ADVERTISEMENT

കർണാടക ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമ–ലക്ഷമണൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കർണാടക സംസ്ഥാന ഘടകം പുറത്തിറക്കിയ പോസ്റ്റർ കേരളത്തിലെ സമൂഹമാധ്യമ പേജുകളിൽ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു‌. ഇതിന്റെ  സത്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം.

∙ അന്വേഷണം

ഇതൊക്കെ ഫോണിൽ സ്റ്റോർ ചെയ്തു വച്ചേക്കണേ കൊങ്ങികളെ ആവശ്യം വരും Dyfi കർണാടക യുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ dyfi യുടെ പഴയ കാല ദേശീയ നേതാക്കളായ സ:രാമനും, സ, ലക്ഷ്മണനും ഉണ്ടല്ലോ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

പോസ്റ്റർ വിശദമായി പരിശോധിച്ചപ്പോൾ ഇടതുപക്ഷ സംഘടനയുടെ 12-ാം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിക്കുന്നതാണ് ഉള്ളടക്കം.  

കാൾ മാർക്‌സ്, ചെ ഗവാര, ഡോ.ബി.ആർ. അംബേദ്കർ, ഭഗത് സിങ്, ടിപ്പു സുൽത്താൻ തുടങ്ങിയ വിപ്ലവകാരികളുടെയും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ചിത്രങ്ങളാണ് പോസ്റ്ററിൽ. ഇതോടൊപ്പം പോസ്റ്ററിൽ ഏറ്റവും താഴെയായി അമ്പും വില്ലും ധരിച്ച കിരീടധാരികളായ രണ്ട് പുരുഷന്മാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളാണ് രാമ–ലക്ഷ്മണൻമാരുടേതെന്ന തരത്തിൽ പ്രചരിക്കുന്നത്.

ആദ്യം ഞങ്ങൾ ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് പരിശോധിച്ചു. സമാന പോസ്റ്റർ ജനുവരി 29-ന് ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്ക് വച്ചതായി കണ്ടെത്തി. രാമ–ലക്ഷ്മണൻമാരുടേതെന്ന അവകാശവാദമുന്നയിക്കുന്ന വൈറൽ ചിത്രങ്ങൾ ഈ പോസ്റ്റിലും കാണാം. 

പോസ്റ്ററിലെ വൈറൽ ചിത്രങ്ങൾ ഉൾപ്പെടുന്ന ഭാഗം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇതേ ചിത്രങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങളുള്ള കന്നഡയിലുള്ള ചില യൂട്യൂബ് വിഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു.

കോട്ടി-ചെന്നയ പർദ്ദന സംപുത (ബുദ്യന്ത ബീര)'എന്നാണ് വിഡിയോയുടെ തലക്കെട്ട്. വ്യക്തതയ്ക്കായി ഈ സൂചനകൾ ഉപയോഗിച്ച് ഞങ്ങൾ  ഒരു കീവേഡ് തിരയൽ നടത്തി. തുളുനാട്ടിലെ സാമൂഹിക പരിഷ്കര്‍ത്താക്കളായിരുന്നു ഇരട്ടനായകന്മാരായി അറിയപ്പെടുന്ന കോട്ടിയും ചെന്നയ്യയും എന്ന വിവരങ്ങളാണ്  ഞങ്ങൾക്ക് ലഭിച്ചത്.  എഡി 1500നും 1600നും മധ്യേയുള്ള കാലഘട്ടത്തിൽ ഇവർ കർണ്ണാടകയിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 

ഇരട്ട സഹോദരങ്ങളുടെ വീരകൃത്യങ്ങളിൽ തുളുനാട്ടിലെ ജനം ഇന്നും ഇവരെ ആരാധിക്കുകയും അവരെ സ്വന്തം സംരക്ഷകരായി ഓർമ്മിക്കുകയും ചെയ്യുന്നു.  ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനിടെ യെൻമൂറിനു സമീപത്താണ് ഇവർ കൊല്ലപ്പെട്ടത്. തുളുനാട്ടിൽ ഉടനീളം കോട്ടിയുടെയും ചെന്നയ്യയുടെയും പേരിൽ ഗരാഡി എന്ന പേരിൽ സ്മാരകങ്ങളും നിർമ്മിച്ചിട്ടുണ്ട്.

വർഷത്തിലൊരിക്കൽ ഈ ഗരാഡികളിൽ നേമ എന്ന ഉത്സവം ആഘോഷിക്കുന്നു, എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിച്ച് ഗ്രാമവാസികൾ ഇവിടെ ഒത്തുകൂടുന്നു. കൂടാതെ ധീരരായ ഈ സഹോദരങ്ങൾ കർണ്ണിക പുരുഷന്മാർ എന്നും അറിയപ്പെടുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്.

സ്ഥിരീകരണത്തിനായി ഞങ്ങൾ ഡിവൈഎഫ്ഐ കർണ്ണാടക ഘടകവുമായി ബന്ധപ്പെട്ടു.

സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററിലുള്ളത് രാമ-ലക്ഷ്മണന്മാരല്ല, കര്‍ണാടകയുടെ വീരപുരുഷന്മാരായി അറിയപ്പെടുന്ന കോട്ടി-ചെന്നയ്യ എന്ന ഇരട്ട സഹോദരന്മാരാണിവർ. നവോത്ഥാന ചിന്തകളും മൂല്യങ്ങളും ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ ഗുരുക്കന്മാരായാണ് തുളുനാട്ടിലുള്ളവർ കോട്ടി-ചിന്നയ്യമാരെ ആദരിക്കുന്നത്.  സാമൂഹ്യ പരിഷ്കർത്താക്കളായി സമൂഹം നോക്കിക്കാണുന്ന വീരപുരുഷന്മാരാണ് പോസ്റ്ററിലുള്ളവരെല്ലാം. ചിത്രത്തിലുള്ളവരെക്കുറിച്ച് ധാരണയില്ലാത്തവരാണ് തെറ്റിധാരണകൾ പരത്തുന്നതെന്ന് ഡിവൈഎഫ്ഐ കർണ്ണാടക ഘടകം വക്താവ് വ്യക്തമാക്കി. കർണ്ണാടകയിലെ വിഖ്യാത കവിയും ജ്ഞാനപീഠ ജേതാവുമായ കൂവെമ്പു, തുളുനാട്ടിലെ വീര റാണിയായി അറിയപ്പെടുന്ന റാണി അബ്ബക്ക, കര്‍ണാടക കവിയും തത്വചിന്തകനുമായ ബസവണ്ണ എന്നിവരും  കോട്ടി, ചെന്നയ്യ സഹോദരന്മാര്‍ക്കൊപ്പം ഇതേ പോസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെക്കൂടാതെ മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവുമടക്കമുള്ള പ്രമുഖരും പോസ്റ്ററിലുണ്ട്.

ഇതിൽ നിന്ന് ഹിന്ദുദൈവങ്ങളായ രാമ–ലക്ഷ്മണന്മാരെയല്ല ഡിവൈഎഫ്ഐ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. 

∙ വാസ്തവം

കർണാടകയിലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ  രാമനെയും ലക്ഷ്മണനെയും ഉപയോഗിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. വീരപുരുഷന്മാരായി അറിയപ്പെടുന്ന തുളുനാട് ഇതിഹാസത്തിൽ നിന്നുള്ള കോട്ടി-ചെന്നയ സഹോദരന്മാരാണ് പോസ്റ്ററിലുള്ളത്. 

English Summary: The DYFI state conference poster in Karnataka claims Ram and Lakshman used in Circulating posts are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com