ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലമാണ് സിപിഎമ്മിന്റെ കെ.കെ.ശൈലജയും ഷാഫി പറമ്പിലും മൽസരിച്ച വടകര മണ്ഡലം. ഇപ്പോൾ വടകരയിൽ വിജയ പ്രതീക്ഷയില്ലെന്ന് കെ.കെ.ശൈലജ പറഞ്ഞതായി അവകാശവാദവുമായി ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "കൂടെ നിൽക്കുന്നു എന്ന തോന്നലുണ്ടാക്കി പല നേതാക്കളും പുറകീന്ന് കുത്തി വടകരയിൽ പ്രതീക്ഷ ഇല്ലെന്ന് കെകെ ശൈലജ" എന്നെഴുതിയ പോസ്റ്ററടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റ് കാണാം 

എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റർ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ​ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു പ്രസ്താവന കെ.കെ.ശൈലജ നടത്തിയിട്ടില്ല. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙ അന്വേഷണം

വടകര വോട്ടെടുപ്പിന് ശേഷം കെ.കെ.ശൈലജ നടത്തിയ പ്രസ്താവനകളാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. പാർട്ടി നേതാക്കൾ പിറകിൽ നിന്ന് കുത്തിയെന്നോ വിജയപ്രതീക്ഷയില്ലെന്നോ കെ.കെ. ശൈലജ പറഞ്ഞതായി അവകാശപ്പെടുന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. എന്നാൽ വടകരയിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് കെ.കെ.ശൈലജ 2024 മെയ് 22ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പങ്കുവച്ചത്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നും കെ.കെ.ശൈലജ പറഞ്ഞിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് വലിയ വിജയം നേടുമെന്നും വടകരയിലും ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും വടകരയിലെ ജനങ്ങൾ തന്നെ വിജയിപ്പിക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്ത വാർത്ത കാണാം 

പ്രചാരത്തിലുള്ള പോസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കെ.കെ.ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. "വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജ ടീച്ചർക്ക് നേരെ തിരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. വിവിധ പരാതികളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നേതാക്കൾ സഹായിച്ചില്ല എന്നും വടകരയിൽ പ്രതീക്ഷയില്ല എന്നും എംഎൽഎയുടെ പ്രതികരണമെന്ന തരത്തിൽ എംഎൽഎ യുടെ ഫോട്ടോയും പേരും ഉൾപ്പെടെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് ശേഷവും വിവിധ കേന്ദ്രങ്ങളിൽ നിന്നും വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പ്രചാരങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കും." കെ.കെ.ശൈലജ എംഎൽഎയുടെ ഓഫീസ് വ്യക്തമാക്കി.

2024 മെയ് 22ന് മാധ്യമങ്ങളെ കണ്ടപ്പോൾ വിജയ പ്രതീക്ഷ പങ്കുവച്ച് കെ.കെ.ശൈലജ നടത്തിയ പ്രതികരണം മനോരമ ന്യൂസ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോയിലെ പ്രസക്ത ഭാഗം ചുവടെ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും വടകരയിൽ വിജയപ്രതീക്ഷയില്ലെന്ന് കെ.കെ.ശൈലജ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.

∙ വസ്തുത 

കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇക്കാര്യം ശൈലജയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary:KK Shailaja has not made such a statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com