മനുഷ്യ മുഖമുള്ള ഭീമൻ മത്സ്യങ്ങൾ ! പ്രചരിക്കുന്ന വിഡിയോ വ്യാജം | Fact Check
Mail This Article
മനുഷ്യ മുഖമുള്ള ഭീമൻ മത്സ്യങ്ങളാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരെയും അത്ഭുതം കൊള്ളിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം
അന്വേഷണം
കരാഞ്ചിയിലെ ഒറ്റപ്പെട്ട ഉഷ്ണമേഖലാ പ്രദേശത്ത്, നൈൽ നദിയുടെ ഉഷ്ണമേഖലാ സ്രോതസ്സുകളിലെ തടാകങ്ങളിലൊന്നായ സംസാര തടാകത്തിൽ അടുത്തിടെ, മനുഷ്യമുഖത്തോട് സാമ്യമുള്ള വിചിത്ര ഇനം മത്സ്യങ്ങളെ കണ്ടെത്തി, ഇത് ജല ഗവേഷണ ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. വിശ്വസനീയമാണോ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
വൈറൽ വിഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ നടത്തിയ കീവേഡ് തിരയലിൽ ഹെഡ്‌ടാപ്പ് വിഡിയോസ് എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
വൈറൽ വിഡിയോയ്ക്ക് സമാനമായ അതേ ദൃശ്യങ്ങളാണ് യുട്യൂബ് ചാനലിലെ വിഡിയോയിലുമുള്ളതെന്ന് വ്യക്തമായി. 'ദി ഹ്യൂമൻ ഫെയ്‌സ്ഡ് ഫിഷ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയിലെ വിവരണമനുസരിച്ച്, കരാഞ്ചിയിലെ പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത് 'സംസാര തടാകത്തിൽ' ശാസ്ത്രജ്ഞർ അടുത്തിടെ വിചിത്ര മത്സ്യങ്ങളെ കണ്ടെത്തി എന്നാണ്.
എന്നാൽ ഞങ്ങളുടെ കീവേഡ് തിരയലിൽ ഇത്തരത്തിലുള്ള വാർത്തകളൊന്നും തന്നെ എവിടെയും റിപ്പോർട്ട് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ കരാഞ്ചി എന്ന പ്രദേശത്ത് സംസാര തടാകമെന്നൊന്ന് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ കരാഞ്ചി എന്ന പ്രദേശം കർണ്ണാടകയിൽ ഉണ്ടെങ്കിലുംഇത്തരമൊരു സംഭവം അവിടെ നടന്നതായുള്ള വൈറൽ വാദത്തെ സാധൂകരിക്കുന്ന വാർത്താ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.
ശാസ്ത്രജ്ഞർ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരുന്നെങ്കിൽ, അത് മുഖ്യധാരാ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുമായിരുന്നു, എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന വാർത്താ റിപ്പോർട്ടുകളോ ശാസ്ത്രീയ ലേഖനങ്ങളോ ഞങ്ങൾക്ക് ലഭിച്ചില്ല.
ഈ വിവരങ്ങൾ അടങ്ങിയ വൈറൽ വിഡിയോ അപ്‌ലോഡ് ചെയ്ത 'Headtap Videos' എന്ന യുട്യൂബ് ചാനലിനെക്കുറിച്ച് പരിശോധിച്ചപ്പോൾ ഇത്തരം ഗ്രാഫിക്‌സ് അടിസ്ഥാനമാക്കിയുള്ള വിഡിയോകൾ സ്ഥിരമായി ഇവർ അപ്‌ലോഡ് ചെയ്യുന്നുണ്ട്. വിഡിയോയിലും ഗ്രാഫിക്സിലുമുള്ള പരീക്ഷണങ്ങൾ എന്നാണ് ചാനലിലെ വിവരണം തന്നെ.
ഈ സൂചനകളിൽ നിന്ന് വൈറൽ വിഡിയോ, നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച സൃഷ്ടിയാണെന്ന സംശയത്തിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ കണ്ടെത്തുന്ന Is It AI? എന്ന പേജിലൂടെ വൈറൽ വിഡിയോയിലെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. പരിശോധിച്ച ചിത്രങ്ങളെല്ലാം 90 ശതമാനത്തിന് മുകളിലാണ് ചിത്രങ്ങൾ എഐ നിർമ്മിതമാണെന്ന സൂചനകൾ നൽകിയത്.
കൂടാതെ മനുഷ്യ മുഖമുള്ള മത്സ്യമോ, നൈൽ നദിക്ക് സമീപം സംസാര എന്ന തടാകമോ ഉണ്ടെന്ന് തെളിയിക്കാൻ മറ്റ് വിശ്വസനീയമായ തെളിവുകളൊന്നും തന്നെ കണ്ടെത്തിയില്ല. വിഡിയോ പോസ്റ്റ് ചെയ്ത ചാനൽ കൂടുതൽ ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ കൃത്രിമമായി എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണ് വിഡിയോയിലെ ദൃശ്യങ്ങൾ എന്നാണ് നിഗമനം. വിഡിയോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഇതേ വിഡിയോയിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ മറ്റൊരു ഹാസ്യാത്മക വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.വിഡിയോയ്ക്കൊപ്പമുള്ള ഡിസ്ക്രിപ്ഷനിൽ വിഡിയോ എഐ ആർട്ട് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാരണങ്ങളാൽ തന്നെ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
വാസ്തവം
മനുഷ്യമുഖത്തോട് സാമ്യമുള്ള വിചിത്ര ഇനം മത്സ്യങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ എഐ നിർമ്മിതമാണ്.ഇത്തരമൊരു ജീവിയെക്കുറിച്ച് പ്രതിപാദിക്കുന്ന വിശ്വസനീയമായ രേഖകളോ ശാസ്ത്രീയ തെളിവുകളോ ഇല്ല.
English Summary: Viral video claiming to have discovered a strange species of fish that resembles a human face is made by AI