ദലിത് നേതാവ് മാലയണിഞ്ഞപ്പോൾ സ്വീകരിക്കാതെ രാഹുൽ ഗാന്ധി! Fact Check
Mail This Article
എയര്‍പോര്‍ട്ടില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദലിത് നേതാവ് ഭജന്‍ലാല്‍ ജാദവ് ഹാരമണിയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. സ്വീകരണത്തിനിടെ ഒരാള്‍ മാലയണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അത് കൈയ്യില്‍ വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭജന്‍ലാല്‍ ജാദവ് മാത്രമല്ല, മറ്റ് പല നേതാക്കളും ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൈകളിലേക്ക് ഹാരം നല്‍കുന്നത് വിഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ വ്യക്തമാണ്.വാസ്തവമറിയാം.
∙ അന്വേഷണം
"ദലിതരെ വശത്താക്കാന്‍ ജാതി സെന്‍സസ് വേണമെന്നെല്ലാം പറയും. പക്ഷേ ഒരു ദലിതന്‍ കഴുത്തില്‍ മാല അണിയിക്കാന്‍ നോക്കിയാല്‍ നമ്മുടെ ഇറ്റലിക്കാരന്‍ സായിപ്പ് രാഹുല്‍ ഗാന്ധിക്ക് അത് പിടിക്കില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദളിത് നേതാവ് ഭജന്‍ലാല്‍ ജാതവ് രാഹുല്‍ ഗാന്ധിയെ മാല അണിയിക്കാന്‍ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധി അത് തടയുന്ന വിഡിയോ പുറത്ത്. " എന്ന കുറിപ്പിനൊപ്പമുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.
വൈറല്‍ വിഡിയോയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കാണാം. അതിനാല്‍ രാജസ്ഥാനിലെത്തിയ രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ സ്വീകരിക്കുന്ന ദൃശ്യമായിരിക്കും എന്ന് വ്യക്തമായി. ഈ സൂചന ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ജയ്‌പുരിലെത്തിയപ്പോള്‍ നേതാക്കള്‍ സ്വീകരിക്കുന്ന വിഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് ലഭ്യമായി. ഇതില്‍ നിരവധി നേതാക്കളുടെ പക്കല്‍ നിന്ന് രാഹുല്‍ ഗാന്ധി കൈകളിലേക്ക് മാല വാങ്ങുന്നത് വ്യക്തമാണ്.
2024 നവംബര്‍ 21ന് 'രാജസ്ഥാന്‍ തക്ക്' യുട്യൂബില്‍ പങ്കിട്ട വിഡിയോയില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളുമുണ്ട്. വിഡിയോയുടെ വിവരണത്തില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര, എംഎല്‍എ അമിന്‍ കാഗ്‌സി തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് രാഹു ല്‍ഗാന്ധിയെ സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം കാണാം.
ഞങ്ങളുടെ ജയ്‌പുർ റിപ്പോര്‍ട്ടര്‍ ദേവ് അങ്കൂറിന്റെ സഹായത്തോടെ വിഡിയോയിലുള്ള നേതാക്കളാരൊക്കെയാണെന്ന് ഞങ്ങള്‍ മനസിലാക്കി. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ ആദ്യം മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഹാരമണിയിക്കുന്നുണ്ട്. ശേഷം പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര, രാജസ്ഥാന്‍ നിയമസഭാ പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി എന്നിവര്‍ പൂച്ചെണ്ട് നല്‍കുന്നതും കാണാം. തുടര്‍ന്നാണ് ഭജന്‍ലാല്‍ ജാദവ് മാലയണിയിക്കാന്‍ ശ്രമിക്കുന്നത്. മാല കഴുത്തിലിടാതെ രാഹുല്‍ ഗാന്ധി കൈകളിലേക്ക് വാങ്ങുന്നത് കാണാം. പിന്നീട് പൂച്ചെണ്ടുകള്‍ നല്‍കിയ എംഎല്‍എ റഫീഖ് ഖാന് ശേഷം മൂന്ന് പേര്‍കൂടി രാഹുലിന് മാലയിടാന്‍ നില്‍ക്കുന്നതായി കാണാം. ഇവരില്‍ നിന്നും അദ്ദേഹം മാല കൈകളിലാണ് വാങ്ങിയത്. ഈ നേതാക്കളെപ്പറ്റി പരിശോധിച്ചപ്പോള്‍ ഇവരാരും ദളിത് വിഭഗത്തില്‍പ്പെട്ടവരല്ലെന്നും മനസിലാക്കാനായി. ഇതില്‍ നിന്ന് തന്നെ ദളിതനായതുകൊണ്ട് ഭജന്‍ലാല്‍ ജാദവിനെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്ന വാദം തെറ്റാണെന്ന് വ്യക്തമായി.
വിഡിയോയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം
രാഹുല്‍ ഗാന്ധിക്ക് ഹാരമണിയിക്കാന്‍ നിന്ന നേതാക്കളിലൊരാള്‍ ധര്‍മേന്ദ്ര സിങ് റാത്തോര്‍ ആണ്. രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്നു ധര്‍മേന്ദ്ര റാത്തോര്‍. രാഹുല്‍ ഗാന്ധിയെ മാലയണിയിച്ച മറ്റൊരാള്‍ കിഷന്‍പോല്‍ എംഎല്‍എ അമിന്‍ കാഗ്‌സിയാണ് . അദ്ദേഹം മുസ്‌ലിമാണ്. മൂന്നാമതായി മാല കൈയ്യില്‍ നല്‍കിയത് രാജസ്ഥാന്‍ പിസിസി സെക്രട്ടറി രഘുവീര്‍ സിങ്ങാണ്. രാഹുല്‍ ഗാന്ധി ദളിതരെ അവഗണിച്ചു എന്ന വാദം ഇതോടെ അപ്രസക്തമായി.
ആരാണ് ഭജന്‍ലാല്‍ ജാദവ്?
മുന്‍ സംസ്ഥാന മന്ത്രിയും ഇപ്പോഴത്തെ കരൗലി എംപിയുമായ ഭജന്‍ലാല്‍ ജാദവ് രാജസ്ഥാനിലെ പ്രമുഖ നേതാവാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള അദ്ദേഹം 2014 മുതല്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയാണ്. രാജസ്ഥാന്‍ സ്റ്റേറ്റ് ഡെവലപ്‌മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (RSRDC) ചെയര്‍മാന്‍ സ്ഥാനവും ഭജന്‍ലാല്‍ ജാദവ് വഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ജയ്‌പുർ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ദൃശ്യം ഭജന്‍ലാല്‍ ജാദവും അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
വിഡിയോയെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ക്കായി ഞങ്ങള്‍ രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ മീഡിയ വിഭാഗവുമായും ബന്ധപപെട്ടു. പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് രാജസ്ഥാന്‍ പിസിസി മീഡിയ വക്താവ് ആര്‍സി ചൗധരി വ്യക്തമാക്കി. "സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ക്രോപ്പ് ചെയ്ത വിഡിയോയാണ്. ഭജന്‍ലാല്‍ ജാദവില്‍ നിന്ന് മാത്രമല്ല, മറ്റ് നേതാക്കളില്‍ നിന്നും രാഹുല്‍ ഗാന്ധി ഇത്തരത്തിലാണ് ഹാരം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയവരില്‍ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളുണ്ടായിരുന്നുവെന്ന് പരിശോധിച്ചാല്‍ മനസിലാകും. രണ്ട് ഒബിസി, രണ്ട് എസ്‌സി, ഒരു എസ്‌ടി എന്നീ നേതാക്കള്‍ ഒരു വിവേചനവും നേരിടാതെ രാഹുല്‍ ഗാന്ധിയോടൊപ്പം അവിടെ ഉണ്ടായിരുന്നു. (ഇത് പറഞ്ഞത് ഭജന്‍ലാല്‍ ജിയ്ക്ക് അവഗണന നേരിട്ടുവെന്ന് ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രമാണ്)
കോണ്‍ഗ്രസ് ഒരിക്കലും വിവേചനം കാണിക്കുന്നവരല്ല, എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത്തരത്തില്‍ ക്രോപ്പ് ചെയ്‌ത വിഡിയോ പങ്കുവച്ച ബിജെപിയുടെ നേതാവിന് ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്, " ആര്‍സി ചൗധരി പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തിയപ്പോള്‍ ദളിത് നേതാവായ ഭജന്‍ലാല്‍ ജാദവില്‍ നിന്ന് മാല സ്വീകരിക്കാതെ അദ്ദേഹത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്‌തുത
രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തിയപ്പോള്‍ ദളിത് നേതാവായ ഭജന്‍ലാല്‍ ജാദവില്‍ നിന്ന് മാല സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ദൃശ്യമടങ്ങിയ വൈറല്‍ വിഡിയോ ക്ലിപ്പ് ചെയ്‌തതാണ്. ഭജന്‍ലാല്‍ ജാദവില്‍ നിന്ന് മാത്രമല്ല, മറ്റ് നേതാക്കളില്‍ നിന്നും രാഹുല്‍ ഗാന്ധി മാല കൈകളിലാണ് സ്വീകരിച്ചത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary : Rahul Gandhi has not refused to accept the garland from the Dalit leader