ADVERTISEMENT

പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും നിലപാടുകളും ചർച്ചയാകുന്നതിനിടെ കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത പൊട്ടിത്തെറിയായി പുറത്തു വന്നത്. പിന്നീട് സംസ്ഥാന സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടായത് പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനം ആരംഭിച്ച ദിവസം സമ്മേളന വേദിയിൽ വിതരണം ചെയ്‌ത കുടിവെള്ളവുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്.

വേദിയിൽ തവിട്ടു നിറത്തിൽ വിതരണം ചെയ്ത കുപ്പികളിൽ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി പോസ്റ്റുകൾ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിലേയ്ക്കും ലഭിച്ചിരുന്നു. വാസ്തവമറിയാം

∙ അന്വേഷണം

കൊല്ലത്ത് പാർട്ടി സമ്മേളനത്തിനെത്തിയ കുറച്ച്പേർക്ക് പ്ലാസ്റ്റിക് കുപ്പിയിൽ (വെള്ളമാണെന്ന് പറയുന്നു), മറ്റ് ചിലർക്ക് ചില്ലു കുപ്പിയിൽ മദ്യം, ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണാവോ നടക്കുന്നത് എന്ന കുറിപ്പിനൊപ്പമാണ് വസ്തുതാ പരിശോധനയ്ക്കുള്ള പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചത്. പോസ്റ്റിലുള്ള വൈറൽ ചിത്രത്തിൽ ചിന്താ ജെറോം തവിട്ടു നിറത്തിലുള്ള ഒരു ചില്ലു കുപ്പി കൈയ്യിൽ പിടിച്ചിരിക്കുന്നതായി കാണാം. ഇതോടൊപ്പമുള്ള മറ്റ് ചിത്രങ്ങളിൽ നേതാക്കന്മാരായ എം.എ.ബേബി, എം.വി ഗോവിന്ദൻ എന്നിവർ മിനറൽ വാട്ടറിന്റേതെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കൈയ്യിൽ പിടിച്ചിരിക്കുന്നത് കാണാം. വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇവിടെ കാണാം.

chintha4

കീവേഡുകളുടെ പരിശോധനയിൽ കൊല്ലത്തെ പാർട്ടി സമ്മേളനവേദിയിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വച്ചതുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു.എന്നാൽ  ജില്ലാ സമ്മേളനത്തിന് ബിയർ വിളമ്പിയെന്ന തരത്തിലുള്ള വാർത്തകളൊന്നും തന്നെ ലഭിച്ചില്ല

കൂടുതൽ പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് ചിന്താ ജെറോം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ നൽകിയിരിക്കുന്ന വിശദീകരണവും ഞങ്ങൾക്കു ലഭിച്ചു. പോസ്റ്റ് കാണാം

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു.  ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമരരൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ' നന്നാക്കികൾ'  പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ - അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണമെന്ന് പോസ്റ്റിൽ ചിന്ത വ്യക്തമാക്കുന്നു. 

സ്ഥിരീകരണത്തിനായി കൊല്ലത്തെ സമ്മേളനത്തിന്റെ സംഘാടക സമിതി ഭാരവാഹികളുമായി ഞങ്ങൾ സംസാരിച്ചു.  പ്രചരിക്കുന്ന പോസ്റ്റുകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഗ്രീൻ പ്രോട്ടോക്കോൾ അഥവാ ഹരിത ചട്ടം പാലിച്ചുള്ള സമ്മേളന നടത്തിപ്പിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പികൾ ഉപേക്ഷിച്ച് ചില്ലുകുപ്പികളിൽ കരിങ്ങാലി വെള്ളം നിറച്ച് സമ്മേളന നഗരിയിലും വേദിയിലും ഉപയോഗിച്ചത്. ഇതാണ് സമ്മേളനത്തിൽ മദ്യം ഉപയോഗിച്ചെന്ന തരത്തിൽ അടിസ്ഥാനരഹിതമായി പ്രചരിക്കുന്നത്. കുപ്പിയിൽ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നത്. അവർ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ഹരിത ചട്ടം പാലിച്ചുള്ള സമ്മേളന നടത്തിപ്പിന്റെ ഭാഗമായി ചില്ല് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്തതിനെയാണ് സമ്മേളനത്തിൽ മദ്യം വിതരണം ചെയ്തെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിച്ചതെന്ന് വ്യക്തമായി.  

∙ വാസ്തവം

കൊല്ലത്തെ സിപിഎം സമ്മേളന പരിപാടിയിൽ ബിയര്‍ വിതരണം നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

English Summary: The allegation that beer was distributed at the CPM conference program in Kollam is baseless 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com