പൊന്നാനിയിൽ എൽഡിഎഫ് ജയിച്ചാൽ ആഹ്ളാദപ്രകടനം വേണ്ടെന്ന് ഈ സമസ്ത നേതാവ് പറഞ്ഞോ? വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ജിഫ്രി തങ്ങൾ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ ജയിച്ചാൽ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .
ജിഫ്രി തങ്ങളുടെ ഫോട്ടോ സഹിതം പ്രചരിക്കുന്ന വാർത്താ കാർഡിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും കാണാം. നിരവധി പേരാണ് ഫെയ്‌സ്ബുക്കിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
∙ അന്വേഷണം
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന കാർഡിൽ ഉപയോഗിച്ചിരിക്കുന്നത് അവരുടെ പൊതുവായ ഫോണ്ട് അല്ലെന്നതാണ് വസ്തുതപരിശോധയിലെ ആദ്യ സൂചനയായത്. തുടർന്ന് കാർഡിൽ നൽകിയിരിക്കുന്ന തിയതിയിൽ ഇതേ മാധ്യമം പങ്കുവെച്ച വാർത്താ കാർഡുകളിൽ നിന്ന് യഥാർത്ഥ കാർഡ് കണ്ടെത്തി.
സമസ്തയ്ക്ക് സ്വന്തം നയമുണ്ടെന്നും അത് പാരമ്പര്യമായി പിന്തുടരുന്നുവെന്നും സമസ്തയെ പഠിപ്പിക്കാൻ മറ്റാരും വരേണ്ടതില്ലെന്നും ജിഫ്രി തങ്ങൾ നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടാണ് കാർഡ്. ഇതിൽ പ്രധാന ഉള്ളടക്കം നൽകിയിരിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് പുതിയ ഉള്ളടക്കം ചേർത്താണ് പ്രചാരണമെന്ന് വ്യക്തമായി.ജൂൺ 1ന് പങ്കുവെച്ച യഥാർത്ഥ കാർഡിനൊപ്പം ഇതുമായി ബന്ധപ്പെട്ട വിശദമായ വാർത്തയും കാണാം.
വയനാട് ജില്ലാ സദർ മു അല്ലിം സംഗമത്തിൽ പങ്കെടുക്കവെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്ത - മുസ്‌ലിം ലീഗ് പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രതികരണത്തെക്കുറിച്ചാണ് വാർത്തയും ന്യൂസ് കാർഡും.തുടർന്ന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങൾ എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. എന്നാൽ ഇത്തരത്തിൽ മാധ്യമറിപ്പോർട്ടുകൾ ഒന്നുംതന്നെ ലഭ്യമായില്ല.
∙ വസ്തുത
പൊന്നാനിയിൽ LDF സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആഘോഷിക്കരുതെന്ന തരത്തിൽ പ്രസ്താവന സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയിട്ടില്ല.
English Summary:Samasta leader Geoffrey Muthukoya Thangal has not made a statement saying that if the LDF candidate wins the election in Ponnani, they should not celebrate