ADVERTISEMENT

ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കി സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനെ പുതിയ കണ്‍വീനറാക്കിയ തീരുമാനം കഴിഞ്ഞ ദിവസങ്ങളിലാണ് ഏറെ ചർച്ചകള്‍ക്ക് വഴിവച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു നീക്കിയതോടെ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. പ്രതിഷേധം പ്രകടമാക്കിയ ഇ.പിയുടെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് പാർട്ടി. കാരണം കൂടാതെ പാർട്ടി കമ്മിറ്റികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കരുതെന്ന നിർദേശം ഉള്ളപ്പോഴാണ്, തന്റെ കാര്യം ചർച്ച ചെയ്യുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. കണ്ണൂരിലേക്കു മടങ്ങിയത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി. ജയരാജന്റെ താക്കീത് എന്ന അവകാശവാദവുമായി ഇ.പി.ജയരാജന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം

∙ അന്വേഷണം

പിണറായിക്ക് ചിറ്റപ്പന്റെ താക്കീത് എന്ന തലക്കെട്ടിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ഇ.പി.യെ കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇ.പി.ജയരാജൻ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയിരുന്നെങ്കിൽ അത് ഏറെ വാർത്താ പ്രധാന്യം നേടുമായിരുന്നു. എന്നാൽ ഞങ്ങൾ നടത്തിയ കീവഡ് പരിശോധനയിൽ ഇങ്ങനെയൊരു പരാമർശം ഇ.പിയുടെ ഭാഗത്തു നിന്നുണ്ടായതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ ഇ.പി.ജയരാജന്റെ ചെറുപ്പത്തിലുള്ള വിഡിയോയാണിതെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതിൽ നിന്ന് വിഡിയോ പഴയതാണെന്ന് വ്യക്തമായി

തുടർന്നുള്ള അന്വേഷണത്തിലും സമാന വിഡിയോ ഞങ്ങൾക്ക് കണ്ടെത്താനായില്ല. പിന്നീട് വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2014 ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ച ഒന്നേകാൽ മിനിറ്റിനടുത്ത് ദൈർഘ്യമുള്ള ഇ.പി.ജയരാജന്റെ ഇതേ പ്രസംഗ വിഡിയോ ഒരു യൂട്യൂബ് ചാനലിൽ കണ്ടെത്തി. CBI EP JAYARAJAN, KERALA RAKSHA MARCH TP MURDER CASE, സിബിഐ പോടാ പുല്ലേ എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.  വിഡിയോയിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെയും സിബിഐയെയുമാണ്  ഇ.പി.ജയരാജൻ വിമർശിക്കുന്നതെന്ന് വ്യക്തമാണ്. വിഡിയോ കാണാം.

2014 ഫെബ്രുവരിയിൽ പിണറായ് വിജയന്റെ നേതൃത്വത്തിൽ നടത്തിയ കേരള രക്ഷാ മാർച്ചിൽ യുഡിഎഫിനെയും സിബിഐയേയും വിമർശിച്ച്  ഇ.പി.ജയരാജൻ നടത്തിയ പ്രസംഗമാണിതെന്ന് വ്യക്തമായി. മറ്റൊരു യൂട്യൂബ് ചാനലിലും  ടി.പി. കേസിലെ സിബിഐ അന്വേഷണത്തിൽ 2014 ഫെബ്രുവരി 21ന് പങ്കു‌വച്ചിരിക്കുന്ന കോൺഗ്രസിന് താക്കീത് നൽകി ഇ.പി.ജയരാജൻ എന്ന തലക്കെട്ടോടെയുള്ള  ഇതേ വിഡിയോ ലഭിച്ചു. സിപിഎമ്മിനോട്​ കളിക്കുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്ന് വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ എഴുതിയിട്ടുണ്ട്. ടി.പി. വധക്കേസിൽ പാർട്ടിക്കെതിരായ ആരോപണത്തെ നേരിടാൻ യുഡിഎഫ് സർക്കാരിനെ വിമർശിക്കുകയും താക്കീത് നൽകുകയുമാണ് വിഡിയോയിൽ ഇ.പി. വിഡിയോ കാണാം 

മുഖ്യമന്ത്രി  പിണറായി വിജയന് ഇ.പി.ജയരാജന്റെ താക്കീത് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ 2014ൽ സിപിഎം നടത്തിയ കേരള രക്ഷാ മാർച്ചിനിടെ ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജൻ നടത്തിയ പരാമർശമാണെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമായി.

∙ വസ്തുത

പിണറായി വിജയന് ഇ.പി ജയരാജന്റെ താക്കീത് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014ൽ സിപിഎം നടത്തിയ കേരള രക്ഷാ മാർച്ചിനിടെ ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജൻ നടത്തിയ പരാമർശമാണിത്.

English Summary:The video circulating with the claim of EP Jayarajan's warning to Pinarayi Vijayan is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com