ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി മാറിയിരുന്നു. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. ഇപ്പോൾ ധ്രുവ് റാഠിയുടെ പരാമർശമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം

∙ അന്വേഷണം

ഈദ് ആഘോഷത്തെ പ്രശംസിച്ച് ധ്രുവ് റാഠിയുടെ സന്ദേശം എന്ന അവകാശവാദത്തോടെയാണ് ഈ കുറിപ്പ് വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

"ധ്രുവ് റാഠി എഴുതുന്നു.

200 ദശലക്ഷം മുസ്ലിംകളാണ് ഇന്നലെ ഈദ് ആഘോഷിച്ചത് പാവപ്പെട്ടവർക്കും ദരിദ്രർക്കും മാംസം വിതരണം ചെയ്തു അവർ ബന്ധുക്കളെ സന്ദർശിച്ചു. ! നല്ല ഭക്ഷണം കഴിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി, അവരെ സന്തോഷിപ്പിച്ചു അവരാരും മദ്യപിച്ച് മറ്റുള്ളവരുടെ ആരാധനാലയത്തിൽ നൃത്തം ചെയ്യാനും പ്രകോപിപ്പിക്കാനും പോയില്ല .എന്തൊരു അത്ഭുതകരമായ കമ്മ്യൂണിറ്റി"  എന്നാണ് പ്രചരിക്കുന്ന കുറിപ്പ്. 

വൈറൽ കുറിപ്പ് വിശദമായി പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന കുറിപ്പിൽ ADHAMINTEMAKAN എന്ന ഇൻസ്റ്റഗ്രാം ഐഡി ശ്രദ്ധയിൽപ്പെട്ടു.

ADHAMINTEMAKAN എന്ന ഇൻസ്റ്റഗ്രാം പേജ്  പരിശോധിച്ചപ്പോൾ സമാന പോസ്റ്റ് ഇതേ ഐഡിയിലും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.വിഷയത്തിൽ കൃത്യമായ സ്ഥിരീകരണമില്ലാത്തതിനാൽ പോസ്റ്റ് പിന്‍വലിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം നൽകിയിരിക്കുന്നത്. ഈ സൂചനയിൽ നിന്ന് പോസ്റ്റ് വ്യാജമായിരാക്കാമെന്ന നിഗമനത്തിലെത്തി. 

പിന്നീട് ഈദിനെക്കുറിച്ച് ധ്രുവ് റാഠി ഇത്തരമൊരു പോസ്റ്റ് പങ്ക് വച്ചിരുന്നോ എന്നാണ് ഞങ്ങൾ പരിശോധിച്ചത്.  ധ്രുവ് റാഠിയുടെ എക്സ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക് അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും ഈദ് ആഘോഷങ്ങളെക്കുറിച്ച് പരാമർശിക്കുന്ന പോസ്റ്റുകളൊന്നും കണ്ടെത്താനായില്ല. 

എന്നാൽ വൈറൽ പോസ്റ്റിലെ കൂടുതൽ കീവേഡുകളുപയോഗിച്ചുള്ള പരിശോധനയിൽ ധ്രുവ് റാഠിയുടെ പേരിലുള്ള മറ്റൊരു എക്‌സ് അക്കൗണ്ടിലെ പോസ്റ്റ്  കണ്ടെത്തി. എന്നാൽ മലയാളത്തിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലുള്ള പോസ്റ്റാണ് ധ്രുവ് റാഠി (പാരഡി) എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്.

Dhruv Rathee (Parody) @dhruvrahtee This is the fan and parody account and not affiliated with the original account of  @dhruv_rathee  Not impersonating anyone. This account is Parody എന്നാണ് അക്കൗണ്ടിൽ നൽകിയിരിക്കുന്നത്.

Dhruv Rathee (Parody) എന്ന പേരിലുള്ള ഈ എക്‌സ് അക്കൗണ്ട് പാരഡി അക്കൗണ്ടാണെന്നും അദ്ദേഹത്തിന്റെ ഒറിജിനൽ അക്കൗണ്ടുമായി ബന്ധമില്ലെന്നും അക്കൗണ്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.  @dhruvrahtee എന്നാണ് പാരഡി അക്കൗണ്ടിന്റെ അഡ്രസ് എന്നാൽ @dhruv_rathee എന്ന അഡ്രസാണ് ധ്രുവ് റാഠിയുടെ യഥാർത്ഥ എക്സ് അക്കൌണ്ടിന്റേത്. ഇതിൽ നിന്ന്  ഈദിനെ കുറിച്ചുള്ള വൈറൽ കുറിപ്പ് ധ്രുവ് റാഠി എഴുതിയതല്ലെന്നും അദ്ദേഹത്തിന്റെ എക്‌സിലെ പാരഡി അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണെന്നും വ്യക്തമായി.

∙ വസ്തുത

ഈദിനെ കുറിച്ചുള്ള വൈറൽ കുറിപ്പ് ധ്രുവ് റാഠി എഴുതിയതല്ലെന്നും അദ്ദേഹത്തിന്റെ എക്‌സിലെ പാരഡി അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ്.

English Summary : viral post about Eid was not written by Dhruv Rathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com