ADVERTISEMENT

മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഇറക്കുമതി, ഉൽപ്പാദനം, കൈവശം വയ്ക്കൽ, ഉപയോഗം തുടങ്ങിയവയ്ക്ക്  കടുത്ത പിഴ ചുമത്തുന്ന രാജ്യമാണ് സൗദി അറേബ്യ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും പരസ്യമായി ചാട്ടവാർ അടിയും നാടുകടത്തലുമാണ് ശിക്ഷ. എന്നാൽ ഇതിനിടെ സൗദിയിൽ പൊതുജനങ്ങൾക്കായി മദ്യശാല തുറന്നെന്നും ഇനി പേടിയില്ലാതെ മദ്യപിക്കാം എന്ന തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

#ഇനിമേൽ_സൗദി_സംഘിക്ക്_സ്വർഗ്ഗം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

എന്നാൽ ഞങ്ങൾ ഇത് സംബന്ധിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ വാർത്തയുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം  രാജ്യത്ത്  മദ്യം വില്‍പന നടത്തുന്നത് ഇസ്‌ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ്. നയതന്ത്രജ്ഞര്‍ താമസിക്കുന്ന റിയാദിലെ നയതന്ത്ര മേഖലയിലാണ് പുതിയ മദ്യ ഷോപ്പ് സ്ഥാപിക്കുക. 

കൂടുതല്‍ വിവരങ്ങൾക്കായി ഞങ്ങള്‍ പരിശോധന നടത്തിയപ്പോൾ നയതന്ത്ര ഉദ്യോഗസ്ഥരല്ലാത്ത മറ്റുള്ളവർക്ക് മദ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും റിപ്പോര്‍ട്ടുകളിലെവിടെയും വ്യക്തമാക്കുന്നില്ല. അമുസ്‌ലിമായ ഒരു നയതന്ത്ര ഉദ്യോഗസ്ഥന് പ്രതിമാസം നിശ്ചിത അളവിൽ മാത്രം മദ്യം ഉപയോഗിക്കാനാകുമെന്ന തരത്തിലാണ് സജ്ജീകരണം. രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം. 

മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു ഡിപ്ലോമാറ്റിക് പാർസൽ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി ദുരുപയോഗം ചെയ്തതിനെ തുടർന്ന് ഈ മാസം 22 മുതൽ സൗദിഅറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്നറിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന പുതിയ കേന്ദ്രത്തിലൂടെ അവർക്ക് നിയന്ത്രിത അളവിൽ മദ്യം ലഭ്യമാക്കുന്നതെന്നാണ് ഈ റിപ്പോർട്ടിലും വ്യക്തമാക്കുന്നത്.

സ്ഥിരീകരണത്തിനായി സൗദി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥ പ്രതിനിധിയുമായി ഞങ്ങൾ സംസാരിച്ചു.നിലവിൽ മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് മദ്യശാല ആരംഭിച്ചതെന്നും നഗരത്തിന്റെ വടക്ക് വശത്തായി  റിയാദിലെ ഡിപ്ലോമാറ്റിക് സെന്ററിലാണ് മദ്യശാല ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കർശന മദ്യനിരോധനമുള്ള ലോകമെമ്പാടുമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യയിൽ 1950-കളുടെ തുടക്കം മുതലാണ് മദ്യ നിരോധനം ആരംഭിച്ചത്.

ഇതിൽ നിന്ന് പൊതുജനങ്ങൾക്കു വേണ്ടിയുള്ള മദ്യശാലയല്ല സൗദി അറേബ്യയിൽ ആരംഭിച്ചതെന്ന് വ്യക്തമായി.

∙ വാസ്തവം

സൗദി അറേബ്യയിൽ പൊതുജനങ്ങൾക്കു വേണ്ടി മദ്യശാല ആരംഭിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ്.

English Summary: Shops in Saudi Arabia to sell alcohol to the public is misleading - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com