ADVERTISEMENT

ആർഎസ്എസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

 ∙ അന്വേഷണം

യാതൊരു നാണവുമില്ലാതെ രാഷ്ട്രീയ കേരളത്തെ വെല്ലുവിളിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സകല നാണംകെട്ട കളികളും കളിച്ച് തൃശ്ശൂർ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് കൊടുത്തതിന് പിന്നാലെ ആർഎസ്എസുമായി സഖ്യം ചേരേണ്ടി വന്നാൽ ഞങ്ങൾക്കതിന് മടിയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം.70കളുടെ തുടക്കത്തിൽ തന്നെ സംഘപരിവാർ ശക്തികളും പിണറായി വിജയൻ അടക്കമുള്ള അന്നത്തെ സിപിഎം നേതാക്കളും ഒന്നുചേർന്ന്  പ്രവർത്തിച്ചുവെന്നത് കേരള രാഷ്ട്രീയത്തിലെ കരിപുരണ്ട അദ്ധ്യായമാണ് . അന്നത്തെ ആർഎസ്എസ് ബന്ധം ഇന്നും കൈവിട്ടിട്ടില്ല എന്ന് പിണറായി വിജയനും സിപിഎമ്മും ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്

സമൂഹത്തിൽ വർഗ്ഗീയ വിഷം വമിപ്പിക്കുന്ന ആർഎസ്എസിനോട് സഖ്യം ചേരാൻ മടിയില്ല എന്ന് പ്രഖ്യാപിക്കുന്ന സി പി എം കേരളത്തിന്റെ പൊതുസമൂഹത്തിന് ഭീഷണിയാണ്. വരാൻ പോകുന്ന അപകടം മുൻകൂട്ടി കണ്ടു കൊണ്ട് ഗോവിന്ദനെയും വിജയനെയും പോലെയുള്ള ആർഎസ്എസ് പ്രേമികളെ തടുക്കാൻ നമുക്ക് ഒന്നുചേരാം എന്നാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇത്തരമൊരു പരാമർശം നടത്തിയതായുള്ള വാർത്തകളൊന്നും പ്രാഥമിക പരിശോധനയിൽ ഞങ്ങൾക്കു ലഭിച്ചില്ല. എന്നാൽ കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ മനോരമ ഓൺലൈൻ 2024 സെപ്റ്റംബർ 10ന്,  ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല: എം.വി.ഗോവിന്ദൻ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ എം.വി.ഗോവിന്ദൻ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട്.

ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എം.വി. ഗോവിന്ദൻ. ഡീൽ ഉണ്ടാക്കാനാണെങ്കിൽ‌ മോഹൻ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം.

സംസ്ഥാനത്ത് സിപിഎം തുടർഭരണം നേടും. കേരളത്തിൽ ഇടതു മുന്നണിയെ നിർജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. എപ്പോഴും സിപിഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വച്ച് സിപിഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് വിമർശിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പി.വി. അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു എന്നാണ് റിപ്പോർട്ടിലുള്ളത്.

എന്നാൽ റിപ്പോർട്ടിലെവിടെയും ആർഎസ്എസ് സഖ്യമുണ്ടാക്കാൻ വേണ്ടിവന്നാൽ മോഹൻ ഭാഗവതിനെ കാണുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതായുള്ള പരാമർശങ്ങളില്ല.സ്ഥിരീകരണത്തിനായി കോവളം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ വിഡിയോയാണ് ഞങ്ങൾ പിന്നീട് അന്വേഷിച്ചത്. എം.വി. ഗോവിന്ദന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ  കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ മുഴുവൻ വിഡിയോയും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സിപിഐഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ സ.ഇ.കെ.നായനാർ സ്‌മാരക മന്ദിരം ഉദ്ഘാടനവും 11 വീടുകളുടെ താക്കോൽ കൈമാറ്റവും എന്ന തലക്കെട്ടിനൊപ്പമാണ് വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്. ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പേജിൽ പങ്ക്‌വച്ചിട്ടുണ്ട്.

സിപിഎമ്മുമായി ആർഎസ്എസിന് ലിങ്ക് ഉണ്ടാക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഒരു ഗതികേടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഇല്ല. ഞങ്ങൾക്ക് ഡീലുണ്ടാക്കാൻ ഉദ്ദേശമുണ്ടെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടേ?, എന്തിന് എഡിജിപിയെ കാണണം? ആർഎസ്എസിന്റെ സർസംഘചാലകുമായി തന്നെ ബന്ധപ്പെടാൻ സൗകര്യമുള്ള പാർട്ടിയാണ് സിപിഎം.ഇപ്പോൾ നടക്കുന്ന ഈ പ്രചാരണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കുന്നുണ്ട്. വിഡിയോ മുഴുവൻ പരിശോധിച്ചെങ്കിലും  പ്രസംഗത്തിലെവിടെയും ആർഎസ്എസുമായി ഡീലുണ്ടാക്കാൻ വേണമെങ്കിൽ മോഹൻ ഭാഗവതിനെ കാണുമെന്ന തരത്തിൽ എം.വി. ഗോവിന്ദൻ പരാമർശം നടത്തിയിട്ടില്ല.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ആർഎസ്എസ്എസുമായി സഖ്യമുണ്ടാക്കാൻ വേണ്ടി വന്നാൽ മോഹൻ ഭാഗവതിനെ കാണുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

ആർഎസ്എസ്എസുമായി സഖ്യമുണ്ടാക്കാൻ വേണ്ടി വന്നാൽ മോഹൻ ഭാഗവതിനെ കാണുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

English Summary :The propaganda that MV Govindan said he will meet Mohan Bhagwat to form an alliance with RSS is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com