ADVERTISEMENT

ലോക്‌സഭാ തിരഞ്ഞെടുപ്പും കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.ഇതിനിടെ ഭാരത് അരിയുമായി സ്കൂട്ടറിൽ പോകുന്ന മുസ്‍‌ലിം കുടുംബം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

മമ്പ്രത്തുള്ള അയ്മൂട്ടി ഹാജിയാരും ബീവി ഖദീജ ബീഗവും കൂടി 29 കായുടെ ബർഗ്ഗീയ അരിയുമായി പോകുന്ന പോക്കേ..പച്ചരി ബിജ്യന്റെ നാട്ടിൽ ഈ ബർഗീയ പുയുക്കലരി ചെലവാകുമോ!!!കൺശ്യുമെർ ഫെഡറേശൻ ശാപ്പിൽ നിന്നും ഞമ്മളും 10 kg ന്റെ ഒരു ചാക്ക് ബർഗീയ ഭാരത് റൈസ് ബാങ്ങിച്ചു.! ഇൻശാ അള്ളാ..ഹ് അരി ബെന്തു കലങ്ങുമ്പോൾ കഞ്ഞിബെള്ളം കാവി കളർ ആകരുതേ.അൽഹംദുലില്ലാഹ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

മോദിയുടെ ചിത്രവും 29 രൂപ എന്ന എഴുത്തുമുള്ള സഞ്ചി വശത്തായി തൂക്കിയ ഒരു സ്കൂട്ടറിൽ ബുർഖ ധരിച്ച സ്ത്രീയെ പിന്നിലിരുത്തി പോകുന്നയാളുടെ ചിത്രമാണ് പോസ്റ്റിനൊപ്പമുള്ള ദൃശ്യത്തിലുള്ളത്.

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സമാന ചിത്രം ഒരു എക്‌സ് പോസ്റ്റിൽ കണ്ടെത്തി. 2023ലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതേ ചിത്രം എഡിറ്റ് ചെയ്തതാണ് വൈറൽ ചിത്രം നിർമ്മിച്ചതെന്ന് വ്യക്തമായി. കാരണം യഥാർത്ഥ ചിത്രത്തിൽ മോദിയുടെ ചിത്രത്തിനൊപ്പം 29 രൂപ എന്ന് നൽകിയിട്ടില്ല. വൈറൽ ചിത്രത്തിൽ 29 രൂപ എന്ന്  എഡിറ്റ് ചെയ്ത് ചേർത്തതാണ്. കൂടാതെ ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള സ്കൂട്ടറാണ് യഥാർത്ഥ ചിത്രത്തിലുള്ളത്. എന്നാൽ വൈറൽ ചിത്രത്തിൽ  ഉത്തർപ്രദേശ് എന്ന നമ്പർപ്ലേറ്റ് അവ്യക്തമായാണ് നൽകിയിരിക്കുന്നത്.  

bharat

മോദിയുടെ ചിത്രമുള്ള അരി പാക്കറ്റുകൾ പുറത്തിറക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം മോദിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അരി വിതരണം ചെയ്തതായുള്ള വിവിധ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. അരി വിതരണത്തിൽ മോദിയുടെ ചിത്രം ചേർത്തത് ഏറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത അരിയുടെ ചാക്കാണ് വൈറൽ ചിത്രത്തിലുള്ളത്.

തൃശ്ശൂരിൽ ആരംഭിച്ച ഭാരത് അരി വിതരണം സംബന്ധിച്ച വാർത്ത മനോരമ ഓൺലൈൻ  റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ വിതരണത്തിനെത്തിയ ഭാരത് അരിയുടെ പാക്കറ്റുകളുടെ ചിത്രങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഇതിൽ മോദിയുടെ ചിത്രമില്ല. 

വാസ്തവം

ഭാരത് അരിയുമായി സ്കൂട്ടറിൽ പോകുന്ന മുസ്‍‌ലിം കുടുംബം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. മൂന്ന് വർഷത്തോളമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം ഉത്തർ പ്രദേശിൽ നിന്നുള്ളതാണ്. കേരളത്തിലെ ഭാരത് അരിയുടെ വിതരണവുമായി ചിത്രത്തിന് ബന്ധമില്ല. 

English Summary: The Viral Image has no connection with the distribution of Bharat Rice in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com