തമിഴ്നാട്ടിലെ പരാജയം; കരയുന്ന അണ്ണാമലൈ: വിഡിയോയുടെ വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
വേദിയിൽ പ്രസംഗത്തിനിടെ കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന തമിഴ്‍നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കോയമ്പത്തൂർ മണ്ഡലത്തിലെ തോൽവിയും തമിഴ്‌നാട്ടിൽ പാർട്ടിയുടെ മോശം പ്രകടനവുമാണ് കാരണമെന്നാണ് പോസ്റ്റുകളിലെ അവകാശവാദം.
അദ്ദേഹം തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലും എത്തി. 3 വർഷമായി അദ്ദേഹം മുഴുവൻ സമയവും ജോലി ചെയ്തു ബി.ജെ.പിയുടെ വോട്ട് വിഹിതം അദ്ദേഹം ചുമതലയേൽക്കുമ്പോൾ വെറും എട്ട് ശതമാനമായിരുന്നത് നിലവില്‍ പത്തൊൻപത് ശതമാനമാണ്. അദ്ദേഹത്തിന്റെ കണ്ണുനീരിന് ഏറെ അർത്ഥമുണ്ട്. അദ്ദേഹം തിരിച്ചുവരും, അണ്ണാമലൈയാണ് തമിഴകത്തിന്റെ ഭാവി എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
∙ അന്വേഷണം
പ്രചരിക്കുന്ന വിഡിയോയിലെ കീഫ്രെയ‌്മുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ന്യൂസ് 18 തമിഴ്‌നാടിന്റെ യൂട്യൂബ് ചാനലിൽ ഇതേ ദൃശ്യങ്ങളടങ്ങിയ വിഡിയോ 2024 ഏപ്രിൽ 17-ന് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.
പോളിമർ ന്യൂസ് എന്ന മാധ്യമവും ഇതേ ദൃശ്യങ്ങളുടെ തത്സമയ സംപ്രേഷണം ഏപ്രിൽ 17-ന് നടത്തിയതായി വ്യക്തമായി
കൂടുതൽ പരിശോധനയിൽ പ്രാദേശിക മാധ്യമമായ ദിനമലരും ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ദിനമലർ റിപ്പോർട്ട് പ്രകാരം അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിലെ കസ്‌തൂരി നായ്ക്കൻ പാളയം എന്ന സ്ഥലത്തെ ഒരു വൃദ്ധസദനത്തിൽ നടന്ന ചടങ്ങിനിടെ നടന്ന സംഭവമാണിത്. വൃദ്ധസദനത്തിലെ അന്തേവാസികളോട് സംസാരിക്കുന്നതിനിടയിലാണ്, വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് മുതിർന്നവരോടൊപ്പം ഇരുന്ന് സംസാരിക്കാൻ കഴിഞ്ഞ ഒരു വർഷമായി ഞാൻ ശ്രമിക്കുന്നു. എന്നാൽ സമയം ലഭിച്ചില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് നിങ്ങളെ കണ്ട് സംസാരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നും പറഞ്ഞ് അണ്ണാമലൈ വികാരധീനനായത്.
∙ വസ്തുത
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന് മുൻപുള്ളതാണ് വൈറൽ വിഡിയോ . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം കസ്തൂരി നായ്ക്കൻപാളയം എന്ന സ്ഥലത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളുമായുള്ള അണ്ണാമലൈയുടെ ചടങ്ങിൽ നിന്നുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ.
English Summary: The viral footage is from Annamalai's ceremony with the inmates of the old age home