ADVERTISEMENT

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനു ശേഷം ബജറ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലാണ് പലരുടെയും അഭിപ്രായ പ്രകടനങ്ങൾ. ഇപ്പോൾ ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല എന്ന് ബജറ്റിൽ പ്രഖ്യാപിച്ചെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം

∙ അന്വേഷണം

കണ്ടുപഠിക്കടാ....മനുഷ്യരുടെ നിത്യോപയോഗ സാധനങ്ങളായ ശവപ്പെട്ടിക്കും മോർച്ചറിക്കും ജി.എസ്.ടി ഒഴിവാക്കാൻ കാണിച്ച ആ മഹാമനസ്കതക്ക് മുന്നിൽ.... സ്രാഷ്ടാങ്കം നമിക്കുന്നു... മേഡം......! നാം കഴിക്കുന്ന (അന്നം)അരിക്ക് പോലും ജി.എസ്.ടി ചുമത്തിയതിൽ പിന്നേയാണ്... അരിയുടെവില കുതിച്ചു യർന്നത്.നേരത്തെ നരസിംഹറാവു ജി...വളത്തിന്റെ സബ്സിഡി ഒഴിവാക്കി തന്നും ജനങ്ങളെ എത്രമേൽ സേവിച്ചിരുന്നു......! എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

ഇത്തവണത്തെ കേന്ദ്ര ബജറ്റിലാണ് ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജിഎസ് ടി ഇല്ല എന്ന പ്രഖ്യാപനം വന്നതെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ. മനോരമ ഓൺലൈന്റെ ഒരു വാർത്താ കാർഡാണ് പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്നത്. വാർത്താ കാർഡിൽ നിർമ്മലാ സീതാരാമന്റെ ചിത്രത്തിനു താഴയായി 'ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല' എന്ന എഴുതിയിട്ടുണ്ട്. വൈറൽ കാർഡ് വ്യക്തമായി പരിശോധിച്ചപ്പോൾ കാർഡിന്റെ മുകളിൽ ഇടതുവശത്തായി നൽകിയിരിക്കുന്ന ഡേറ്റ്ലൈനിൽ  09.08.2022 എന്നാണ് നൽകിയിട്ടുള്ളത്. ഇതിൽ നിന്ന് പ്രചരിക്കുന്ന കാർഡ് പഴയതാണെന്ന് വ്യക്തമായി.  

പുതിയ ബജറ്റിൽ ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല എന്ന  പരാമർശം ധനമന്ത്രി നടത്തിയിട്ടുണ്ടോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ ഒരു കീവേഡ് പരിശോധന നടത്തി. എന്നാൽ 2022 ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല എന്ന തലക്കെട്ടോടെ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത കാണാം.

കൂടുതൽ തിരഞ്ഞപ്പോൾ 2022 ഓഗസ്റ്റ് 22ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല എന്ന് ലോക്സ്ഭയിൽ നിർമ്മല സീതാരാമൻ തന്നെ വ്യക്തമാക്കുന്ന വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

ലോക്സഭയിൽ വിലക്കയറ്റം സംബന്ധിച്ച ചർച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്.

ഇതിൽ നിന്ന് , ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ലെന്ന്  രണ്ട് വർഷം മുമ്പ് ലോക്‌സഭയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞതാണ് പുതിയ കേന്ദ്ര ബജറ്റിലെ തീരുമാനമെന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഈ തീരുമാനത്തെ പരിഹസിച്ച് അന്ന് നിരവധി ട്രോളുകളും  പ്രചരിച്ചിരുന്നു.

∙ വസ്തുത

പുതിയ കേന്ദ്ര ബജറ്റിൽ ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ലെന്ന പ്രഖ്യാപനമുണ്ടെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ട് വർഷം മുൻപ് നിർമ്മലാ സീതാരാമൻലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രചാരണത്തിന് പുതിയ കേന്ദ്ര ബജറ്റുമായി ബന്ധമില്ല.

English Summary :No GST for Funeral and Mortuary Services-Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com