ഹൃദയാഘാതമുണ്ടാകുന്നവർ ഇഞ്ചി കഴിച്ചാല്‍ രക്ഷപ്പെടുമോ? | Fact Check
Mail This Article
ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഹൃദയാഘാതം ഉണ്ടാകുന്ന ഉടൻ തന്നെ ഇഞ്ചി കഴിക്കുന്നത് രോഗിയുടെ ജീവൻ രക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വസ്തുതാ പരിശോധനയ്ക്കായി ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.വാസ്തവമറിയാം
∙ അന്വേഷണം
അല്പം ഇഞ്ചി കയ്യിൽ കരുതാൻ ആർക്കാണ് ബുദ്ധിമുട്ടുണ്ടാകുക. ഹൃദയാഘാതം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് പ്രാദേശിക ഇഞ്ചി നിങ്ങളുടെ പോക്കറ്റിൽ വജ്രം പോലെ സൂക്ഷിക്കുക. ആക്രമണം ഉണ്ടായാലുടൻ, മുകളിലെ ക്ലിപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ഇരുന്നു ഇഞ്ചി ചവയ്ക്കുക. നിങ്ങളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് വരെ ചവയ്ക്കുക..എല്ലാവർക്കും ഷെയർ ചെയ്യുക.പങ്കിടൽ ഒരു ജീവൻ രക്ഷിക്കും എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
വിഡിയോ വിശദമായി പരിശോധിച്ചപ്പോൾ, ഹൃദയാഘാതമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വേദിയിൽ നിൽക്കുന്ന ഒരാള്‍ തന്റെ മുന്നിലിരിക്കുന്നവരോട് സംസാരിക്കുകയാണെന്ന് വ്യക്തമായി. ശരീരം ഹൃദയാഘാത സൂചനകള്‍ കാണിച്ചു തുടങ്ങിയാല്‍ നമ്മള്‍ ആംബുലന്‍സ് വിളിക്കും, രോഗിയെ ഡോക്ടറുടെ സമീപത്ത് എത്തിക്കും. ഇതിനിടയിലുള്ള സമയം പ്രധാനമാണ്. നമ്മുടെ എല്ലാ വീടുകളിലും ചെറുതും എന്നാൽ വളരെ വിലമതിക്കാനാവാത്തതുമായ ഇഞ്ചി എന്നൊരു വസ്തുവുണ്ട്. നിങ്ങൾ രോഗിയോട് ഇത് ചവയ്ക്കാൻ ആവശ്യപ്പെടുക. കണ്ണിലൂടെ വെള്ളം ഒഴുകി വരുന്നതുവരെ അവരെ ചവയ്ക്കാൻ പ്രേരിപ്പിക്കുക. 2-5 മിനിറ്റിനുള്ളിൽ അവരുടെ കണ്ണുകൾ നനയാൻ തുടങ്ങും. ഇത് ഹൃദയ തടസ്സം നീങ്ങിയതിന്‍റെ സൂചനയാണ്. അതിനുശേഷം നിങ്ങൾക്ക് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാം, അപ്പോഴേക്കും രോഗി സുരക്ഷിതനായിരിക്കും. കാരണം ശരീരം ഉടനടി നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ തുടങ്ങുകയും വാസോഡിലേഷൻ കാരണം നിങ്ങളുടെ ധമനികൾ തുറക്കുകയും ചെയ്യുന്നു. തടസ്സം വഴിമാറി നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നാണ് ഇയാൾ പറയുന്നതെന്ന് വ്യക്തമായി.
ഹൃദയാഘാതം തടയാൻ ഇഞ്ചി ഫലപ്രദമാണെന്നത് സംബന്ധിച്ച പഠനങ്ങളെന്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇഞ്ചി കഴിക്കുന്നത് ഫലപ്രദമാണോ എന്ന് International Journal of Cardiology ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനത്തിൽ ഇഞ്ചി ഗണ്യമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആൻറി പ്ലേറ്റ്‌ലെറ്റ്, ഹൈപ്പോടെൻസിവ്, ഹൈപ്പോലിപിഡെമിക് ഇഫക്ടുകൾ കാണിച്ചതായി വ്യക്തമാക്കുന്നുണ്ട്.എന്നാൽ ഒരിക്കലും ഹൃദയാഘാതം വന്നവർ ഇഞ്ചി കഴിച്ചാൽ രക്ഷപ്പെടുമെന്ന തരത്തിലുള്ള പഠനങ്ങളൊന്നും തന്നെ എവിടെയും പരാമർശിച്ചിട്ടില്ല.
മറ്റ് ചില മെഡിക്കല്‍ പഠനങ്ങളിലും ഉയർന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇഞ്ചി ശരീരത്തെ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
സ്ഥിരീകരണത്തിനായി വിവിധ ആശുപത്രികളിലെ ഹൃദയാരോഗ്യ വിദഗ്‌ദരുമായി ഞങ്ങൾ സംസാരിച്ചു. ഹൃദയാഘാതം വന്നവർ ഇഞ്ചി കഴിച്ചാൽ രക്ഷപ്പെടുമെന്ന ഈ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. ഒരാൾക്ക് പെട്ടന്ന് ഹൃദയാഘാതം നേരിട്ടാൽ സിപിആർ അടക്കമുള്ള പ്രഥമ ശുശ്രൂഷകൾ നൽകാം. ഇതോടൊപ്പം അടിയന്തിരമായി രോഗിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കണം എന്നത് തന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. അല്ലാത്തപക്ഷം രോഗിക്ക് മരണം വരെ സംഭവിക്കാം. ഡോക്ടർമാർ പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇഞ്ചി കഴിക്കുന്നത് രോഗിയെ രക്ഷപ്പെടുത്തുമെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇഞ്ചി കഴിക്കുന്നത് രോഗിയെ രക്ഷപ്പെടുത്തുമെന്ന പ്രചാരണം വ്യാജമാണ്.
English Summary :The propaganda that eating ginger immediately after a heart attack will save the patient is false