ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ലോജിക്കലി ഫാക്ട്സ്  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

പൊതുതിരഞ്ഞെടുപ്പിന്റെ മാസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനെത്തിയിരുന്നു.ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ "ഗോ ബാക്ക് മോദി" എന്ന മുദ്രാവാക്യമുയർത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രതികരണം എന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

∙ അന്വേഷണം

കൊളാഷിലെ ആദ്യ ചിത്രത്തിൽ, കന്യാകുമാരി എന്ന സ്ഥലത്തിന്റെ പേര് ഇംഗ്ലീഷിലും തമിഴിലുമുള്ള ഒരു റെയിൽവേ സ്റ്റേഷൻ സൈൻബോർഡാണ് കാണിക്കുന്നത്. അതേസമയം ഇതിനിടയിലായി "Go Back Modi" എന്നും എഴുതിയിരിക്കുന്നു. രണ്ടാമത്തേത്, മോദി വിരുദ്ധ വാചകം എഴുതിയ കറുത്ത ബലൂണുകൾ പുറത്തിറക്കുന്ന ഒരു വ്യക്തിയുടെ വിഡിയോയാണ്. ‘ഇതു പോലെ ഒരു ലക്ഷം ബലൂണുകൾ വായുവിൽ പറക്കാൻ തയ്യാറായിക്കഴിഞ്ഞു നാളെ പുറത്തിറക്കും’ എന്ന് അദ്ദേഹം വിഡിയോയിൽ തമിഴിൽ പറയുന്നുണ്ട് . മൂന്നാമത്തേത്, "ഗോ ബാക്ക് മോദി" എന്ന് പറയുന്ന ഒരേ പോസ്റ്ററുകളുടെ നിരവധി ഫോട്ടോകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു വിഡിയോ കൊളാഷ് ആണ്.

സ്വാമിവിവേകാനന്ദനോടുള്ള ആദരസൂചകമായി നിർമ്മിച്ച സ്മാരകമായ പാറയിൽ ധ്യാനിക്കാനിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ കന്യാകുമാരിയിലെ രണ്ട് ദിവസത്തെ സന്ദർശനത്തോട് #തമിഴ്നാട്ടിലെ ജനങ്ങൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പോസ്റ്റുകൾ കാണാം 

എന്നാൽ ആദ്യ ചിത്രം പഴയതും എഡിറ്റ് ചെയ്‌തതുമാണെന്നും രണ്ടാമത്തെ വിഡിയോ 2023 മുതലുള്ളതാണെന്നും ഞങ്ങൾ കണ്ടെത്തി.  മൂന്നാമത്തെ വിഡിയോ തമിഴ്‌നാട്ടിലെ സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്.

∙ റെയിൽവേ സ്റ്റേഷൻ സൈൻബോർഡ്

റിവേഴ്സ് ഇമേജ് സെർച്ചിലൂടെ, ഫോട്ടോഗ്രാഫി വാർത്താ സൈറ്റായ പെറ്റാപിക്സലിൽ ഞങ്ങൾ യഥാർത്ഥ ചിത്രം കണ്ടെത്തി. 2016 മാർച്ച് 9 ന് വെബ്‌സൈറ്റിൽ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അസമിന്റെ കിഴക്ക് മുതൽ, ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരി വരെ  4,273 കിലോമീറ്റർ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനായ ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിനെ (ട്രെയിൻ നമ്പർ 15906) ക്കുറിച്ചായിരുന്നു ലേഖനം . 

കന്യാകുമാരി എന്ന സ്ഥലത്തിന്റെ പേര് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കുന്ന സൈൻബോർഡാണ് ഈ ചിത്രത്തിലുള്ളത്.  ചിത്രങ്ങൾ താരതമ്യം ചെയ്താൽ വൈറലായ ചിത്രം എഡിറ്റ് ചെയ്തതായി കാണാം; ഹിന്ദിയിൽ കന്യാകുമാരി എന്ന് ആദ്യം എഴുതിയ ഭാഗം "ഗോ ബാക്ക് മോദി" എന്ന് മാറ്റിയിരിക്കുകയാണെന്ന് വ്യക്തമായി. പെറ്റാപിക്സൽ ഫോട്ടോയിലെ മറ്റ് വിശദാംശങ്ങൾ, പശ്ചാത്തലത്തിലുള്ള യാത്രക്കാർ, ബെഞ്ച്, ഇലക്ട്രിക്കൽ ലൈൻ എന്നിവയ്ക്ക് വൈറൽ ചിത്രത്തിലെ ദൃശ്യങ്ങളുമായി സാമ്യമുണ്ട്. 

കറുത്ത ബലൂണുകളുള്ള മനുഷ്യന്റെ വിഡിയോ

റിവേഴ്സ് ഇമേജ് തിരയലിലൂടെ, ഒരു എക്സിൽ  ഇതേ വിഡിയോ 2023 ഏപ്രിൽ 9-ന് പോസ്‌റ്റ് ചെയ്‌തതായി ഞങ്ങൾ കണ്ടെത്തി, "Go Back Modi" എന്നാണ് തമിഴിലുള്ള അടിക്കുറിപ്പ്. കൂടുതൽ തിരഞ്ഞപ്പോൾ "മോദിയുടെ സന്ദർശനം: കോൺഗ്രസ് നേതാവിനെ പൊലീസ് തടഞ്ഞു, ചെന്നൈയിൽ കറുത്ത ബലൂണുകൾ പിടിച്ചെടുത്തു" എന്ന തലക്കെട്ടിൽ 2023 ഏപ്രിൽ 8-ന് ദി ന്യൂസ് മിനിറ്റ്  പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങൾക്ക് ലഭിച്ചു.

 2023 ഏപ്രിലിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിക്കുന്ന,വൈറൽ വിഡിയോയിലുള്ള വ്യക്തിയുടെ സ്‌ക്രീൻഷോട്ട് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ചെയർമാനായ എംപി രഞ്ജൻ കുമാറാണ് അന്നത്തെ മോദിയുടെ സന്ദർശനത്തിനെതിരെ ഇത്തരമൊരു പ്രതിഷേധമുയർത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മോദിക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നിരവധി പ്രതിഷേധങ്ങൾ നടത്തിയതായും മറ്റ് മാധ്യമങ്ങളും വ്യക്തമാക്കുന്നുണ്ട്.

ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം, ചെന്നൈയ്ക്കും കോയമ്പത്തൂരിനുമിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനും മറ്റ് നിരവധി അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനുമായി 2023 ഏപ്രിൽ 8നാണ് മോദി തമിഴ്‌നാട്ടിലെ ചെന്നൈ സന്ദർശിച്ചത്.

തമിഴ്‌നാട്ടിലെ "ഗോ ബാക്ക് മോദി" പോസ്റ്ററുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾക്കായി തിരഞ്ഞപ്പോൾ വൈറൽ വിഡിയോയിൽ  ഉപയോഗിച്ച അതേ പോസ്റ്ററിന്റെ സമാന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന നിരവധി വാർത്തകൾ മേയ് 30 ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

മോദിയുടെ തമിഴ്‌നാട് സന്ദർശനത്തെ അപലപിച്ച ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അഭിഭാഷകനായ ഹേമന്ത് അണ്ണാദുരൈ "ഗോ ബാക്ക് മോദി" പോസ്റ്ററുകൾ നിർമ്മിച്ച് ചെന്നൈയിലെ പ്രധാന പ്രദേശങ്ങളിൽ പതിച്ചെന്ന് ഇടിവി റിപ്പോർട്ടിൽ പറയുന്നു.

ഇതേ വൈറൽ പോസ്റ്റർ മേയ് 30-ന് തന്റെ എക്‌സ് അക്കൗണ്ടിലും ഹേമന്ത് അണ്ണാദുരൈ പങ്ക്‌വച്ചിട്ടുണ്ട്.

∙ വസ്തുത 

വൈറൽ ചിത്രങ്ങൾ കന്യാകുമാരി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ തമിഴ്‌നാട്ടിൽ നടന്ന പ്രതിഷേധത്തിന്റേതല്ല. പഴയതും എഡിറ്റ് ചെയ്തതുമായ ചില ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

English Summary:The viral pictures are not of the protest against PM Modi in Tamil Nadu during his visit to Kanyakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com