ADVERTISEMENT

മുസ്‌ലിം മതസ്ഥരായ നേതാക്കളെ രാഹുൽ ഗാന്ധിയുടെ കഴുത്തിൽ ഷാൾ അണിയിക്കാൻ  അനുവദിച്ചില്ലെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുസ്‌ലിം പേരുള്ളവർ ഷാൾ ഇട്ട് കൊടുക്കുമ്പോൾ രാഹുൽ എതിർത്തത് എന്ത് കൊണ്ടാണെന്ന് സമുദായ സ്നേഹികൾക്ക്  ഒന്ന് പറയാമോ..? ഉത്തരം = ഷാൾ അണിയിക്കുന്നവനും സ്വീകരിക്കുന്നവനും കാക്കയായതിനാൽ, ഹദീസുംപടി അത്  മംനൂൺ ആണ്. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസിലായല്ലോ അല്ലേ...എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

പ്രചാരണത്തിന്റെ വാസ്തവമറിയാം

rahul4

∙ അന്വേഷണം

കീവേഡുകളുടെ പരിശോധനയിൽ പോസ്റ്റ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതായി കണ്ടെത്തി. എം.എം.ഹസ്സൻ, ഷാഫി പറമ്പിൽ,രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരടക്കമുള്ളവർ രാഹുൽ ഗാന്ധിയെ ഷാൾ അണിയിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാഹുൽ ഗാന്ധി കേരളത്തിലെത്തിയത് സംബന്ധിച്ച വാർത്തകൾക്കായി തിരഞ്ഞപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരോടു നന്ദി പറയാൻ രാഹുൽ ഗാന്ധി 12നു മണ്ഡലം സന്ദർശിക്കുമെന്ന മനോരമ ഓൺലൈൻ വാർത്താ റിപ്പോർട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു.

ഈ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ രാഹുൽ ഗാന്ധി ജൂണ്‍ 12ന് കരിപ്പൂരിലെത്തിയതുമായി ബന്ധപ്പെട്ട മനോരമ ന്യൂസിന്റെ വിഡിയോ  ഞങ്ങൾക്ക് ലഭിച്ചു.

വൈറൽ വിഡിയോയിലുള്ള കോൺഗ്രസ് നേതാക്കളെല്ലാം തന്നെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ കരിപ്പൂരിലെത്തിയിട്ടുണ്ടാ യിരുന്നതായി വിഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുലിനെ ആദ്യം ഷാൾ അണിയിക്കുന്നത്. പിന്നീട് രമേശ് ചെന്നിത്തലയും അതിന് ശേഷം എം.എം.ഹസ്സനുമാണ്.  വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഷാൾ അണിയിക്കുന്നതിന് മുൻപായി രാഹുൽ ഗാന്ധി അവരുടെ പക്കൽ നിന്ന് ഷാൾ കൈയ്യിൽ വാങ്ങാനായി ശ്രമിക്കുന്നത് വ്യക്തമാണ്. അത് മറികടന്നാണ് അവരിരുവരും രാഹുലിന്റെ കഴുത്തിൽ ഷാൾ അണിയിച്ചത്. 

പിന്നീട് എം എം.ഹസ്സനും ഷാഫി പറമ്പിലും ഷാൾ അണിയിക്കുന്നതിനു മുൻപ് രാഹുൽ അത് കൈയ്യിൽ വാങ്ങുന്നത് കാണാം. ഇത്തരത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാറിന്റെ പക്കൽ നിന്നും രാഹുൽ ഗാന്ധി കൈയ്യിലാണ് ഷാൾ സ്വീകരിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് വീണ്ടും ചിലർ രാഹുലിന്റെ കഴുത്തിൽ ഷോൾ അണിയിക്കുന്നത് കാണാം. ഇത് കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ്, മുസ്‌ലിം ലീഗ് നേതാവായ ടി.വി.അഷ്റഫലി എന്നിവരാണ്.  അഡ്വക്കേറ്റ് വി.എസ്.ജോയിയുടെ പക്കൽ നിന്നും രാഹുൽ ഷോൾ കൈയ്യിലാണ് വാങ്ങുന്നതെന്ന് വിഡിയോയിൽ കാണാം.

ഇതിൽ നിന്ന് മുസ്‌ലിം മതസ്ഥരും രാഹുലിന്റെ കഴുത്തിൽ ഷാൾ അണിയിച്ചവരിലുള്ളതായി വ്യക്തമാണ്. കൂടാതെ രാഹുൽ ഷാൾ കൈയ്യിൽ വാങ്ങിയത് മുസ്‌ലിം മതസ്ഥരിൽ നിന്ന് മാത്രമല്ല, അദ്ദേഹം എല്ലാവരിൽ നിന്നും ഷാൾ കൈയ്യിൽ വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

∙ വസ്തുത

മുസ്‌ലിം മതസ്ഥരായ നേതാക്കളെ രാഹുൽ ഗാന്ധിയുടെ കഴുത്തിൽ ഷാൾ അണിയിക്കാൻ അനുവദിച്ചില്ലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഡിയോ പരിശോധിച്ചപ്പോൾ മുസ്‌ലിം മതസ്ഥരും രാഹുലിന്റെ കഴുത്തിൽ ഷാൾ അണിയിച്ചവരിലുള്ളതായി വ്യക്തമായി.

English Summary :A post circulating claiming that Muslim leaders were not allowed to wear a shawl to Rahul Gandhi is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com