പി.എം.ആര്‍ഷോയ്‌ക്കെതിരെ വനിതാ നേതാവിന്റെ പീഡന പരാതി; പ്രചാരണം വ്യാജം | Fact Check
Mail This Article
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്‌ക്കെതിരെ വനിതാ നേതാവ് പീഡന പരാതി നല്‍കിയെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എസ്എഫ്‌ഐ നേതാവ് ആർഷോയ്ക്കെതിരെ പരാതിയുമായി കുട്ടി സഖാത്തി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഒരു ന്യൂസ് കാർഡിന്റെ രൂപത്തിലാണ് പ്രചാരണം. ഇതിന്റെ വാസ്തവമറിയാൻ ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പലൈൻ നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.
∙ അന്വേഷണം
ഏഷ്യാനെറ്റ് ജൂണ്‍ എട്ടിന് പങ്കുവച്ച വാര്‍ത്തയെന്ന അവകാശവാദത്തോടെയാണ് കാര്‍ഡ് പ്രചരിക്കുന്നത്. സ്ഥിരീകരണത്തിനായി ഏഷ്യാനെറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോൾ ഇത്തരമൊരു വാര്‍ത്ത എവിടെയും കണ്ടെത്താനായില്ല. എന്നാൽ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇവർ നല്‍കിയ വിശദീകരണം ലഭ്യമായി. പോസ്റ്റ് കാണാം.
കൂടുതൽ തിരഞ്ഞപ്പോൾ വ്യാജ പ്രചാരണം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത ലഭിച്ചു.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്‌ക്കെതിരെ പീഡന പരാതി എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതായുള്ള വാട്‌സാപ് പ്രചാരണം വ്യാജമാണ്. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ഷോയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയ്ക്കൊപ്പം നല്‍കിയിട്ടുള്ള ന്യൂസ് കാര്‍ഡില്‍ എഡിറ്റിങ് നടത്തിയാണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന കാര്‍ഡിലുള്ള ഫോണ്ട് ഞങ്ങളുടേതല്ല. ആര്‍ഷോയ്ക്കെതിരെ പീഡന പരാതിയുള്ളതായി ഒരു പ്ലാറ്റ്‌ഫോമിലും വാര്‍ത്തയോ ന്യൂസ് കാര്‍ഡോ ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിയിക്കുന്നു. ഞങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വ്യാജ കാര്‍ഡ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ സ്ഥാപനം നിയമ നടപടി സ്വീകരിക്കുന്നതാ ണെന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുമായി സംസാരിച്ചു പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ആർഷോ വ്യക്തമാക്കിയത്.
∙ വസ്തുത
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്‌ക്കെതിരെ വനിതാ നേതാവ് പീഡന പരാതി നല്‍കിയെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.
English Summary:Campaign that a woman leader filed a molestation complaint against PM Arsho is false