ADVERTISEMENT

 പത്ത് ദിവസത്തിലേറെയായി കേരളത്തിന്റെയും മലയാളികളുടെയും ആശങ്കകളും പ്രാർത്ഥനകളും കർണ്ണാടകയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയാണ്. അർജുൻ ജീവനോടെ തിരികെയെത്തുമെന്ന പ്രതീക്ഷയോടെ പലരും സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും പങ്കുവയ്ക്കുന്നുണ്ട്. അതിനിടെ  കർണ്ണാടകയിലെ ദുരന്തമുഖത്തെത്തിയ ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻ ദേവിനെ വിമർശിക്കുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുരന്തസ്ഥലത്ത് നിൽക്കുന്ന എംഎൽഎയുടെ ഒരു ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം 

അര്‍ജുന് വേണ്ടി ദുരന്തമുഖത്ത് എത്തി സച്ചിന്‍ ദേവ് MLA.ദുരന്തമുഖത്ത് ചെന്നുനിന്ന് ചിരിച്ചു കൊണ്ട് സെല്‍ഫിയെടുത്ത കേരളത്തിലെ മറ്റൊരു ദുരന്തം എന്ന കുറിപ്പിനൊപ്പം സച്ചിന്‍ ദേവ് എംഎൽഎയുടെ ഒരു ചിത്രമടങ്ങിയ കാർഡാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഒരു മനുഷ്യജീവന് വേണ്ടി എല്ലാ ജനങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു. ഇവൻ മനുഷ്യനാണോ? എന്ന വിമർശനവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

sachin1

കെ.എം.സച്ചിൻദേവ് എംഎൽഎ ദുരന്തസ്ഥലം സന്ദർശിച്ചിട്ടുണ്ടോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ എംഎൽഎമാരായ സച്ചിൻ ദേവും ലിന്റോ ജോസഫും ദുരന്ത സ്ഥലത്തെത്തിയെന്ന വിവരങ്ങളുൾപ്പെടുന്ന മനോരമ ന്യൂസിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. രക്ഷാപ്രവര്‍ത്തകരുടെ ആത്മവിശ്വാസം പ്രതീക്ഷയേകുന്നതായി സച്ചിൻ ദേവ് എംഎൽഎ ദുരന്തസ്ഥലത്ത് എത്തിയ ശേഷം വ്യക്തമാക്കുന്നതാണ് വിഡിയോയിൽ. ആ വിഡിയോ കാണാം.

പിന്നീട് ഞങ്ങൾ വൈറൽ പോസ്റ്റ് പരിശോധിച്ചപ്പോൾ Smart Pix Media എന്ന വാട്ടർമാർക്ക് ലഭ്യമായി. ഈ സൂചനയിൽ നിന്ന് ഫെയ്‌സ്ബുക്കിലെ Smart Pix Media എന്ന പേജിന്റെ വിവരങ്ങൾ ലഭിച്ചു.പേജ് പരിശോധിച്ചപ്പോൾ , 'കൂടുതല്‍ വ്യക്തത വരുന്നത് വരെ ഇവിടെ തുടരും, കളക്ടറുമായി നേരിട്ട് സംസാരിക്കും, സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്'; സച്ചിന്‍ദേവ് MLA എന്ന വിവരണത്തിനൊപ്പം കർണാടകയിലെ ദുരന്ത സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ സച്ചിൻ ദേവിന്റെ ഒരു ചിത്രമുൾപ്പെടുത്തിയ ഒരു പോസ്റ്റ്  ഞങ്ങൾക്കു ലഭിച്ചു. അർജുന് വേണ്ടി ദുരന്ത മുഖത്ത് എത്തി സച്ചിൻദേവ് എംഎൽഎ എന്നാണ് ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരണം.പോസ്റ്റ് കാണാം.

പ്രചരിക്കുന്ന വൈറൽ ചിത്രത്തിന് സമാനമായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിച്ചു.കാണാതായ അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ സമൂഹമാധ്യമ പേജുകളിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ടെങ്കിലും വൈറൽ പോസ്റ്റിനൊപ്പമുള്ള ചിത്രം ഞങ്ങൾക്ക് കണ്ടെത്താനായില്ല്. എന്നാൽ അദ്ദേഹത്തിന്റെ തന്നെ 2023ലെ മറ്റൊരു പോസ്റ്റിൽ വൈറൽ ചിത്രം കണ്ടെത്തി.

കെ.എം.സച്ചിൻദേവ് എംഎൽഎ ദുരന്ത സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തയ്ക്കൊപ്പമുള്ള ചിത്രമാണ് ദുരന്തമുഖത്ത് നിന്നുള്ള സച്ചിൻ ദേവിന്റെ ചിരിച്ചു കൊണ്ടുള്ള സെൽഫി എന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നതെന്ന് വ്യക്തമായി.  ദുരന്ത സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ സച്ചിൻ ദേവിന്റെ പഴയ ചിത്രം ചേർത്താണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

∙ വസ്തുത

ദുരന്തമുഖത്ത് ചിരിച്ചു കൊണ്ട് സെല്‍ഫിയെടുത്ത സച്ചിന്‍ ദേവ് എംഎൽഎയുടെ ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്.

English Summary: The posts circulating claiming to be Sachin Dev MLA's smiling selfie at the disaster site are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com