ഇത് ക്രിസ്ത്യൻ പള്ളിയിലെ ബിജെപി രാഷ്ട്രീയ യോഗമല്ല ; വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറ്‍ എൻഡിഎ സ്ഥാനാർഥിയായും കോൺഗ്രസിലെ പ്രമുഖൻ ശശിതരൂരും പോരാട്ടത്തിനിറങ്ങുന്ന മണ്ഡലമായതിനാൽ ഇവിടം രാഷ്ട്രീയ കേരളം ശ്രദ്ധപതിപ്പിച്ചു കഴിഞ്ഞു. ഇതിനിടെ ക്രിസ്ത്യൻ പള്ളിയിൽ ബിജെപി രാഷ്ട്രീയ യോഗം നടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിഡിയോയിൽ രാജീവ് ചന്ദ്രശേഖർ പ്രസംഗിക്കുന്നത് കാണാം."MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം .
എന്നാൽ, വൈറൽ വിഡിയോയിൽ കാണുന്നത് ബിജെപിയുടെ രാഷ്ട്രീയ യോഗമല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. സിഎസ്ഐ നേതൃയോഗത്തിൽ നിന്നുള്ള വിഡിയോയാണിത്. വാസ്തവമറിയാം.
പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
പ്രചാരത്തിലുള്ള വിഡിയോയിൽ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിൽ നിന്നും ഈയിടയ്ക്ക് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായി. തുടർന്ന് ഞങ്ങൾ രാജീവ് ചന്ദ്രശേഖറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് അക്കൗണ്ട് പരിശോധിച്ചു. പള്ളിയിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "തിരുവനന്തപുരം സി.എസ്.ഐ നേതൃയോഗത്തിൽ വികസനം, പുരോഗതി, നിക്ഷേപം, തൊഴിൽ, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള എന്റെ തെരെഞ്ഞെടുപ്പ് ആശയങ്ങൾ പങ്കുവെച്ചു" എന്ന തലക്കെട്ടോടെയാണ് പരിപാടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും അദ്ദേഹം പങ്കെടുത്ത ചടങ്ങ് സിഎസ്ഐ സഭാ നേതൃയോഗമാണ് എന്ന് വ്യക്തമായി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം .
സിഎസ്ഐ നേതൃയോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് ചില വാർത്തകൾ ലഭ്യമായി. യോഗത്തിൽ ബിജെപി നേതാവ് പിസി ജോർജും സംസാരിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് മാതൃഭൂമി.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സിഎസ്ഐ സഭ മഹായിടവക ആസ്ഥാനത്തുവച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ഇടവകാംഗങ്ങളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിഎസ്ഐ പരിപാടിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വിഡിയോ ലഭ്യമായി. രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പരിപാടിയിൽ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. വിഡിയോ ചുവടെ കാണാം.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തത്. ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായ പ്രവീൺ ടിടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഈ വീഡിയോയിലെ ഭാഗം കട്ട് ചെയ്ത് എടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം
ലഭ്യമായ വിവരങ്ങളിൽ നിന്നും ക്രിസ്ത്യൻ പള്ളിയിൽ ബിജെപി രാഷ്ട്രീയ യോഗം നടക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വിഡിയോ സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിന്റെതാണെന്ന് വ്യക്തമായി.
∙വസ്തുത
ഇത് സിഎസ്ഐ നേതൃയോഗത്തിന്റെ വിഡിയോയാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
English Summary :This is a video of the CSI leadership meeting