ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്‌ടീവിന്റെ  ഭാഗമായി ഇന്ത്യ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ഇ.പി.ജയരാജന്റെ ബിജെപി പ്രവേശന വിവാദങ്ങൾക്കെതിരെ  മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ "ഇ.പി.ജയരാജൻ പാപി... ജയരാജനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ.." എന്ന കുറിപ്പിനൊപ്പം ഒരു പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

"ഇ പി ജയരാജൻ പാപി... ജയരാജനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ.." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

pinarai1

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ഇ.പി. ജയരാജനെ കുറിച്ചുള്ള മുഖ്യന്ത്രിയുടെ പ്രതികരണം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്നും മുഖ്യമന്ത്രി വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇവയെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 24 ന്യൂസ് യൂട്യൂബ് ചാനലിൽ നിന്നും വിഡിയോയുടെ പൂർണരൂപം ലഭിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കിയല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പിണറായി സംസാരിക്കുന്നത്.

13.59 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് 24 ന്യൂസ് പങ്കുവച്ചിട്ടുള്ളത്. ഇതിലെ 5.51 മിനിറ്റ് മുതലുള്ള ഭാഗമാണ് വൈറൽ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യൂട്യൂബിൽ നിന്നും ലഭിച്ച വിഡിയോയിൽ ഈ ഭാഗത്ത്  "അതിൽ സാധാരണ നിലയ്ക്ക് നമ്മൾ കാണേണ്ടത്, ഇ.പി. ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ, എല്ലാവരുമായും നല്ല സുഹൃത്ബന്ധം വയ്ക്കുന്ന ഒരാളാണ് ജയരാജൻ. പക്ഷേ സാധാരണ നമ്മുടെ നാട്ടിലൊരു പഴഞ്ചൊല്ലുണ്ടല്ലോ, പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും എന്ന്, ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം..." എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. ഇതിൽ പഴഞ്ചൊല്ല് പറയുന്ന ഭാഗം പകുതി കട്ട് ചെയ്ത് എടുത്താണ് ഇ.പി.ജയരാജൻ പാപിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പ്രചരിപ്പിക്കുന്നത്. 24 ന്യൂസ് യൂട്യൂബ് ചാനലിലെ വിഡിയോയുടെ പ്രസക്ത ഭാഗം ചുവടെ കാണാം.

ഇ.പി.ജയരാജനെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത് എന്നും വൈറൽ പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ഇ.പി. ജയരാജനെതിരെയുള്ള വിമർശനങ്ങൾ തെറ്റാണ് എന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. ടി.ജി.നന്ദകുമാർ എന്നയാളുമായി ഇ.പി പുലർത്തിയ സൗഹൃദത്തെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. ഇ.പി.ജയരാജന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. ഇ.പി.ജയരാജൻ പ്രകാശ് ജാവഡേക്കറെ കാണുന്നതില്‍ തെറ്റില്ലെന്നും താനും അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇ.പിക്കെതിരായ ആരോപണം പാർട്ടിയെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 24 ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ കാണാം 

pinarai2

പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ഇ.പി.ജയരാജൻ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫ് വലിയ വിമർശനമാണ് സിപിഎമ്മിനും ജയരാജനും നേരെ ഉയർത്തുന്നത്. ഇത് പാർട്ടിക്കെതിരായ നീക്കമാണെന്ന രീതിയിലുള്ള പിണറായിയുടെ അഭിപ്രായമാണ് ഈ വിഷയത്തിൽ തനിക്കും ഉള്ളതെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച  ന്യൂസ് റിപ്പോർട്ട് ചുവടെ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും ഇ.പി. ജയരാജനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയെന്നും പാപിയെന്ന് വിളിച്ചുവെന്നുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙വസ്തുത

മുഖ്യമന്ത്രിയുടെ പ്രതികരണം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. പാപികളുടെ കൂടെ കൂടിയാൽ ശിവനും പാപിയാകും എന്നും സൗഹൃദങ്ങളുടെ കാര്യത്തിൽ ഇ.പി.ജയരാജൻ ശ്രദ്ധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

English Summary: Chief Minister's response is being edited and circulated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com