ലീഗ് പ്രവര്‍ത്തകന്‍ പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയോ? വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിനിടെ കള്ളവോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ഒരു ബൂത്തിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.
പര്‍ദ്ദ ധരിച്ച ഒരു യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു വച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം."പര്‍ദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട് കൊടുവള്ളി ബൂത്തില്‍ വെച്ചാണ് പിടിയിലായത്. അസ്മ മന്‍സില്‍ റഫീഖാണ് പിടിയിലായത്. യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് റഫീഖ്."എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.
എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് കൊച്ചി ലുലു മാളില്‍ രഹസ്യ ക്യാമറ വയ്ക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ അഭിമന്യൂ എന്ന യുവാവാണ്.സമാനമായ ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
പ്രചാരത്തിലുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ചിത്രം ഉള്‍പ്പെടുന്ന വാര്‍ത്തകള്‍ ലഭ്യമായി. 2023 ഓഗസ്റ്റ് 17ന് 'ദ് ന്യൂസ് മിനിട്ട് ' നല്‍കിയ വാര്‍ത്ത പ്രകാരം ചിത്രത്തിലുള്ളത് കൊച്ചി ലുലുമാളില്‍ നിന്ന് അറസ്റ്റിലായ അഭിമന്യൂ എന്ന യുവാവാണ്. ലുലുമാളിലെ സ്ത്രീകളുടെ വാഷ് റൂമില്‍ ഒളിക്യാമറ വയ്ക്കാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് അഭിമന്യുവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ രീതിയില്‍ ഇയാള്‍ ശുചിമുറിക്ക് സമീപം നില്‍ക്കുന്നത് കണ്ട മാളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍, വിഡിയോ റെക്കോര്‍ഡര്‍ സ്വിച്ച് ഓണാക്കി ക്യാമറ ഉള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐപിസി സെക്‌ഷൻ 354 (സി) (വോയൂറിസം), 419 (വ്യക്തിപരമായ വഞ്ചനയ്ക്കുള്ള ശിക്ഷ), വിവര സാങ്കേതിക വിദ്യയുടെ സെക്ഷന്‍ 66 (ഇ) (സ്വകാര്യത ലംഘിച്ചതിനുള്ള ശിക്ഷ എന്നിവ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ അഭിമന്യു ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായിരുന്നു. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് താഴെ കാണാം.
സമാനമായ ചിത്രം ഉള്‍പ്പെടുന്ന വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിരുന്നു. അഭിമന്യുവിന്റെ മുഖം വ്യക്തമാകുന്ന ചിത്രം ഉള്‍പ്പെടുന്ന വാര്‍ത്ത 2023 ഓഗസ്റ്റ് 16ന് ന്യൂസ് 18 കേരളം നല്‍കിയിട്ടുണ്ട്. വാര്‍ത്ത ഇവിടെ കാണാം .
കോഴിക്കോട് കൊടുവള്ളിയില്‍ പര്‍ദ്ദ ധരിച്ചെത്തി ആരെങ്കിലും കള്ളവോട്ടിന് ശ്രമിച്ചിരുന്നോ എന്നും ഞങ്ങള്‍ പരിശോധിച്ചു. വടകരയില്‍ ഏതാനും സ്ഥലങ്ങളില്‍ ആളുമാറി വോട്ടു ചെയ്യാന്‍ ശ്രമം നടത്തിയവര്‍ പിടിയിലായിരുന്നു. എന്നാല്‍ കൊടുവള്ളിയില്‍ നിന്ന് ഇത്തരം വാര്‍ത്തകളൊന്നും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ കൂടുതല്‍ വിശദീകരണത്തിനായി കൊടുവള്ളി നഗരസഭാ അധ്യക്ഷന്‍ വി.അബ്ദുറഹിമാനെ ബന്ധപ്പെട്ടു. "ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്യാന്‍ ശ്രമം നടത്തിയ സംഭവങ്ങളൊന്നും കൊടുവള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊടുവള്ളിയില്‍ നിന്നാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കണ്ടിരുന്നു. തികച്ചും വ്യാജ പ്രചാരണമാണത്, " നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് കൊടുവള്ളിയില്‍ കള്ളവോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റഫീഖിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം കൊച്ചി ലുലുമാളില്‍ നിന്ന് 2023ല്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി അഭിമന്യുവിന്റേതാണെന്ന് വ്യക്തമായി.
∙വസ്തുത
കൊച്ചി ലുലുമാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതിന് 2023 ഓഗസ്റ്റില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി അഭിമന്യുവിന്റെ ചിത്രമാണിത്. കൊടുവള്ളിയില്‍ കള്ളവോട്ട് ശ്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
English Summary :There was no false vote attempt in Koduvalli