ബിജെപി കേരളത്തിൽ 71 സീറ്റ് നേടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞോ? പ്രചാരണത്തിന്റെ വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട്ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കേരളത്തില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് പ്രചാരണം. അണ്ണന്‍റെ ഒരു തമാശ.. ആകെ സീറ്റ് 20 ആണെന്നും ബാക്കി 51 സീറ്റ് എവിടെയാണെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സഖാവ് രജീഷ് ഭാസ്കരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. ആർക്കൈവ് ചെയ്ത ലിങ്ക് കാണാം എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ 71 സീറ്റ് നേടുമെന്നാണോ കെ.സുരേന്ദ്രന്‍ പറഞ്ഞത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
∙അന്വേഷണം
71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2022 ഏപ്രില്‍ 29ന് വണ്‍ ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തില്‍ 2021ല്‍ ബിജെപിക്ക് സീറ്റുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ലാ. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സഫലമാകുമെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപി അതിനുള്ള ശക്തിയിലേക്ക് വരുമെന്നുമാണ് സുരേന്ദ്രന്‍റെ പ്രസ്താവന. അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വണ്‍ ഇന്ത്യാ മലയാളം വാര്‍ത്ത കാണാം
∙വസ്തുത
2022ലെ നിയമസഭ തിരഞ്ഞെടുപ്പിലെ 140 സീറ്റുകളില്‍ 71 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ഇപ്പോള്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുമായി പ്രചാരണത്തിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്
English Summary : The campaign has no relation with the recently held Lok Sabha elections