'തകരുന്ന പാലവും റോഡുകളും'! ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിക്കെതിരെ പോസ്റ്റുകൾ; വാസ്തവമറിയാം | Fact Check
Mail This Article
പതിനയ്യായിരത്തോളം തൊഴിലാളികൾ, ആയിരത്തിയഞ്ഞൂറോളം എൻജിനീയർമാർ തുടങ്ങി ഇരുപതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യുഎൽസിസിഎസ് അഥവാ ഊരാളുങ്കൽ സർവീസ് സൊസൈറ്റി. കേരളത്തിലെ പല പ്രധാനപ്പട്ട പാലങ്ങളും റോഡുകളും നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി ഊരാളുങ്കൽ മാറിയത്. കൂലിപ്പണിക്കാരുടെ സംഘമായി തുടങ്ങിയ യുഎൽസിസിഎസ്, ഐടി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിൽ വരെ എത്തിനിൽക്കുന്നു. സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ വിഭാവനം ചെയ്താണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. ഇപ്പോൾ ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കെതിരെ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
തകരുന്ന പാലവും റോഡുകളും ഊരാളുങ്കലിന്റെ സാന്നിധ്യവും എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രവും പ്രചരിക്കുന്ന കാർഡിലുണ്ട്. പോസ്റ്റ് കാണാം
∙ അന്വേഷണം
അമ്പലപ്പുഴ -പത്തിൽതോട് 10 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന പാലം തകർന്നത് 4 മാസത്തിനുള്ളിൽ.
കാട്ടാക്കട – മാറാനല്ലൂർ 7 കോടിയുടെ പാലത്തിൻ്റെ അപ്രോച്ച് റോഡ്.
ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 35 കോടി ബജറ്റിൽ നിർമിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നു
കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ (ഊരാളുങ്കൽ സൊസൈറ്റി] സ്ലാബുകൾ തകർന്നു വീണു.
20 കോടിയുടെ (ഊരാളുങ്കൽ സൊസൈറ്റി) വാളാട്- പേരിയ റോഡ് ഉദ്ഘാടനത്തിനു മുൻപേ തകർന്നു.
ഇരിട്ടി – അയ്യങ്കുന്ന് പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു. 128 കോടിക്ക് റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നു.
ഊരാളുങ്കൽ നിർമിക്കുന്ന 25 കോടിയുടെ കൂളിമാട് പാലത്തിലെ ടാറുകൾ ഇളകുന്നു.
കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് മൂഴിക്കൽ പാലം തകർന്നു.
നിർമിച്ച് 4 മാസത്തിനകം ഏലപ്പാറ-വാഗമൺ റോഡ് തകർന്നു. 3 കോടി ചെലവഴിച്ച് നിർമിച്ച റോഡിന്റെ വിജിലൻസ് അന്വേഷണം.
കൊല്ലം ഇരവിപുരം പാലത്തിൻ്റെ കൈവരികൾ തകർന്നു.
ശബരിമലയിലേക്കുള്ള പമ്പ-എരുമേലി പാതയിലെ കണമല പാലത്തിൽ കുഴികൾ.
പൊങ്ങുമൂട് പുന്നാവൂർ പാലം 4 കോടി 10 ലക്ഷം ചെലവഴി ച്ച്ഉദ്ഘാടനം ചെയ്ത് 58 ആം ദിവസം അപ്രോച്ച് റോഡ് തകർന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത മേൽപ്പറഞ്ഞ 12 നിർമ്മാണങ്ങൾ തകർന്നുവെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്
പ്രസക്തമായ കീവേഡുകളുപയോഗിച്ച് ഞങ്ങൾ നടത്തിയ പരിശോധനയിൽ വൈറൽ പോസ്റ്റുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി അവരുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.2023 ഓഗസ്റ്റ് 25നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് മുൻ വർഷങ്ങളിലും ഇതേ പോസ്റ്റ് പ്രചരിച്ചിരുന്നതായി വ്യക്തമായി.
ഊരാളുങ്കലിന്റെ ഒരു നിർമ്മാണവും തകർന്നിട്ടില്ല. വ്യാജ പ്രചാരണം കേരളസമൂഹം തള്ളിക്കളയണം.
വ്യാജപ്രചാരണത്തിനെതിരെ സൊസൈറ്റി കേസ് നല്കി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമ്മാണങ്ങൾ തകർന്നു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി പൊലീസിൽ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉൾപ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണു പരാതി നല്കിയത്.
സൊസൈറ്റി നടത്തിയ ഒരു നിർമ്മാണവും തകർന്നിട്ടില്ല. വ്യാജപ്രചാരണം കേരളസമൂഹം തള്ളിക്കളയണം. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണു സൊസൈറ്റി. സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം അല്ല.
റോഡും പാലങ്ങളും അടക്കം 12 നിർമ്മാണങ്ങൾ തകർന്നു എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളിൽ ഉള്ളത്. ഇവയിൽ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിർമ്മാനങ്ങൾക്കാകട്ടെ നിർമ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല.
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിർമ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തിൽ പറയുന്ന മൂന്നു കാര്യങ്ങളിൽ രണ്ടെണ്ണം പ്രകൃതിക്ഷോഭത്താൽ ഉണ്ടായ കേടുപാടും ഒന്ന് നിർമ്മാണത്തിനിടെ ഉണ്ടായ സാങ്കേതികപ്രശ്നവും മാത്രമാണ്.
പ്രകൃതിക്ഷോഭത്തിൽ വാളാട് പുഴയോരത്തു മണ്ണിടിച്ചിൽ ഉണ്ടായാണ് മാനന്തവാടി – പെരിയ റോഡിന്റെ ഏതാനും മീറ്റർ ഭാഗം അരിക് ഇടിഞ്ഞത്. വലിയ മഴയെത്തുടർന്ന് ഏലപ്പാറ–വാഗമൺ റോഡിൽ ഏതാനും സെന്റീമീറ്റർ മാത്രം വ്യാസത്തിൽ ഉറവപ്പാട് ഉണ്ടായതാണ് ‘റോഡു തകർന്നു’ എന്നു പ്രചരിപ്പിക്കുന്ന മറ്റൊന്ന്. കൂളിമാട് പാലത്തിന് ഒരു തകരാറും ഉണ്ടായിട്ടില്ല. അതിന്റെ നിർമ്മാണത്തിനിടെ ഒരു ജാക്കി സ്റ്റക് ആയി ഒരു ബീം ആറ്റിലേക്കു വീണിരുന്നു. പകരം പുതിയ ബീം സ്ഥാപിച്ചു നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പാലം നല്ല നിലയിൽത്തന്നെയാണ്. വസ്തുതകൾ ഇതായിരിക്കെ ദുരുദ്ദേശ്യത്തോടെ മനഃപൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചിലർ. അതു തള്ളിക്കളയണമെന്ന് മുഴുവൻ കേരളീയരോടും അഭ്യർത്ഥിക്കുന്നു എന്നാണ് സൊസൈറ്റിയുടെ വിശദീകരണം.
സ്ഥിരീകരണത്തിനായി ഞങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിലെ ഔദ്യോഗിക വൃത്തങ്ങളുമായി സംസാരിച്ചു. മുൻപും ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. പ്രചാരണം വ്യാജമാണെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൈബർ സെല്ലിലും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയതായും അധികൃതർ അറിയിച്ചു.
∙ വസ്തുത
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary :Propaganda against Uralungal Labor Contract Cooperative Society is misleading