ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട്‌പിടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഉയർത്തിക്കാണിച്ച് വോട്ട്ബാങ്കുകൾ നിറയ്ക്കാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രീയ കക്ഷികൾ.ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കും കുറവില്ല. ഇതിനിടെ സിഎഎ കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ എം.വി.ഗോവിന്ദന്‍ എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എം.വി.ഗോവിന്ദൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പിണറായി വിജയന്റെ അതേ നിലപാടാണ് എം.വി.ഗോവിന്ദനും എടുത്തിട്ടുള്ളത്. ഇതിന്റെ വാസ്തവമറിയാം.

∙‌അന്വേഷണം

"പൗരത്വ നിയമം കേന്ദ്ര നിയമമാണ്, അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക് കഴിയില്ല. പിന്നെ എന്ത് കൊണ്ട് പിണറായി അങ്ങനെ പറഞ്ഞെന്ന് അറിയില്ല - സഖാവ് എംവി ഗോവിന്ദൻ" എന്നെഴുതിയ പോസ്റ്ററടങ്ങുന്ന ഫെ‌യ‌്സ്ബുക് പോസ്റ്റ് ചുവടെ കാണാം.  പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്

CAA2

പ്രചാരത്തിലുള്ള പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ സിഎഎ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ എംവി ഗോവിന്ദൻ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനകളെല്ലാം അത് കേരളത്തിൽ നടപ്പാക്കില്ല എന്ന പിണറായി വിജയന്റെ നിലപാടിന് സമാനമാണെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായി. "പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍" എന്ന തലകെട്ടിൽ 24ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിൽ എം.വി.ഗോവിന്ദന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി 24ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 12ന് പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ കാണാം.

CAA1

വർഗീയ ധ്രുവീകരണമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ബിജെപിക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള വർഗീയമായ ഇടപെടലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ഉണ്ടായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെതിരായ നിലപാടാണ് തുടക്കം മുതൽ തന്നെ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം മാർച്ച് 15ന് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മാതൃഭൂമി ന്യൂസ് യൂട്യൂബ് ചാനലിൽ പങ്കിട്ട വാർത്താ സമ്മേളനത്തിന്റെ വീഡിയോ ചുവടെ കാണാം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എംവി ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നു എന്ന് വ്യക്തമാക്കി കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രസിദ്ധീകരിച്ച പോസ്റ്റ് ലഭ്യമായി. "എം വി ​ഗോവിന്ദൻ മാസ്റ്റർക്കെതിരെ സമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സ. ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി.. " എന്ന് തുടങ്ങുന്ന തലകെട്ടോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാംആർക്കൈവ് ചെയ്ത ലിങ്ക്

CAA3

ലഭ്യമായ വിവരങ്ങളിൽ നിന്നും പൗരത്വ ഭേഗഗതി നിയമവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമായി. 

∙വസ്തുത

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിട്ടുള്ളത്.

English Summary :CPM State Secretary MV Govindan has also stated the Chief Minister's position that the Citizenship Amendment Act will not be implemented in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com