അണ്ണാമലൈയുടെ ചിത്രത്തിൽ മാലയിടുന്ന വിജയ്! | Fact Check |
Mail This Article
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച അണ്ണാമലൈ, രാവിലെ വീട്ടുമുറ്റത്ത് ശരീരത്തിൽ 8 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിച്ചു. 48 ദിവസം വ്രതമെടുക്കുമെന്നുമാണ് പ്രഖ്യാപിച്ചത്.
അതിനിടെ ചാട്ടവാറടി പ്രതിഷേധത്തില്‍ നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ വിജയ് അണ്ണാമലൈയെ പരിഹസിക്കുന്നതായി ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അണ്ണാമലൈയുടെ പ്രതിഷേധ ചിത്രത്തില്‍ വിജയ് മാലയിടുന്നതായുള്ള ഫോട്ടോയാണിത്. എന്നാല്‍, പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യഥാര്‍ഥ ചിത്രത്തില്‍ വിജയ് ഹാരമണിയിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനിയായ റാണി വേലു നാച്ചിയാരുടെ ഫോട്ടോയിലാണ്.
∙ അന്വേഷണം
"എന്ത് പറ്റി അണ്ണാമലൈക്ക് കുറച്ചു നേരം മുന്നേ ആണല്ലോ ചാട്ടവാറടിച്ച വിഡിയോ കണ്ടത് , എന്ത് പറ്റി" എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.
വൈറല്‍ ചിത്രം യഥാര്‍ഥമാണെന്ന രീതിയില്‍ നിരവധി കമന്റുകളാണ് പോസ്റ്റിലുള്ളത്. ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ പശ്ചാത്തലത്തിലുള്ള വിജയുടെ ചിത്രം നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ ചിത്രത്തിലുള്ളത് അണ്ണാമലൈ അല്ല മറിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആദ്യ വനിതാ സ്വാതന്ത്ര്യ സമര സേനാനി ആയ റാണി വേലു നാച്ചിയാരാണ്. വേലു നാച്ചിയാരുടെ ചരമവാര്‍ഷിക ദിനത്തില്‍ വിജയ് ആദരം അര്‍പ്പിക്കുന്ന ചിത്രമെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ വിവരണം
ഈ സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ തന്തി ടിവി യുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച സമാനമായ ചിത്രം ലഭ്യമായി. റാണി വേലു നാച്ചിയാരുടെ ചരമദിനത്തില്‍ വിജയ് ആദരം അര്‍പ്പിക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെ 2024 ഡിസംബര്‍ 25ന് തന്തി ടിവി പങ്കുവച്ച പോസ്റ്റ് കാണാം.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ തമിഴ് പ്രസിദ്ധീകരണമായ ദിനമണിയും ഈ ചിത്രം പങ്കുവച്ചിരുന്നു. പണയൂരിലുള്ള തമിഴക വെട്രി കഴകം ഒഫിസിലാണ് വിജയ് വേലു നാച്ചിയാര്‍ക്ക് ആദരം അര്‍പ്പിച്ചത്. തമിഴക വെട്രി കഴകം ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ പങ്കുവച്ച ചിത്രം കാണാം
വൈറല്‍ ചിത്രവും ഒറിജിനലും തമ്മിലുള്ള താരതമ്യം
ഇതില്‍ നിന്ന് അണ്ണാമലൈയുടെ ചിത്രത്തിലല്ല റാണി വേലുനാച്ചിയാരുടെ ചിത്രത്തിലാണ് വിജയ് മാലയിടുന്നതെന്ന് വ്യക്തമാണ്. എന്നിരുന്നാലും അണ്ണാമലൈയുടെ സമരത്തിനെതിരെ വിജയ് പ്രതികരണം നടത്തിയിരുന്നോ എന്നും ഞങ്ങള്‍ പരിശോധിച്ചു. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ലൈംഗീകാതിക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്. കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നടപടിയെടുക്കണമെന്നും അതിജീവിതയ്ക്ക് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ട വിജയ് വിദ്യാലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും ഡിഎംകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വാര്‍ത്തകളിലുള്ളത് . എന്നാല്‍ അണ്ണാമലൈയുടെ സമര രീതിയെ വിജയ് പരിഹസിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല.
ക്യാംപസിനുള്ളില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നില്‍ക്കെ അജ്ഞാതനായ ആള്‍ ഭീഷണിപ്പെടുത്തിയെന്ന് 19 കാരിയായ വിദ്യാര്‍ഥിനി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത് ഡിസംബര്‍ 23നാണ്. പരാതിക്കാരിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിടുന്ന വിജയുടെ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
∙ വാസ്തവം
ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിടുന്ന നടന്‍ വിജയ്‌യുടെ ചിത്രം എഡിറ്റ് ചെയ്‌തതാണ്. ആദ്യ വനിതാ സ്വാതന്ത്ര്യ സമര സേനാനിയായ റാണി വേലു നാച്ചിയാര്‍ക്ക് വിജയ് ആദരം അര്‍പ്പിക്കുന്നതാണ് യഥാര്‍ഥ ചിത്രം.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary: The picture of actor Vijay garlanding Annamalai's photo has been edited