കെ.സുധാകരനൊപ്പം വേൾഡ് ടൂറിന് പോകുന്ന ജെബി മേത്തര്‍ എംപി; പ്രചാരണം വ്യാജം | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര സംബന്ധിച്ച് പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് ഏറെ ചർച്ചയായിരുന്നു. ഇതിനിടെ കെ.സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന ഒരു വിഡിയോ,വേൾഡ് ടൂറിന് പോവുന്നുവെന്ന വിവരണത്തോടൊപ്പം വൈറലാവുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നതിനെ കെ സുധാകരനും വിമർശിച്ചിരുന്നു. ഈ വിഡിയോയോടൊപ്പം ഒരു കൊളാഷയായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വിഡിയോ ചേർത്താണ് പ്രചാരണം. “ഒരു വേൾഡ് ടൂർ ആവുമ്പോൾ വീട്ടിലുള്ളതിനെ അവിടിരുത്തി ദാ ഇങ്ങനെ പോണം,” എന്നാണ് പോസ്റ്റിലെ വിവരണം .
∙അന്വേഷണം
“ഇടതുപക്ഷത്തിന് ഇന്ത്യയിലാകെയുളള മുഖ്യമന്ത്രിയാണ് പിണറായി. അവിടയൊക്കെ പോകേണ്ട ആളല്ലേ മുഖ്യമന്ത്രി. എല്ലായിടവും പോകുകയെന്നത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമല്ലേ,” എന്നാണ് സുധാകരൻ വിമർശിച്ചത് . ആ വിമർശനത്തെ കുറിച്ചുള്ള വാർത്ത വിഡിയോയിലെ, “പോകുന്നിടത്ത് ഭാര്യയെയും മക്കളെയും കൂട്ടിപ്പോകേണ്ട കാര്യമുണ്ടോ? വേറെ പണിയൊന്നുമില്ലേ ഇയാള്‍ക്ക്. ആരെങ്കിലും ഇയാളുടെ കൂടെ വേണമെന്നുണ്ടെങ്കില്‍ രണ്ട് മൂന്ന് അല്‍സേഷ്യനെ കൂട്ടിക്കൊണ്ടുപോകാന്‍ പറ’ എന്ന ഭാഗം മാത്രം മുറിച്ചെടുത്ത്, കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വിഡിയോയും ചേർത്തുള്ള കൊളാഷാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ.
കെ.സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കായി പോകുന്നത് ജെബി മേത്തര്‍ക്കൊപ്പമെന്ന അവകാശവാദത്തോടെ ഇതേ വിഡിയോ മുന്‍പ് പ്രചരിച്ചിരുന്നപ്പോൾ ഞങ്ങൾ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം .
ഞങ്ങൾ പ്രചരിക്കുന്ന വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഈ വിഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ ജെബി മേത്തര്‍ എംപിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡിസംബര്‍ 22ന് കൊടുത്തതായി കണ്ടെത്തി.ഡല്‍ഹി, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യമെന്നാണ് അതിൽ പറയുന്നത്.
“ജന്തര്‍ മന്തറില്‍ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പ്രിയ പ്രസിഡന്റ് ശ്രീ കെ. സുധാകരന്‍ എംപിക്കൊപ്പം തിരുവനന്തപുരത്തേക്ക്,” എന്നാ അടിക്കുറിപ്പും അതിൽ ഉണ്ടായിരുന്നു.
കൂടാതെ വിഡിയോ മുഴുവനായി 2023 ഡിസംബർ 23 ന് ഇൻസ്റ്റാഗ്രാമിൽ ജെബി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലായി.
∙വാസ്തവം
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷമുള്ള കെ.സുധാകരന്റെ തിരുവനന്തപുരം യാത്രയുടെ വിഡിയോയാണിത്
English Summary : This is a video of K Sudhakaran's journey to Thiruvananthapuram after the protest against the suspension of opposition MPs in Parliament