അയോധ്യയിലെ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി; വാസ്തവമറിയാം | Fact Check
Mail This Article
അയോധ്യയും രാമക്ഷേത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലെ ‘ട്രെൻഡിങ് വർത്തമാനം’. അയോധ്യയിലെ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എന്ന അവകാശവാദവുമായി ഇതിനിടെ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
അയോധ്യ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാന സേവകൻ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
പ്രധാനമന്ത്രി നരേന്ദ്രമോദി നിലം വൃത്തിയാക്കുന്ന വസ്തുക്കളുമായി നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. റിവേഴ്സ് ഇമേജ് വഴി ചിത്രം പരിശോധിച്ചപ്പോൾ ചിത്രം ഉൾപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ‘ജൻ കി ബാത്’ എന്ന എക്സ് പ്ലാറ്റ്‌ഫോമിലെ പേജിൽ വൈറൽ ചിത്രമടങ്ങിയ പോസ്റ്റ് ലഭിച്ചു. മഹാരാഷ്ട്ര നാസിക്കിലെ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
കൂടുതൽ തിരഞ്ഞപ്പോൾ സ്വച്ഛത അഭിയാൻ ക്യാംപെയ്‌നിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര പരിസരം വൃത്തിയാക്കിയതെന്നും മഹാരാഷ്ട്ര നാസിക്കിലെ കാലാറാം ക്ഷേത്രമാണ് മോദി വൃത്തിയാക്കിയതെന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സ്വച്ഛതാ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ നാസിക്കിൽ നടന്ന 27–ാമത് ദേശീയ യുവജനോത്സവത്തിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ജനുവരി 22 ന് അയോധ്യയിൽ രാം ലല്ലയുടെ 'പ്രാൺ പ്രതിഷ്ഠ' ദിനത്തിൽ രാജ്യത്തുടനീളമുള്ള തീർത്ഥാടന സ്ഥലങ്ങളും ക്ഷേത്രങ്ങളും വൃത്തിയാക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്തുകൊണ്ട് ശുചിത്വ കാമ്പെയ്‌നുകൾക്കായുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മോദി നാസിക്കിലെ കാലാറാം ക്ഷേത്ര പരിസരം വൃത്തിയാക്കിയത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് പേജിലും ചിത്രമടങ്ങുന്ന വിഡിയോയും പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളടങ്ങുന്ന ദൃശ്യങ്ങളും പങ്ക് വച്ചിട്ടുണ്ട്.
∙ വാസ്തവം
അയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വാസ്തവവിരുദ്ധമാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കാലാറാം ക്ഷേത്ര പരിസരം സ്വച്ഛ് മന്ദിർ ക്യാംപെയ്ന്റെ ഭാഗമായി പ്രധാനമന്ത്രി വൃത്തിയാക്കുന്ന ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.
English Summary: The post circulating claiming that Prime Minister Narendra Modi is cleaning the Ram temple in Ayodhya is false