നക്ഷത്രചിഹ്നമുള്ള അഞ്ഞൂറ് രൂപ വ്യാജനോ? വാസ്തവമറിയാം | Fact Check
Mail This Article
കള്ളനോട്ടുകൾ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. നക്ഷത്ര (*) ചിഹ്നമുള്ള 500 രൂപ നോട്ടുകൾ വ്യാജമാണെന്ന അവകാശവാദവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുതയറിയാം.
അന്വേഷണം
ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുന്നതിന് ഞങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ 2023 ജൂലൈ 27 ലെ ഒരു പത്രക്കുറിപ്പ് കണ്ടെത്തി നോട്ട് നിയമപരമാണെന്ന സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.
അഞ്ഞൂറ് രൂപ നോട്ടിന്റെ നമ്പർ പാനലിൽ നക്ഷത്ര (*) ചിഹ്നം ചേർത്തിട്ടുണ്ടെന്ന് ആർബിഐ അറിയിപ്പിൽ പറയുന്നു. അച്ചടിപ്പിഴവുകളുണ്ടാകുന്ന നോട്ടുകൾക്ക് പകരം പിശക് വന്ന നോട്ടുകളുടെ നമ്പർ പാനലിൽ സ്റ്റാർ ചിഹ്നം രേഖപ്പെടുത്തി പുനരുപയോഗിക്കാൻ ആർ.ബി.ഐ. തീരുമാനിക്കുകയായിരുന്നു എന്ന് അറിയിപ്പിൽ വ്യക്തമാണ്.
'The Star (*) symbol is an identifier that it is a replaced / reprinted banknote'എന്ന് വ്യക്തമായി ആർബിഐ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ആർബിഐയുടെ FAQ വിഭാഗത്തിലും അച്ചടി പിഴവുള്ള നോട്ടുകൾക്ക് "സ്റ്റാർ സീരീസ്" നമ്പറിംഗ് സംവിധാനം സ്വീകരിച്ചതായി പരാമർശിച്ചിട്ടുണ്ട്. സ്റ്റാർ സീരീസ് ബാങ്ക് നോട്ടുകൾ മറ്റ് ബാങ്ക് നോട്ടുകൾക്ക് സമാനമാണ്, എന്നാൽ നോട്ടിന് താഴെയുള്ള അക്കങ്ങളുടെ പാനലിൽ ഒരു നക്ഷത്ര(*) ചിഹ്നം അധികമായി നൽകിയിട്ടുള്ളത് മാത്രമാണ് വ്യത്യാസം.
മുൻപ് ഇത്തരത്തിൽ നക്ഷത്ര ചിഹ്നം ചേർത്ത് നോട്ടുകൾ ആർബിഐ പുറത്തിറക്കിയിട്ടുണ്ടോ എന്ന അന്വേഷണത്തിൽ 10, 20, 50 രൂപയുടെ മൂല്യത്തിനൊപ്പം 'നക്ഷത്ര' ചിഹ്നം ചേർക്കുമെന്ന് പ്രസ്താവിച്ച 2006-ൽ നിന്നുള്ള ഒരു പ്രസ് റിലീസും ഞങ്ങൾ കണ്ടെത്തി.
10, 20, 50 രൂപ നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ പുറത്തിറക്കിയത്.2016 മുതൽ ഇവ പ്രചാരത്തിലുണ്ട്. 2016 ഡിസംബറിലെ ഒരു പ്രസ് റിലീസിൽ, ഇതേ ചിഹ്നമുള്ള 500 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന ആർബിഐ അറിയിപ്പും ഞങ്ങൾക്ക് ലഭിച്ചു.
ഈ നോട്ടുകൾ നിയമപരമാണെന്നും റിലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, മുകളിൽ പറഞ്ഞ വിവരങ്ങളിൽ നിന്ന്, പോസ്റ്റ് തെറ്റാണെന്ന് വ്യക്തമായി.
വസ്തുത
നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണെന്ന പ്രചരണം വ്യാജമാണ്. ആർബിഐ തന്നെയാണ് ഈ നോട്ടുകൾ പുറത്തിറക്കിയത്.