മഹാരാജാസ് കോളജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾക്കെതിരെ സദാചാര വ്യാജന്മാർ | Fact Check
Mail This Article
കാര്യകാരണങ്ങളറിയാതെ സദാചാരം പരത്തുന്ന നന്മമരങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും. ഇത്തരത്തിൽ മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
∙ അന്വേഷണം
കോളേജിന്റെ നടപടി അധാർമ്മികവും സംസ്കാരരഹിതവുമാണെന്നാണ് പോസ്റ്റുകൾ.ജെന്‍ഡര്‍ സൗഹൃദ ശുചിമുറികൾ എന്താണെന്ന് വ്യക്തമായി മനസിലാക്കെതെയാണ് പോസ്റ്റുകളിൽ പലതുമെന്ന് സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റുകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഒരു ശുചിമുറിയുടെ പശ്ചാത്തലത്തിൽ ഒരു യുവാവും യുവതിയും ഒരുമിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.മാറ്റങ്ങളുടെ മഹാരാജാസ് കോളേജിൽ ജെൻഡർ സൗഹൃദ ശുചിമുറികൾ എന്നാണ് ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന വാചകം.
ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ ഇതേ വാർത്ത സംബന്ധിച്ച് 24 ന്യൂസ് നൽകിയ ഒരു വാർത്താ കാർഡാണ് ലഭിച്ചത്. ഈ വാർത്ത കാർഡിൽ വൈറൽ ചിത്രം ചേർത്താണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ എഐ ടൂളുകളിൽ പരിശോധിച്ചപ്പോൾ വൈറൽ ചിത്രം എഐ നിർമ്മിതമാണെന്നും ബോധ്യപ്പെട്ടു.
കീവേഡ് പരിശോധനയിൽ ദേശാഭിമാനി ഓൺലൈനിൽ മടിച്ചുനിൽക്കണ്ട, ആർക്കും കയറാം; മഹാരാജാസ് കോളേജിൽ ജെൻഡർ സൗഹൃദ ശുചിമുറികൾ എന്ന തലക്കെട്ടോടെ ഇതേ വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് കലാലയങ്ങളിൽ പ്രവേശനം നൽകാൻ 2018ൽ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. 12 ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ കോളേജിലെത്തി. ഇതിന് പിന്നാലെ, ഇസ്‌ലാമിക് ഹിസ്റ്ററി ബ്ലോക്കിൽ ആദ്യ ജെൻഡർസൗഹൃദ ശുചിമുറികൾ നിർമിച്ചാണ് ഈ ആശയത്തിന് തുടക്കമിട്ടതെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ഷാജില ബീവി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്‌തപ്പോൾ അതിലും രണ്ട് ജെൻഡർ സൗഹൃദ ശുചിമുറികളുണ്ടായി. പുതിയ ഓഡിറ്റോറിയത്തിൽ രണ്ടെണ്ണവും ലൈബ്രറി സമുച്ചയത്തിൽ ഒരെണ്ണവും കൂടി തുടർന്ന് നിർമിച്ചെന്നും പ്രിൻസിപ്പൽ പറയുന്നു.
വ്യക്തതയ്ക്കായി ഞങ്ങൾ കോളേജിലെ ഔദ്യോഗിക വൃത്തങ്ങളുമായി സംസാരിച്ചു. ട്രെയിനുകളടക്കമുള്ള പൊതു ഇടങ്ങളിലുള്ളതു പോലെ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെയുള്ള ശുചിമുറികൾ തന്നെയാണ് കോളേജിലുമുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കോളജില്‍ അഡ്മിഷന്‍ എടുത്തതിന് പിന്നാലെ ആറ് വർഷങ്ങൾക്ക് മുന്‍പ് ഇസ്‌ലാമിക് ഹിസ്റ്ററി ബ്ലോക്കിൽ ആദ്യ ജെൻഡർ സൗഹൃദ ശുചിമുറികൾ സ്ഥാപിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ കൂടി സൗകര്യാർത്ഥമാണ് ഇത്തരം ശുചിമുറികൾ സജ്ജീകരിച്ചിട്ടുള്ളത്. സദാചാരവിരുദ്ധമായതെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആര്‍ക്കും ഉപയോഗിക്കാമെന്ന് മാത്രമാണ് ജെൻഡർ സൗഹൃദ ശുചിമുറികൾ കൊണ്ട് അർത്ഥമാക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറ ഉപയോഗിക്കാവുന്ന ശുചിമുറികളും ക്യാമ്പസിലുണ്ട്. അവർ വ്യക്തമാക്കി.
ഇന്ന് നമ്മുടെ വീടുകളിലേതു പോലെ പൊതു ഇടങ്ങളിലെല്ലാം തന്നെ എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ശുചിമുറികളാണ് ജെൻഡർ സൗഹൃദ ശുചിമുറികൾ എന്നതാണ് വാസ്തവം. ഇത് മനസിലാക്കാതെ തെറ്റായ പ്രചാരണങ്ങളാണ് ചിലർ സമൂഹമാധ്യമങ്ങളിൽ നടത്തുന്നതെന്ന് വ്യക്തമാണ്. ജെൻഡർ സൗഹൃദ ശുചിമുറിയുടെ പേരിൽ മഹാരാജാസ് കോളജിനെ അപകീർത്തിപ്പെടുത്തുന്നന്നെന്ന് ചൂണ്ടിക്കാട്ടി കോളജ് അധികൃതർ രംഗത്തെത്തിയത് സംബന്ധിച്ച് മനോരമ ന്യൂസ് നൽകിയ വാർത്ത കാണാം
∙ വസ്തുത
ജെന്‍ഡര്‍ സൗഹൃദ ശുചിമുറികൾ കോളജില്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
English Summary :Posts about gender friendly toilets in Maharajas are misleading