ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് വല്ല്യേട്ടനാണെന്നും ഗുജറാത്ത് വികസനം മാതൃകയാക്കിയാണ് ഇവിടെ വികസന നയം നടപ്പാക്കുക എന്നും പിണറായി വിജയൻ പറഞ്ഞു എന്ന അവകാശവാദത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രസംഗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  മോദിയുടെ ദൃശ്യം കൂടി ചേർത്താണ് ഈ പ്രസംഗ വിഡിയോ അവസാനിപ്പിക്കുന്നത്. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ക്ലിപ്പ്ഡാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞ കാര്യം ഉദ്ധരിച്ച് പിണറായി കോൺഗ്രസിനെ വിമർശിക്കുകയാണ് ചെയ്യുന്നത്.വാസ്ത‌വമറിയാം.

∙ അന്വേഷണം

"സ്വിച്ച് ഇട്ട പോലെ നിന്ന് തിരിഞ്ഞ് കളയും" എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് കാണാം 

വൈറൽ വിഡിയോയിൽ കാണുന്നത് പോലെ പിണറായി വിജയൻ നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നുവെങ്കിൽ അത് വലിയ വാർത്തായാകേണ്ടതാണ്, എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല. വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ "എനിക്ക് നരേന്ദ്രമോദി വല്യേട്ടനാണ്" എന്ന് പറഞ്ഞതിന് ശേഷം വിഡിയോ കട്ട് ചെയ്‌തതായി കാണാം. തുടർന്ന് "വല്യേട്ടൻ എന്ന് മാത്രമല്ല പറഞ്ഞത്, ഗുജറാത്തിന്റെ വികസന പാഠം ഉൾക്കൊണ്ട് കൊണ്ടാണ് ഞാനിവിടെ വികസനനയം നടപ്പാക്കുക" എന്നും പറയുന്നതായി കാണാം. ഇതിൽ നിന്നും വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറ്റൊരാൾ പറഞ്ഞ കാര്യം ഉദ്ധരിക്കുകയാണെന്നുമുള്ള സൂചന ലഭിച്ചു.

തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിൽ മോദി തനിക്ക് വല്ല്യേട്ടനാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതായുള്ള മാധ്യമ വാർത്തകൾ ഞങ്ങൾക്ക് ലഭ്യമായി. 2024 മാർച്ച് 4ന് 'മോദി എനിക്ക് വല്യേട്ടന്‍, പ്രധാനമന്ത്രിയെയും ഗുജറാത്തിനേയും പുകഴ്ത്തി രേവന്ത് റെഡ്ഡി' എന്ന തലക്കെട്ടോടെ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ ഗുജറാത്ത് മോഡലിനെയും തെലങ്കാന മുഖ്യമന്ത്രി പുകഴ്ത്തിയതായി വ്യക്തമാക്കുന്നുണ്ട്. ഈ വാർത്ത കാണാം 

പിന്നീട് ഞങ്ങൾ പരിശോധിച്ചത് 2024 മാർച്ച് മാസത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളുടെ വിഡിയോകളാണ്. 2024 മാർച്ച് 9ന് കലുങ്ക് എന്ന യൂട്യൂബ് ചാനലിൽ "എല്ലാ മലയാളികളും കേട്ടിരിക്കേണ്ട പ്രസംഗം | പിണറായി വിജയൻ" എന്ന തലക്കെട്ടോടെ പങ്കുവച്ചിട്ടുള്ള വിഡിയോയിൽ വൈറൽ വിഡിയോയിലുള്ള അതേ പശ്ചാത്തലവും മൈക്കുകളും ടേബിൾ ലാമ്പും കാണാം. മാർച്ച് 9ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ പിണറായി വിജയൻ നടത്തിയ പ്രസംഗമാണ് ഇത്.

46.16 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വിഡിയോയിലെ 40.21 മിനിറ്റ് മുതലുള്ള ഭാഗമാണ് വൈറൽ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി. "തെലങ്കാനയിൽ നിന്നൊരു മുഖ്യമന്ത്രിയെ ഇവിടെ കൊണ്ടുവന്നു, ഇയാൾ പുതിയ മുഖ്യമന്ത്രിയാണ്. ഇവിടെ വന്ന് സംസാരിച്ച് അദ്ദേഹം തിരിച്ച് പോയി, തിരിച്ചെത്തി തെലങ്കാനയിൽ എത്തി ആദ്യം പറഞ്ഞതെന്താണെന്നറിയാമോ നരേന്ദ്രമോദി വല്ല്യേട്ടനാണ്" എന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതിന് ശേഷം "കോൺഗ്രസിന്റെ മുഖ്യമന്ത്രി പറയുകയാണ് നരേന്ദ്രമോദി വല്ല്യേട്ടനാണ് എന്ന്" തുടങ്ങി മോദി കേരളത്തിൽ എത്തിയപ്പോൾ പിണറായി അദ്ദേഹത്തെ തൊഴുത് കൊണ്ട് സ്വീകരിച്ചതിനെ കോൺഗ്രസ് വിമർശിച്ചത് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നുണ്ട്. ഈ ഭാഗം വൈറൽ വിഡിയോയിൽ കട്ട് ചെയ്ത് ഒഴിവാക്കി. തുടർന്ന് രേവന്ത് റെഡ്ഡി ഗുജറാത്തിന്റെ വികസനത്തെ കുറിച്ച് നടത്തിയ പ്രസ്താവനയും പിണറായി വിജയൻ എടുത്ത് പറയുന്നു. ഈ ഭാഗവും വൈറൽ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രസംഗത്തിലെ പ്രസക്ത ഭാഗം ചുവടെ കാണാം.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 2024 ഫെബ്രുവരി 29നാണ് കേരളത്തിൽ എത്തിയത്. കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ സമാപനത്തിന് എത്തിയ അദ്ദേഹം തിരിച്ച് പോയതിന് ശേഷമാണ് മോദി വല്ല്യേട്ടനാണ് എന്ന പ്രസ്താവന നടത്തിയത്. ഇക്കാര്യം പിണറായി വിജയൻ പ്രസംഗത്തിൽ വിശദീകരിക്കുന്നുണ്ട്. രേവന്ത് റെഡ്ഡി കേരളത്തിൽ എത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കാണാം

ലഭ്യമായ വിവരങ്ങളിൽ നിന്നും നരേന്ദ്രമോദി തനിക്ക് വല്യേട്ടനാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വിഡിയോ ക്രോപ്പ്ഡ് ആണെന്ന് വ്യക്തമായി.

∙ വസ്തുത

പ്രധാനമന്ത്രി വല്യേട്ടനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന വിഡിയോ ക്ലിപ്പ്ഡ് ആണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകളാണ് പിണറായി വിജയൻ പ്രസംഗത്തിൽ ഉപയോഗിച്ചത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The video where Chief Minister Pinarayi Vijayan says that the Prime Minister is Valyetan is clipped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com