പിണറായി വിജയനേക്കാൾ വിശ്വാസം മോദിയെയാണെന്ന് സുധാകരൻ പറഞ്ഞോ? സത്യമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ തനിക്ക് വിശ്വാസമെന്ന് മുൻ മന്ത്രി ജി.സുധാകരന്‍ പറഞ്ഞെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എനിക്ക് പിണറായി വിജയനെക്കാള്‍ വിശ്വാസം നരേന്ദ്ര മോദിയോടാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം
എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയിട്ടില്ല.
∙ അന്വേഷണം
ജി.സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ വലിയ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ വൈറല്‍ പോസ്റ്റിലെ വിവരണം സംബന്ധിച്ച് ഗൂഗിളില്‍ തിരഞ്ഞെങ്കിലും ഇത്തരമൊരു പ്രതികരണം ജി.സുധാകരന്‍ നടത്തിയതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. ജി.സുധാകരനുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന മാധ്യമ വാര്‍ത്തകളാണ് തുടര്‍ന്ന് ഞങ്ങള്‍ പരിശോധിച്ചത്. 2024 ജൂണ്‍ 11ന് '24 ന്യൂസിന്' സുധാകരന്‍ ഒരു അഭിമുഖം നല്‍കിയതായി കണ്ടെത്തി. 49 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോ 24 ന്യൂസ് യുട്യൂബ് പേജില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഡിയോയില്‍ എവിടെയും അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതായി കണ്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരു വിശകലനമാണ് ജി.സുധാകരന്‍ 24 ന്യൂസുമായി പങ്കുവയ്ക്കുന്നത്. "നരേന്ദ്രമോദിയുടെ പ്രഖ്യാപനം പോലെ എന്‍ഡിഎ 400 സീറ്റ് കടന്നില്ലെന്നു മാത്രമല്ല ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതുമില്ല. അതുപോലെ തന്നെ ഇന്ത്യാ മുന്നണിയ്ക്കും അവരുടെ പ്രതീക്ഷ കൈവരിക്കാനായില്ല." എന്നാണ് അദ്ദേഹം പറഞ്ഞു തുടങ്ങുന്നത്. ഇന്ത്യാ മുന്നണിയ്ക്ക് പുരോഗതി ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന് ആശ്വസിക്കാം, എന്നാല്‍ ഇപ്പോഴും അഞ്ചിലൊന്ന് സീറ്റിന് താഴെ മാത്രമാണ് അവര്‍ക്ക് നേടാനായത്. മോദിയുടെ പ്രഖ്യാപനം 400ലേറെ സീറ്റ് നേടുമെന്നായിരുന്നു, അത് ജനാധിപത്യത്തിലെ അഹങ്കാരമായിരുന്നു എന്ന് പറഞ്ഞ് വിമര്‍ശിച്ചപ്പോഴും മോദിക്ക് നേട്ടമുണ്ടായതിനെക്കുറിച്ചും സുധാകരന്‍ എടുത്തു പറഞ്ഞു. നരേന്ദ്രമോദി ശക്തനായ ഒരു വലതുപക്ഷ ഭരണാധികാരിയാണ്. അദ്ദേഹത്തിന് നല്ലൊരു ടീം ഉണ്ടായിരുന്നു, പുഴുത്തുനാറിയ അഴിമതി ആരോപണങ്ങളുള്ള മന്ത്രിമാര്‍ കുറവാണെന്നത് ഇതില്‍ പ്രധാനമാണ്. എന്നാല്‍ അഴിമതി ഇല്ലെന്നല്ല പറഞ്ഞത്, ആരോപണങ്ങളുണ്ട്, എന്നാല്‍ കോണ്‍ഗ്രസ് കാലത്തെ പോലെ വ്യക്തിപരമായി അഴിമതിയില്ലെന്നു മാത്രം. മോദി സര്‍ക്കാരിനെതിരെ ഓഹരിവിപണയില്‍ അഴിമതിയുണ്ടെന്ന് ആരോപണം വന്നപ്പോള്‍ അതിനെ ഏറ്റു പിടിക്കാന്‍ രാഹുല്‍ഗാന്ധിക്കോ, കോണ്‍ഗ്രസിനോ സാധിച്ചില്ലെന്നത് അവരുടെ പക്വതയില്ലായ്മയാണ്. വിഡിയോയുടെ 16.50 മിനിട്ട് മുതലാണ് മോദിയെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നത്.
ഇതല്ലാതെ നരേന്ദ്ര മോദിയെപ്പറ്റി മറ്റൊന്നും സുധാകരന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. എന്നാല്‍ ബിജെപിയുടെ കേരളത്തിലെ അവസ്ഥയെപ്പറ്റിയും അവരുടെ വേരോട്ടത്തെപ്പറ്റിയുമെല്ലാം വിമര്‍ശിച്ചുകൊണ്ടാണ് സുധാകരന്‍ സംസാരിച്ചത്.
പിന്നീട് പിണറായി വിജയനെപ്പറ്റി സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് ഞങ്ങള്‍ പരിശോധിച്ചത്. വിഡിയോയുടെ അവസാനഭാഗത്താണ് കേരളത്തിലെ പരാജയം സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചോദ്യം ഉന്നയിക്കുന്നത്. പാര്‍ട്ടി പരിശോധന നടത്തേണ്ടതുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഒരു നേതാവിനെയും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിക്കുന്നില്ല. പാര്‍ട്ടിക്ക് അടിസ്ഥാനപരമായി വോട്ട് ചെയ്യുന്ന ഒരു വിഭാഗം, മാറി വോട്ട് ചെയ്തതാണ് പരാജയത്തിന്റെ കാരണം. അങ്ങനെ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് ആലപ്പുഴയുടെ കാര്യം പരാമര്‍ശിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു. "സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമൊന്നുമില്ല. വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് പിണറായി വിജയന്റെ മാത്രം തലയ്ക്ക് എങ്ങനെയാണ് വയ്ക്കുക. എന്ത് കാര്യം, അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒരു സംസ്ഥാനത്തിന്റെ ജനങ്ങളെ മൊത്തമായി അടക്കി നിര്‍ത്താന്‍ സാധിക്കില്ല. വീഴ്ചയുണ്ടെങ്കില്‍ പറയാം, പക്ഷേ നിങ്ങള്‍ പറയുന്നത് പേടിച്ചിട്ട് പറയുന്നില്ലെന്നാണ്. ആരെ പേടിക്കണം, എന്തിന് പേടിക്കണം. " എന്നതായിരുന്നു പിണറായിയെ പറ്റി ജി.സുധാകരന്‍ പരാമര്‍ശിച്ചത്
അഭിമുഖത്തിന്റെ പൂര്‍ണ്ണഭാഗം പരിശോധിച്ചപ്പോള്‍ എവിടെയും നരേന്ദ്രമോദിയെയാണ് പിണറായിയെക്കാള്‍ വിശ്വാസമെന്ന് ജി. സുധാകരന്‍ പറയുന്നില്ലെന്ന് വ്യക്തമായി. 24 ന്യൂസിന് വേണ്ടി ജി.സുധാകരനെ ഇന്റര്‍വ്യൂ ചെയ്ത ആലപ്പുഴ റിപ്പോര്‍ട്ടര്‍ മനീഷ് മഹിപാലിനെയും ഞങ്ങള്‍ ബന്ധപ്പെട്ടു. മോദിയെയും പിണറായിയെയും താരതമ്യം ചെയ്തുകൊണ്ട് സുധാകരന്‍ സംസാരിച്ചിട്ടില്ലെന്ന് മനീഷ് സ്ഥിരീകരിച്ചു. ലഭ്യമായ വിവരങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ നരേന്ദ്രമോദിയെ വിശ്വസിക്കുന്നുവെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.
∙ വസ്തുത
ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം അദ്ദേഹം 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചില വിലയിരുത്തലുകള്‍ നടത്തിയിരുന്നു. എന്നാലിതില്‍ എവിടെയും മോദിയെയും പിണറായിയെയും താരതമ്യം ചെയ്തുകൊണ്ട് സുധാകരന്‍ സംസാരിച്ചിട്ടില്ല.
English Summary :Sudhakaran never spoke comparing Modi and Pinarayi