ADVERTISEMENT

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇപ്പോൾ സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് എത്തിച്ചത് ഷമ മുഹമ്മദുമായുള്ള പ്രണയ ബന്ധമാണെന്ന രീതിയിൽ ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 24 ന്യൂസിന്റെ ലോഗോയും ഷമയുടെയും സന്ദീപ് വാര്യരുടെയും ചിത്രങ്ങളും സ്ക്രീൻഷോട്ടിൽ കാണാം.എന്നാൽ, പ്രചാരത്തിലുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചു. വാസ്തവമറിയാം

∙ അന്വേഷണം

"സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. കോൺഗ്രസ് നേതാവായ ഷമ മുഹമ്മദുമായുള്ള പ്രണയബന്ധം. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്" എന്നെഴുതിയ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഫേ‌യ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

വൈറൽ സ്ക്രീൻഷോട്ടിൽ ഷമ മുഹമ്മദ് എന്നതിന് പകരമായി ക്ഷമ എന്നാണ് എഴുതിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമായിരിക്കാമെന്ന സൂചന ലഭിച്ചു. സ്ക്രീൻഷോട്ടിലെ വാക്കുകൾ കീവേഡ് സെർച്ച് ചെയ്‌തപ്പോഴും ഇത്തരം വാർത്തകളൊന്നും തന്നെ ലഭ്യമായില്ല. 24 ന്യൂസിന്റെ വെബ്സൈറ്റിലും ഇത്തരമൊരു വാർത്ത കണ്ടെത്താൻ സാധിച്ചില്ല. വൈറൽ സ്ക്രീൻഷോട്ടും 24 ന്യൂസ് വെബ്സൈറ്റിലെ മറ്റൊരു വാർത്തയും ഞങ്ങൾ താരതമ്യം ചെയ്തു. 24 ന്യൂസ് വാർത്തകളിൽ കാണുന്ന ഹെഡിങ്ങിന് മുകളിലുള്ള കാറ്റഗറി സെക്ഷനോ അതിനും മുകളിലുള്ള പരസ്യ ഭാഗമോ താഴെയായി കാണിക്കുന്ന 'ഫോളോ ഓൺ ഗൂഗിൾ ന്യൂസ്' എന്നെഴുതിയ ഭാഗമോ വൈറൽ സ്ക്രീൻഷോട്ടിൽ ഇല്ല. ഈ താരതമ്യ ചിത്രം കാണാം.

sandeep4

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ 24 ന്യൂസ് ഓൺലൈൻ എഡിറ്റർ എബി തരകനുമായി സംസാരിച്ചു. "പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. ഇത്തരമൊരു വാർത്ത 24 ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല" അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വാർത്തകളും ഞങ്ങൾ പരിശോധിച്ചു. ബിജെപി നേതൃത്വവുമായി ഉണ്ടായ പ്രശ്നങ്ങളാണ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകാനുള്ള കാരണമെന്ന റിപ്പോർട്ടുകളുണ്ട്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് കോൺഗ്രസിൽ ചേരാൻ സന്ദീപ് വാര്യറെ പ്രേരിപ്പിച്ചതെന്നും ഈ റിപ്പോർട്ടുകളിൽ  പറയുന്നുണ്ട്. 

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വിവിധ മാധ്യമങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാർത്തകളിലെല്ലാം തന്നെ സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരാൻ കാരണം ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്.

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിഡിയോ 24 ന്യൂസ് പങ്കുവച്ചിട്ടുണ്ട്. സന്ദീപ് കോൺഗ്രസിൽ അംഗത്വം എടുത്തതിന് ശേഷം ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സന്ദീപിന്റെ പ്രതികരണം ഉൾപ്പെടുന്ന 24 ന്യൂസിന്റെ വിഡിയോ കാണാം 

ലഭ്യമായ വിവരങ്ങളിൽ നിന്നും 24 ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് കാരണം ഷമ മുഹമ്മദുമായുള്ള പ്രണയബന്ധമാണെന്ന അവകാശവാദത്തോടെയുള്ള വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണ്. ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചു.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇൻഡ്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The screenshot circulating with the claim that Sandeep Warrier joined the Congress was because of his relationship with Shama Mohammed is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com