിരുന്നില്ല.

താമസിയാതെ തന്നെ ഭൂചലനത്തിന്റെ ഫലമായി കൂറ്റൻ സുനാമിത്തിരകൾ കടലിൽ ഉയർന്നു പൊങ്ങി. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചില രാക്ഷസത്തിരകൾ. തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ തീരത്തെ ആക്രമിക്കാൻ പുറപ്പെട്ടു. സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു. അവിടത്തെ വിമാനത്താവളം കടൽവെള്ളത്തിൽ മുങ്ങി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. ഇവ തിരികെ കടലിലേക്കു വലിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിനൊപ്പം കടലിലേക്ക് ഒഴുകിപ്പോയെന്നാണു കണക്കുകൾ.

ഫുക്കുഷിമ ആണവനിലയം (Photo: Twitter/@narrative_hole)
ഫുക്കുഷിമ ആണവനിലയം (Photo: Twitter/@narrative_hole)

ജപ്പാനിൽ മാത്രമല്ല, കലിഫോർണിയയുടെ തീരങ്ങളിലും ഹവായ് ദ്വീപുകളിലും അന്റാർട്ടിക്കയിൽ പോലും ഇതുമൂലമുള്ള സൂനാമിത്തിരകൾ എത്തി, അന്റാർട്ടിക്കയിൽ സൂൽസ്ബെർഗർ എന്ന ഹിമപാളി പൊട്ടിമാറാൻ കാരണമായതും ഈ തിരകളാണ്. ഇരുപതിനായിരത്തോളം ആളുകൾ ഈ സുനാമിയിൽ പെട്ടു ജീവൻവെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. പലരെയും ഇന്നും കണ്ടെത്തിയിട്ടില്ല. ഇതിൽ പകുതിയിലേറെപ്പേർക്ക് 65നു മുകളിൽ പ്രായമുണ്ടായിരുന്നു. ടൊഹാക്കോ മേഖലയിലെ റോഡ് -റെയിൽ- വ്യോമ ഗതാഗതം പൂർണമായി തകർന്നു. പാലങ്ങൾ പൊട്ടിത്തകർന്നു. ഫുക്കുഷിമ നഗരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് തകർന്നു ജലപ്രവാഹമുണ്ടായി. ജപ്പാൻ മാസങ്ങളോളം സ്തംഭിച്ചു.

ഫുക്കുഷിമ ആണവനിലയം (Photo: Twitter/@NewsBFM)
ഫുക്കുഷിമ ആണവനിലയം (Photo: Twitter/@NewsBFM)

ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. സുനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സുനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി. ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി.

ഇത് റിയാക്ടറിന്റെ കണ്ടെയ്ൻമെന്റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്ഫോടനം നടക്കുകയും ചെയ്തു. ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു. പ്ലാന്റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചേണോബിൽ സ്ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്. ഇതിനു ചുറ്റുമുള്ള കടൽ വെള്ളത്തിൽ അയഡിൻ -131 എന്ന ആണവവസ്തുവിന്റെ ഉയർന്ന തോതിലുള്ള അളവ് കണ്ടെത്തിയത് ഇതിന്റെ നേർസാക്ഷ്യം.

ഫുക്കുഷിമയിൽ ഇന്നും കരയിലും കടലിലും ആണവ അവശിഷ്ടങ്ങളുണ്ട്. എന്നാൽ ഇന്നവ അപകടം കുറഞ്ഞ നിലയിലാണ്. ഫുക്കുഷിമ വർത്തമാനകാല ലോകത്തിന്റെ നോവാണ്, പാഠവുമാണ്.

Content Highlights: Japan | Fukushima | Global Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com