കൃഷ്ണ കുമാറിന്റെ കണ്ണിലെ പരുക്ക് വ്യാജമോ? പ്രചാരണത്തിന്റെ വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇൻഡ്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കനത്ത പോരാട്ടം നടക്കുന്ന കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥികൾ തമ്മിലുള്ള വാക്പോരുകളും വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.ഇടത് സ്ഥാനാർഥിയായി എം.മുകേഷും യുഡിഎഫിന് വേണ്ടി എൻ.കെ.പ്രേമചന്ദ്രനും ബിജെപിയുടെ ജി. കൃഷ്ണ കുമാറുമാണ് കൊല്ലത്ത് മല്‍സര രംഗത്തുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി ജി.കൃഷ്ണ കുമാറിന്റെ ചിത്രം വൈറലാണ്. ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും ഭാര്യയായ സിന്ധു കൃഷ്ണയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും ഉൾപ്പെടുത്തി ഉണ്ടാക്കിയ കൊളാഷ് ആണ് ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട് ചിത്രത്തിലും വ്യത്യസ്ത കണ്ണുകളിലാണ് ബാൻഡ് എയിഡ് ധരിച്ചിരിക്കുന്നത് എന്ന കുറിപ്പോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. "ഇതെന്ത് മറി മായം!! വലത്തേ കണ്ണിലെ പ്ലാസ്റ്റർ ഇടത്തെ കണ്ണിലേയ്ക്ക് മാറി!! വോട്ടർമാരുടെ അനുകമ്പ പിടിച്ചു പറ്റി എങ്ങനെ യും ജയിക്കാൻ ഓരോ വേഷം കെട്ടലുകൾ." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം
എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന കൃഷ്ണ കുമാറിന്റെ ചിത്രം മിറേഡ് അഥവാ കണ്ണാടിയിലെ പ്രതിബിംബമാണ്. പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
കൃഷ്ണ കുമാർ അണ്ണാമലൈയ്ക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ വലത് കണ്ണിലാണ് പരിക്കുള്ളത്. സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിൽ ഇടത് കണ്ണിലാണ് ബാൻഡ് എയിഡുള്ളത്. രണ്ടാമത്തെ ചിത്രം ഒരു സെൽഫിയാണ്. ഈ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതൊരു മിറേഡ് ഇമേജാവാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചു. കണ്ണാടിയിലെ പ്രതിബിംബം പോലെ ഇടത് വശവും വലത് വശവും പരസ്പരം മാറുന്നതിനെയാണ് മിറേഡ് ഇമേജ് എന്ന് പറയുന്നത്. ഇക്കാര്യം ഉറപ്പിക്കാനായി ഇവരുടെ കൂടുതൽ ചിത്രങ്ങൾ ഞങ്ങൾ പരിശോധിച്ചു. കൃഷ്ണ കുമാറും ഭാര്യയും ഇതേ വസ്ത്രം ധരിച്ച് അണ്ണാമലയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും ഞങ്ങൾക്ക് ലഭിച്ചു. ഈ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തപ്പോൾ വൈറൽ ചിത്രത്തിൽ സിന്ധു കൃഷ്ണയുടെ മൂക്കുത്തി വലത് വശത്തും കൃഷ്ണ കുമാറിന്റെ കണ്ണിലെ ബാൻഡ്-എയിഡ് ഇടത് വശത്തുമാണുള്ളതെന്നും ഇതേ ദിവസം എടുത്ത മറ്റൊരു ചിത്രത്തിൽ സിന്ധു കൃഷ്ണയുടെ മൂക്കുത്തി വലത് വശത്തും കൃഷ്ണകുമാറിന്റെ കണ്ണിലെ ബാൻഡ് എയിഡ് വലത് വശത്താണുള്ളതെന്നും വ്യക്തമായി. രണ്ട് ചിത്രങ്ങളുടെയും താരതമ്യം ചുവടെ കാണാം.
കൊല്ലത്ത് അണ്ണാമലൈ പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടിയുടെ വിഡിയോ എഎൻഐ ന്യൂസ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിൽ കൃഷ്ണ കുമാറിന്റെ വലത് കണ്ണിന് തന്നെയാണ് ബാൻഡ് എയിഡ് ഉള്ളത്. ഈ വിഡിയോ ചുവടെ കാണാം.
കൃഷ്ണ കുമാറിന്റെ പിഎയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചിത്രത്തിന്റെ ഒറിജിനൽ പതിപ്പിനെ കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. ഇതൊരു വിഡിയോയിൽ നിന്നുമെടുത്ത സ്ക്രീൻഷോട്ടാണ്. വിഡിയോയിൽ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു പരിക്കിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സെൽഫിയായിട്ടാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി
മുളവന ചന്തയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൃഷ്ണ കുമാറിന്റെ കണ്ണിന് പരുക്കേൽക്കുന്നത്. മൂർച്ചയേറിയ വസ്തു കണ്ണിൽ കൊണ്ടതാണെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രചാരണം തുടർന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം
കൃഷ്ണ കുമാറിന് കണ്ണിന് പരുക്കേറ്റതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിരുന്നു. ഏപ്രിൽ 21ന് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിക്കുന്നതിനിടെയാണ് പരിക്ക് ഉണ്ടായതെന്നും സിപിഎം പ്രവർത്തകരാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് തന്നെ ആക്രമിച്ചത് എന്നും കാണിച്ച് അദ്ദേഹം കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത ഇവിടെ വായിക്കാം
ലഭ്യമായ വിവരങ്ങളിൽ നിന്നും കൃഷ്ണ കുമാറിന്റെ കണ്ണിനേറ്റ മുറിവ് വ്യാജമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ചിത്രം മിറേഡ് ഇമേജ് ആണെന്നും വലത് കണ്ണിന് തന്നെയാണ് പരിക്കേറ്റിട്ടുള്ളതെന്നും വ്യക്തമായി.
∙വസ്തുത
കൃഷ്ണ കുമാറിന്റെ വലത് കണ്ണിനാണ് പരുക്കുള്ളത്, വൈറൽ ചിത്രങ്ങളിലൊന്ന് മിറേഡ് ഇമേജാണ്.
English Summary : Krishna Kumar's right eye is injured, one of the viral pictures is the mired image