ADVERTISEMENT

ലോക രാജ്യങ്ങൾക്ക് മുന്‍പിൽ ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളമെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആരവങ്ങൾ അടങ്ങിയിട്ടില്ല.ഇതിനിടെ ഇന്ത്യയുടെ ദേശീയ ചിഹ്നം, ഐഎസ്ആർഒ ലോഗോ എന്നിവ ചന്ദ്രോപരിതലത്തിൽ പതിഞ്ഞതിന്റെ ചിത്രം എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു ചിത്രം ഷെയർ ചെയ്യപ്പെടുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ച ചിത്രത്തിന്റെ സത്യമറിയാം.

അന്വേഷണം

ഐഎസ്ആർഒ ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ പ്രതലത്തിൽ പതിഞ്ഞിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ലാൻഡറിൽ നിന്നു ഉപരിതലത്തിലേക്കിറങ്ങുന്ന നേരത്ത് വീലുകളിലായി ഐഎസ്ആർഒയുടെ ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും ഉൾപ്പെടുത്തുമെന്ന അറിയിപ്പുകളുണ്ടായിരുന്നു. ചിത്രം സംബന്ധിച്ച  കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഐഎസ്ആർഒയുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചു. ഇത്തരത്തിലൊരു ചിത്രമുണ്ടെങ്കിൽ അത് ഐഎസ്ആർഒ ഒൗദ്യോഗിക പേജുകളിൽ പോസ്റ്റ് ചെയ്യും. എന്നാൽ ഇത്തരത്തിലൊരു ചിത്രം അവരുടെ ഒൗദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൊന്നും തന്നെ കണ്ടെത്തിയില്ല.

എന്നാൽ 2019ൽ ഐഎസ്ആർഒയുടെ ഒൗദ്യോഗിക യുട്യൂബ് പേജിൽ പുറത്തിറക്കിയ ആനിമേഷൻ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഇതിൽ ദേശീയ ചിഹ്നവും, ഇസ്രോ മുദ്രയും ആലേഖനം ചെയ്യുന്നതും കാണിച്ചിട്ടുണ്ട്.  

പ്രചരിക്കുന്ന ചിത്രങ്ങളിൽ രണ്ടു ചിഹ്നങ്ങളും ഒരുമിച്ചാണെങ്കിൽ വിഡിയോയിലുള്ളത് വ്യത്യസ്ത വീലുകളിൽ പതിയുന്ന ചിഹ്നങ്ങളാണെന്ന് വ്യക്തമായി. 

റോവറിനെ കുറിച്ച് വ്യക്തമാക്കുന്ന വിഡിയോയിലും ഇസ്രോയുടെ കർട്ടൻ റെയ്സറിലും ചന്ദ്രനിൽ ഇന്ത്യയുടെ ദേശീയ ചിഹ്നവും ഐഎസ്ആർഒ  ലോഗോയും പതിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരം ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  ലാൻഡറിൽ നിന്ന് റോവർ ചന്ദ്രോപരിതലത്തിലേക്കിറങ്ങിയ ചിത്രങ്ങൾ മാത്രമാണ് ഐഎസ്ആർഒ പുറത്തു വിട്ടിട്ടുള്ളത്. 

ചിത്രം പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ ക്രിഷാൻഷു ഗാർഗ് എന്ന വാട്ടർമാർക്ക് ചേർത്തിട്ടുണ്ട്. ഐഎസ്ആർഒ പുറത്തുവിടുന്ന ചിത്രങ്ങളിൽ ഇത്തരം വാട്ടർമാർക്കുകൾ നൽകാറില്ല. ചിത്രം കീവേർഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ ക്രിഷാൻഷു ഗാർഗ് എന്ന ഐ‍ഡിയിൽ നിന്ന് പോസ്റ്റ് ചെയ്ത ചിത്രം ഞങ്ങൾക്ക് ലഭിച്ചു. 

krish

സ്ഥിരീകരണത്തിനായി ല‌ക്‌നൗ സ്വദേശിയായ ക്രിഷാൻഷു ഗാർഗുമായി ഞങ്ങൾ സംസാരിച്ചപ്പോൾ ഫൊട്ടോഷോപ്പ് സഹായത്തോടെ നിർമ്മിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തതെന്ന് ക്രിഷാൻഷു വ്യക്തമാക്കി.ചിത്രത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയല്ല ചെയ്തതെന്നും ശാസ്ത്ര വിഷയങ്ങളിൽ തൽപ്പരനായതിനാലാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിച്ച് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ISRO

അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ ഇത്തരം നിരവധി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.ചിത്രം വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ക്രിഷാൻഷു പോസ്റ്റുമായി രംഗത്തെത്തി.

വൈറലായിക്കൊണ്ടിരിക്കുന്ന എന്റെ കലാസൃഷ്‌ടിക്കുള്ള പ്രതികരണത്തിൽ ഞാൻ വളരെയധികം ആശ്ചര്യപ്പെടുന്നു! എന്നാൽ ഇത് ഒരു കലാസൃഷ്ടി മാത്രമാണ്, ഇത് ഒരു യഥാർത്ഥ ചിത്രമാണെന്ന് ഞാൻ ഒരിക്കലും പരാമർശിച്ചിട്ടില്ല. ഈ കലാസൃഷ്ടി 'യഥാർത്ഥം' എന്ന് വിപണനം ചെയ്യുന്നത് ദയവായി നിർത്തുക എന്നാണ്  ക്രിഷാൻഷു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

കടപ്പാട് : ട്വിറ്റർ
കടപ്പാട് : ട്വിറ്റർ

വസ്തുത

പ്രചാരത്തിലുള്ള ചിത്രം ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചതാണ്. 

English Summary: Footages of Imprints from Rover Related to Chandrayaan is Fake – Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com