ADVERTISEMENT

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ‘ദില്ലി ചലോ’ എന്ന പേരിൽ കർഷക സംഘടനകൾ ആരംഭിച്ച പ്രതിഷേധ റാലിയാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതിനിടെ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ കർഷകർ നിരത്തിലിറക്കി എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ. ഇതൊരു #FarmersProtest അല്ല, 2021 ജനുവരി 26-ന് അവർ നടത്തിയതു പോലെ ഇന്ത്യയിലേക്കുള്ള അധിനിവേശമാണ്. ഇത് അവരുടെ അശുഭകരമായ ഉദ്ദേശ്യം. പാളം തെറ്റിക്കാൻ സൈനിക പ്രതികരണം ഉറപ്പുനൽകുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഉന്മാദവും അശാന്തിയും സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു. ടൂൾകിറ്റിന്റെ ഭാഗമായ ഈ പണം നൽകിയുള്ള പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെ ഇത്തവണ ഗവൺമെന്റ് അവരുടെ കുതന്ത്രം പാളം തെറ്റിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

കർഷക പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന്  റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ, കണ്ണീർ വാതക ഷെല്ലുകൾ ഒഴിവാക്കാനും പൊലീസ് ബാരിക്കേഡ് തകർത്ത് സുഗമമായി മുന്നോട്ട് നീങ്ങാൻ കർഷകർ തങ്ങളുടെ ട്രാക്ടറുകൾ പരിഷ്കരിച്ചതായാണ് പോസ്റ്റുകളിലെ അവകാശവാദങ്ങൾ.

സൈനിക വാഹനങ്ങൾക്ക് സമാനമായ സംവിധനങ്ങളോടെയുള്ള ട്രാക്ടറിന്റെ ചിത്രമാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്നത്.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കർഷകരുടെ പരിഷ്കരിച്ച ട്രാക്ടറുകളെക്കുറിച്ചറിയാൻ ഞങ്ങൾ ഒരു കീവേഡ് പരിശോധന നടത്തി. 

കർഷക പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ പഞ്ചാബ്, ഹരിയാന, ഡൽഹി പൊലീസ് എന്നിവർക്ക് മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. റിപ്പോർട്ടിൽ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ജില്ലകളിൽ നിന്നുള്ള 25,000 കർഷകരും 5000 ട്രാക്ടറുകളും കർഷക പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ച് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിന് മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കുന്നു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ ചില ട്രാക്ടറുകളിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്ണീർ വാതക ഷെല്ലുകളെ നേരിടാൻ കർഷകർ തീ പ്രതിരോധിക്കുന്ന ഹാർഡ്-ഷെൽ ട്രെയിലറുകൾ തയ്യാറാക്കി പരിഷ്‌ക്കരിച്ച ഈ വാഹനങ്ങൾ ഉപയോഗിച്ച് അവർ ഡ്രില്ലുകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ട്രാക്ടറിന്റെ ചിത്രങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന ചിത്രം മറ്റൊരു വാർത്താ റിപ്പോർട്ടിൽ ഉപയോഗിച്ചതായി ഞങ്ങൾ കണ്ടെത്തി. 

ചിത്രം എഐ ആണെന്നും ആധികാരികമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചിത്രം എഐ നിർമ്മിതമാണോ എന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ എഐ പരിശോധന ടൂളിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചപ്പോഴും ചിത്രം എഐ നിർമ്മിതമാണെന്ന് വ്യക്തമായി.

∙ വാസ്തവം

ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ കർഷകർ നിരത്തിലിറക്കി എന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണ്.

English Summary: The image circulating with the claim that farmers have put the modified tractors on the road is AI-generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com