എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി-ലീഗ് ചർച്ചയോ? Fact Check
Mail This Article
ബിജെപിയും ലീഗും എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ചർച്ച നടത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷം സര്‍ക്കാരിനെ താഴെയിറക്കാന്‍ പണി പലതും പയറ്റിയിട്ടും നടക്കാതെ വന്നപ്പോൾ ഒടുവില്‍ ലീഗിനെ മുന്‍നിര്‍ത്തി ബിജെപിയുമായി ചേര്‍ന്ന് കരുക്കള്‍ നീക്കുകയാണെന്നാണ് പ്രചാരണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വസ്തുതയറിയാം
∙ അന്വേഷണം
സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല, സങ്കി വക്കീലിനെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല, ഗവർണറേ വെച്ചു കളിച്ചു നോക്കിലവലേശം ഏറ്റില്ല .അടുത്ത കളി കേന്ദ്രത്തിലേ സംഘികൾ പാണക്കാട് സാദിഖലിയെ വെച്ച് കളിക്കാൻ പുറപ്പെടുന്നു . പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചർച്ചകൾ ആരംഭിച്ചു LDF നെ വീഴ്ത്താൻ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.
വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ എന്നിവരാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ മറ്റൊരു ഫെയ്‌സ്ബുക് അക്കൗണ്ടിൽ നിന്ന് സമാന വിഡിയോ ലഭിച്ചു.2022 ഒക്ടോബർ 30നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ പോസ്റ്റുകൾക്കൊപ്പമുള്ള അതേ വിവരണത്തിനൊപ്പമാണ് പഴയ പോസ്റ്റുകളും ഷെയർ ചെയ്തിരിക്കുന്നത്..
കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ കെ.സുരേന്ദ്രൻ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു എന്ന തലക്കെട്ടോടെ 2022 മാർച്ച് 26ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ വൈറൽ വിഡിയോയിലെ ഒരു ചിത്രമാണ് നൽകിയിരിക്കുന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനമറിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാണക്കാട് സന്ദർശിച്ചു. പാണക്കാട് കുടുംബാംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവരുമായി ചർച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖലാ അധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽനാഥ്, ബി.രതീഷ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു എന്നാണ് വാർത്തയിലുള്ളത്.
2022ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിക്കാനായി കെ.സുരേന്ദ്രന്‍ പാണക്കാട് തറവാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളതെന്ന് ഇതിൽ നിന്ന് വ്യക്തമായി.
∙ വസ്തുത
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വിഡിയോ 2022ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിക്കാനായി കെ.സുരേന്ദ്രന്‍ പാണക്കാട് തറവാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴുള്ളതാണ്.
English Summary: The viral video was from 2022 when K.Surendran visited Panakkad Tharavat to condole the death of Panakkad Hyderali Shihab Thangal