വോട്ടിങ് യന്ത്രം തകർക്കുന്നത് കോൺഗ്രസ് എംഎൽഎയല്ല വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കോൺഗ്രസ് എംഎൽഎ വോട്ടിങ് മെഷീൻ തകർത്തു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “കോൺഗ്രസ് എംഎൽഎ വോട്ടിംഗ് മെഷീൻ തകർക്കുന്നു. ഇപ്പോഴേ തോൽവിയുടെ ഭയം തുടങ്ങി. ബാക്കി ജൂൺ 4നു ശേഷം അരങ്ങേറും എന്ന് പറയുവാൻ പറഞ്ഞു. എങ്ങനെയുണ്ട്. ഇതാണ് ഇന്നത്തെ കോൺഗ്രസ്. അഹിംസ വാദം ഒക്കെ പൊയ്‌മുഖം മാത്രം ഫലത്തിൽ മത തീവ്രവാദ സംഘടനയെക്കാൾ ഭീകരം,” എന്ന വിവരണത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിലേയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
വിഡിയോയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കാണാം. യൂട്യൂബിൽ ഈ സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, 2024 മേയ് 22ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയുടെ ദൃശ്യങ്ങൾ അവരുടെ യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ചു. “സ്വന്തം മണ്ഡലത്തിലെ ഇവിഎം യന്ത്രം നിലത്തെറിഞ്ഞ് ഉടച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ. സിസിടിവി ദൃശ്യങ്ങൾ പുറത്ത്,” എന്നും ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ആ വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ വിശദാംശങ്ങൾക്കായി നടത്തിയ കീ വേർഡ് പരിശോധനയിൽ , 2024ന് മേയ് 22ന് ഇന്ത്യാ ടുഡേ ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഞങ്ങൾക്ക് ലഭിച്ചു.
“ആന്ധ്രാപ്രദേശ് എംഎൽഎ പി.രാമകൃഷ്ണ റെഡ്ഡിക്കെതിരായ ഇവിഎം നശിപ്പിച്ചെന്ന ആരോപണം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ ഉൾപ്പെട്ട മേയ് 13ന് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. വിഡിയോ സംസ്ഥാന പൊലീസിന് കൈമാറിയതായും അന്വേഷണത്തിൽ സഹായിക്കാൻ അവരോട് ആവശ്യപ്പെട്ടതായും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു,” എന്ന് വാർത്തയിൽ പറയുന്നുണ്ട്.
ഇതിൽ നിന്ന് ഇവിഎം തകർത്തത് കോൺഗ്രസ് എംഎൽഎയല്ല, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎയാണെന്ന് വ്യക്തമായി.
∙ വസ്തുത
ഇവിഎം തകർത്തത് കോൺഗ്രസ് എംഎൽഎയല്ല, വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎയാണ്
English Summary :It was not the Congress MLA who broke the EVM